02:29am 10 November 2026
NEWS
ഡിഎംകെയിൽ മാത്രമല്ല, അൻവറിന് തൃണമൂലിലും പാളി
22/04/2025  10:08 AM IST
nila
ഡിഎംകെയിൽ മാത്രമല്ല, അൻവറിന് തൃണമൂലിലും പാളി

ഇടത് ബന്ധം ഉപേക്ഷിച്ച പി വി അൻവറിന് തുടർച്ചയായി രാഷ്ട്രീയ അടവുകൾ പിഴയ്ക്കുന്നു. ആദ്യം ഡിഎംകെ എന്ന പേരിൽ രാഷ്ട്രീയ പാർട്ടിയാകാൻ അൻവർ നടത്തിയ ശ്രമം പാളിയതോടെയാണ് തൃണമൂൽ കോൺ​ഗ്രസിൽ ചേർന്നത്. എന്നാൽ, യുഡിഎഫിൽ ചേരണമെങ്കിൽ തൃണമൂൽ കോൺ​ഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ച് സ്വന്തമായി സംസ്ഥാന പാർട്ടി രൂപീകരിക്കണമെന്ന നിർദ്ദേശമാണ് കോൺ​ഗ്രസ് നേതൃത്വം അൻവറിന് മുന്നിൽ വെക്കാനൊരുങ്ങുന്നത്. അങ്ങനെയെങ്കിൽ ഇടത് ചേരി വിട്ട് മാസങ്ങൾക്കുള്ളിൽ രണ്ട് പാർട്ടികളിൽ ചേർന്ന് രണ്ടു പാർട്ടികളുമായുള്ള ബന്ധം ഉപേക്ഷിച്ചയാൾ എന്ന നിലയിൽ അൻവറിന്റെ രാഷ്ട്രീയ വ്യക്തിത്വം തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാം. 

തൃണമൂൽ കോൺ​ഗ്രസിനെ മുന്നണിയിലെടുക്കാനാകില്ല എന്ന നിലപാടിലാണ് കോൺ​ഗ്രസ് നേതൃത്വം. പാർട്ടിയുടെ ദേശീയ നേതൃത്വവും ഇതേ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. തൃണമൂൽ നേതാവും ബം​ഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി കോൺ​ഗ്രസിനോടും ഇന്ത്യാ സഖ്യത്തോടും സ്വീകരിക്കുന്ന നിഷേധാത്മക നിലപാടുകളാണ് തൃണമൂലിന് മുന്നിൽ യുഡിഎഫിന്റെ വാതിൽ തുറക്കാത്തതിന് കാരണം. അതിനാൽ, പുതിയ സംസ്ഥാന പാർട്ടി രൂപീകരിച്ച് യുഡിഎഫുമായി സഹകരിക്കാൻ തയ്യാറാകണമെന്ന നിർദ്ദേശം നാളെ നടക്കുന്ന കൂടിക്കാഴ്ച്ചയിൽ കോൺ​ഗ്രസ് നേതാക്കൾ പി വി അൻവറിന് മുന്നിൽ വെക്കും. 

കോൺഗ്രസിൽ ചേരുക അൻവറിനെ സംബന്ധിച്ച് അത്ര എളുപ്പമായിരിക്കില്ലെന്നാണ് വിവരം. തൃണമൂൽ കോൺഗ്രസുമായുള്ള പ്രശ്നം മാറ്റിനിർത്തിയാൽ അൻവറിനെ കയ്യൊഴിയരുതെന്നാണ് കോൺഗ്രസിന്റെയും യുഡ‍ിഎഫിന്റെയും നിലപാട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ അൻവറിന് മലബാറിൽ മറ്റൊരു സീറ്റ് നൽകുമെന്ന് പറയുന്നുണ്ടെങ്കിലും അങ്ങനെ ഒരു സീറ്റ് അൻവർ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ അൻവറിനെ ഒപ്പം കൂട്ടുന്നത് നിലമ്പൂർ, കൊടുവള്ളി, പെരിന്തൽമണ്ണ, മങ്കട, തിരുവമ്പാടി അടക്കമുള്ള മണ്ഡലങ്ങളിൽ ഗുണം ചെയ്യുമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തൽ. പെരിന്തൽമണ്ണയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചത് 38 വോട്ടിന് മാത്രമാണ് എന്ന കാര്യവും നേതാക്കൾ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.

അൻവറിന്റെ പാർട്ടിയെ മുന്നണിയിൽ ഘടകക്ഷിയാക്കാതെ പുറത്തുനിർത്തി സഹകരിപ്പിക്കുന്ന കാര്യവും കോൺഗ്രസിന്റെ ആലോചനയിലുണ്ട്. അങ്ങനെയെങ്കിൽ യുഡ‍ിഎഫ് യോഗത്തിൽ അടക്കം അൻവറിന് പങ്കെടുക്കാൻ പറ്റിയേക്കില്ല. ഇക്കാര്യത്തിൽ അൻവർ സ്വീകരിക്കുന്ന നിലപാടാകും നിർ‌ണായകമാവുക. സിപിഎമ്മുമായുള്ള സഹകരണം അവസാനിപ്പിച്ച് ഡിഎംകെയായ അൻവർ പിന്നീടാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. ഇനിയും പുതിയ പാർട്ടി രൂപീകരിക്കുന്നത് പി വി അൻവറിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്ന ആശങ്ക അൻവറിനും ഒപ്പമുള്ളവർക്കുമുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img