
മലപ്പുറം: പി.വി.അൻവർ നിയമസഭാംഗത്വം രാജിവെച്ചേക്കുമെന്ന് റിപ്പോർട്ട്. നാളെ രാവിലെ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടാകും എന്നാണ് സൂചന. തൃണമൂൽ കോൺഗ്രസിൽ ചേർന്നതോടെ അയോഗ്യത നേരിടുന്നത് ഒഴിവാക്കാനാണ് അൻവർ നിയമസഭാംഗത്വം രാജിവെക്കുന്നത്.
സമൂഹമാധ്യമത്തിലൂടെയാണ് നാളത്തെ വാർത്താസമ്മേളനത്തിന്റെ കാര്യം അറിയിച്ചത്. ‘‘വളരെ പ്രധാനപ്പെട്ട ഒരു വിഷയം നിങ്ങളെ അറിയിക്കാൻ 13ന് രാവിലെ 9.30ന് തിരുവനന്തപുരത്തു വാർത്താസമ്മേളനം സംഘടിപ്പിക്കുന്നു. എല്ലാ മാധ്യമ പ്രവർത്തകരെയും സ്വാഗതം ചെയ്യുന്നു’’ എന്നാണു ചിരിച്ചുനിൽക്കുന്ന ചിത്രത്തോടൊപ്പം സമൂഹമാധ്യമത്തിൽ അൻവർ കുറിച്ചത്.
കഴിഞ്ഞ ദിവസമാണു മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായി അന്‍വര്‍ കൈകോര്‍ത്തത്. പാര്‍ട്ടി അംഗത്വം സ്വീകരിച്ചിട്ടില്ലെന്നാണു വിവരം. സംസ്ഥാന കോ–ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുമെന്നാണ് അൻവർ അറിയിച്ചത്. കേരളത്തിൽ 10 വർഷം മുൻപു നടത്തിയ പാർട്ടി രൂപീകരണം പരാജയമായതിനാൽ അൻവറിനെ കോഓർഡിനേറ്ററായി നിയോഗിച്ചു ജാഗ്രതയോടെയുള്ള നീക്കമാണു തൃണമൂലിന്റേത്.











