11:12pm 02 November 2026
NEWS
പി വി അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിൽ ഘടകകക്ഷികൾക്ക് അതൃപ്തി

06/01/2025  03:57 PM IST
nila
പി വി അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിൽ ഘടകകക്ഷികൾക്ക് അതൃപ്തി

തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പി വി പി വി അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിൽ ഘടകകക്ഷികൾക്ക് അതൃപ്തി.  പി.വി.അൻവറിനെ മുന്നണിയിലെടുക്കുന്നതിലുള്ള അതൃപ്തി വ്യക്തമാക്കി ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ രം​ഗത്തെത്തി. പിണറായി വിരു​ദ്ധത മാത്രമല്ല മുന്നണി പ്രവേശനത്തിന്റെ മാനദണ്ഡം എന്നായിരുന്നു ഷിബു ബേബി ജോണിന്റെ പ്രതികരണം. പി വി അൻവറിന് ഓരോ ദിവസവും ഓരോ നിലപാടാണെന്ന് ചൂണ്ടിക്കാട്ടിയ ആർ എസ് പി സെക്രട്ടറി, മുന്നണി പ്രവേശനത്തിൽ നിലപാടെടുക്കാൻ സമയമായിട്ടില്ലെന്നും കൂട്ടിച്ചേർത്തു. 

പി വി അൻവർ ഇതുവരെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നാ ഷിബു ബേബി ജോൺ പറഞ്ഞു. ഓരോ ദിവസവും കിട്ടുന്നവരെ അധിക്ഷേപിച്ചു പോകുന്ന രാഷ്ട്രീയമാണ് അൻവറിന്റേത്. പിണറായി വിജയന് എതിരെ സംസാരിക്കുമ്പോഴും എന്താണ് അൻവർ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയമെന്ന് ഞങ്ങൾക്കു ബോധ്യപ്പെട്ടിട്ടില്ല. ഉപ്പിലിട്ടതല്ലേ ഉള്ളൂ, ഉപ്പു പിടിക്കട്ടെ എന്നിട്ടു തീരുമാനിക്കാം. അൻവറിന് യുഡിഎഫ് അനുകൂല കാഴ്ചപ്പാടുണ്ടായിരുന്നെങ്കിൽ ചേലക്കരയിൽ സ്ഥാനാർഥിയെ നിർത്താൻ പാടില്ലായിരുന്നു. ചേലക്കരയിൽ അടക്കം അൻവറിന്റെ അരാഷ്ട്രീയമാണ് തെളിഞ്ഞതെന്നും ഷിബു ബേബി ജോൺ ആരോപിച്ചു.

ഫോറസ്റ്റ് ഓഫീസ് ആക്രമിച്ച കേസിൽ അൻവറിനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ കോൺ​ഗ്രസ് നേതാക്കൾ അൻവറിന് പിന്തുണ അറിയിച്ച് രം​ഗത്തെത്തിയിരുന്നു. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഉൾപ്പെടെയുള്ള കോൺ​ഗ്രസ് നേതാക്കൾ അൻവറിന്റെ അറസ്റ്റിനെ അപലപിച്ച് രം​ഗത്തെത്തിയതോടെയാണ് അൻവറിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച ചർച്ചകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമായത്. അതേസമയം, ഞായറാഴ്ച ചേരുന്ന കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗം അൻവറിന്റെ യുഡിഎഫ് പ്രവേശം ചർച്ച ചെയ്യില്ലെന്നും മുൻകൂട്ടി നിശ്ചയിച്ച വിഷയങ്ങളാവും പരിഗണിക്കുക എന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img