
തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പി വി പി വി അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിൽ ഘടകകക്ഷികൾക്ക് അതൃപ്തി. പി.വി.അൻവറിനെ മുന്നണിയിലെടുക്കുന്നതിലുള്ള അതൃപ്തി വ്യക്തമാക്കി ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ രംഗത്തെത്തി. പിണറായി വിരുദ്ധത മാത്രമല്ല മുന്നണി പ്രവേശനത്തിന്റെ മാനദണ്ഡം എന്നായിരുന്നു ഷിബു ബേബി ജോണിന്റെ പ്രതികരണം. പി വി അൻവറിന് ഓരോ ദിവസവും ഓരോ നിലപാടാണെന്ന് ചൂണ്ടിക്കാട്ടിയ ആർ എസ് പി സെക്രട്ടറി, മുന്നണി പ്രവേശനത്തിൽ നിലപാടെടുക്കാൻ സമയമായിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
പി വി അൻവർ ഇതുവരെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നാ ഷിബു ബേബി ജോൺ പറഞ്ഞു. ഓരോ ദിവസവും കിട്ടുന്നവരെ അധിക്ഷേപിച്ചു പോകുന്ന രാഷ്ട്രീയമാണ് അൻവറിന്റേത്. പിണറായി വിജയന് എതിരെ സംസാരിക്കുമ്പോഴും എന്താണ് അൻവർ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയമെന്ന് ഞങ്ങൾക്കു ബോധ്യപ്പെട്ടിട്ടില്ല. ഉപ്പിലിട്ടതല്ലേ ഉള്ളൂ, ഉപ്പു പിടിക്കട്ടെ എന്നിട്ടു തീരുമാനിക്കാം. അൻവറിന് യുഡിഎഫ് അനുകൂല കാഴ്ചപ്പാടുണ്ടായിരുന്നെങ്കിൽ ചേലക്കരയിൽ സ്ഥാനാർഥിയെ നിർത്താൻ പാടില്ലായിരുന്നു. ചേലക്കരയിൽ അടക്കം അൻവറിന്റെ അരാഷ്ട്രീയമാണ് തെളിഞ്ഞതെന്നും ഷിബു ബേബി ജോൺ ആരോപിച്ചു.
ഫോറസ്റ്റ് ഓഫീസ് ആക്രമിച്ച കേസിൽ അൻവറിനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ കോൺഗ്രസ് നേതാക്കൾ അൻവറിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ അൻവറിന്റെ അറസ്റ്റിനെ അപലപിച്ച് രംഗത്തെത്തിയതോടെയാണ് അൻവറിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച ചർച്ചകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമായത്. അതേസമയം, ഞായറാഴ്ച ചേരുന്ന കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗം അൻവറിന്റെ യുഡിഎഫ് പ്രവേശം ചർച്ച ചെയ്യില്ലെന്നും മുൻകൂട്ടി നിശ്ചയിച്ച വിഷയങ്ങളാവും പരിഗണിക്കുക എന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.











