
കണ്ണൂർ: ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കും കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്നതിൽ തടസമില്ലെന്ന് ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി പി വി അൻവർ. കോൺഗ്രസ് ഹൈക്കമാൻഡ് അത്തരമൊരു തീരുമാനം എടുത്താൽ അത് സാധ്യമാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യുഡിഎഫിലെ മുഖ്യമന്ത്രി സ്ഥാനചർച്ചകളെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് അൻവർ ഇക്കാര്യം പറഞ്ഞത്.
മുഖ്യമന്ത്രി പിണറായി വിജയൻ ഈ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിടുമെന്ന് അൻവർ പറഞ്ഞു. വിജയിച്ചാലും അത് തോൽവിക്കുസമാനമായിരിക്കുമെന്നും, ഭൂരിപക്ഷം പതിനായിരം വോട്ടിന് താഴെയായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ തോറ്റാലും അതിൽ അതിശയിക്കാനില്ലെന്നും അൻവർ കൂട്ടിച്ചേർത്തു.
ഈ തിരഞ്ഞെടുപ്പിൽ പിണറായിസവും മരുമോനിസവും പ്രധാന ചർച്ചയായിരുന്നുവെന്നും, അതിനെതിരായ ജനവികാരം ശക്തമായിരുന്നുവെന്നും അൻവർ ആരോപിച്ചു.
പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെയും അൻവർ രൂക്ഷ വിമർശനം ഉന്നയിച്ചു. കോഴിക്കോട് പ്രസ് ക്ലബിൽ എത്തി പരസ്യമായി ബെറ്റ് വെക്കാമെന്ന് റിയാസിനെ ക്ഷണിച്ചിരുന്നുവെന്നും, തോറ്റാൽ മൊട്ടയടിക്കുമെന്ന കരാറിൽ ഒപ്പിടാമെന്നുമായിരുന്നു തന്റെ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു. താൻ തോറ്റാൽ താൻ മൊട്ടയടിക്കാമെന്നും, റിയാസ് തോറ്റാൽ അദ്ദേഹം അതിന് തയ്യാറാകണമെന്നും അൻവർ പരിഹസിച്ചു.
കോഴിക്കോട് ജില്ലയിലെ തിരഞ്ഞെടുപ്പ് ചുമതല റിയാസിനായിരുന്നുവെങ്കിലും, ജില്ലയിലെ യുഡിഎഫ് സ്ഥാനാർഥികൾക്ക് വേണ്ട പിന്തുണ നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നുമാണ് അൻവറിന്റെ ആരോപണം. ബേപ്പൂരിന്റെ അതിർത്തി പോലും റിയാസിന് കടക്കാനായില്ലെന്നും അദ്ദേഹം വിമർശിച്ചു.










