
നിലമ്പൂർ: പി.വി. അൻവർ എംഎൽഎയെ പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂർ ഫോറസ്റ്റ് ഓഫിസ് തകർത്ത സംഭവത്തിലാണ് പൊലീസ് നടപടി. കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. അറസ്റ്റിനു മുന്നോടിയായി പി.വി.അൻവറിന്റെ ഒതായിയിലെ വീട്ടിൽ വൻ പൊലീസ് സന്നാഹം തമ്പടിച്ചിരുന്നു.
കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധിക്കുന്നതിനിടെയായിരുന്നു പി.വി. അൻവറിന്റെ സംഘടനയായ ഡിഎംകെയുടെ നേതാക്കൾ ഓഫിസിലേക്ക് അതിക്രമിച്ച് കയറിയത്. പിന്നാലെ പ്രതിഷേധക്കാർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ചുവെന്ന് അൻവറിനെതിരായ എഫ്ഐആറിൽ പരാമർശിച്ചിട്ടുണ്ട്.
ഭരണകൂട ഭീകരതയ്ക്കെതിരെ പ്രതിഷേധിക്കണമെന്നു അറസ്റ്റിനു മുന്നേ അൻവർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. മണിയെ ആന ചവിട്ടി കൊന്നതിൽ സ്വാഭാവികമായ പ്രതിഷേധമാണ് നടന്നത്. നിയമത്തിനു വഴങ്ങി ജീവിക്കും, താനൊരു നിയമസഭാ സാമാജികനാണ്. പൊലീസ് നടപടികളിൽ അസ്വാഭാവികതയുണ്ട്. പിണറായിയും ശശിയും തന്നെ കുടുക്കാൻ കാത്തിരിക്കുകയായിരുന്നു. ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അൻവർ ആരോപിച്ചു.











