
തിരുവനന്തപുരം: യുഡിഎഫിൽ ചേക്കാറാൻ എന്തു വിട്ടുവിഴ്ച്ചയ്ക്കും തയ്യാറായി മുൻ എംഎൽഎ പി വി അൻവർ. തൃണമൂൽ കോൺഗ്രസിനെ മുന്നണിയിലെടുക്കാൻ സാധിക്കില്ലെന്ന് കോൺഗ്രസ് നേതൃത്വം നിലപാടെടുത്തതോടെയാണ് പി വി അൻവർ മറ്റു വഴികൾ തേടുന്നത്. താൻ കൺവീനറായ തൃണമൂൽ കോൺഗ്രസ് പാർട്ടിയെ നിലവിൽ യുഡിഎഫ് ഘടകകക്ഷിയായ ഏതെങ്കിലും പാർട്ടിയിൽ ലയിപ്പിക്കാനാണ് അൻവറിന്റെ നീക്കം.
സി എം പി അടക്കമുള്ള കക്ഷികളുമായി അൻവർ ചർച്ച നടത്തുന്നതായാണ് സൂചന. കോൺഗ്രസ് നേതാക്കളുടെ അറിവോടെയാണ് നീക്കം. ഇന്ന് കോഴിക്കോട്ട് ചേരുന്ന യുഡിഎഫ് യോഗം ഇക്കാര്യം ചർച്ച ചെയ്യും. ഘടകകക്ഷിയിൽ ലയിച്ചു മുന്നണിയിൽ എത്തുന്നതിൽ എതിർപ്പില്ലെന്ന് കോൺഗ്രസ് നേതൃത്വം അൻവറിനെ അറിയിച്ചിരുന്നു.
അതേസമയം, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അൻവറിനെ കൊൽക്കത്തയിലേക്ക് വിളിച്ചിട്ടുണ്ട്. കൂടിക്കാഴ്ച്ചയിൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ അൻവർ മമത ബാനർജിയെ അറിയിക്കും.











