
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഗുരുതര ആരോപണങ്ങളുയർത്തി തൃണമൂൽ കോൺഗ്രസ് നേതാവ് പി വി അൻവർ. അൻവറിനെ കൊല്ലണം എന്നതാണ് വിഡി സതീശന്റെ ലക്ഷ്യമെന്ന് പി വി അൻവർ ആരോപിച്ചു. ഒന്നുകിൽ തന്നെ ടി പി ചന്ദ്രശേഖരൻ ആക്കുക അല്ലെങ്കിൽ അബ്ദുൾ നാസർ മഅദ്നിയാക്കുക എന്നതാണ് സതീശന്റെ ലക്ഷ്യമെന്ന് അൻവർ ആരോപിക്കുന്നു. തന്നെ ഒറ്റയടിക്ക് വെട്ടിക്കൊല്ലണോ അതോ ജയിലലടച്ച് ഇഞ്ചിഞ്ചായിട്ട് കൊല്ലണോ എന്നാണ് വി ഡി സതീശൻ ചിന്തിക്കുന്നതെന്നും അൻവർ കുറ്റപ്പെടുത്തി. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അൻവർ പ്രതിപക്ഷ നേതാവിനെതിരെ ഗുരുതര ആരോപണം ഉയർത്തിയത്.
എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായുള്ള തന്റെ കൂടിക്കാഴ്ച്ച മുടക്കിയത് വി ഡി സതീശനാണെന്നും പി വി അൻവർ പറഞ്ഞു. കെ സി വേണുഗോപാലിലായിരുന്നു തന്റെ അവസാന പ്രതീക്ഷ. കെ സി വേണുഗോപാലുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് മുസ്ലീംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും, മുതിർന്ന കോൺഗ്രസ് നേതാക്കളും ഇടപെട്ടിരുന്നു. ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് കോഴിക്കോട് വെച്ച് കൂടിക്കാഴ്ച്ച നടത്താമെന്നും അറിയിച്ചിരുന്നതാണ്.
അൻവറിനെ കണ്ടാൽ യുഡിഎഫ് ചെയർമാൻ സ്ഥാനം രാജിവെയ്ക്കുമെന്ന വി ഡി സതീശൻറെ ഭീഷണിക്ക് വഴങ്ങിയാണ് കെ സി വേണുഗോപാൽ തന്നെ കാണാൻ തയ്യാറാകാതിരുന്നതെന്നും അൻവർ പറഞ്ഞു. നിസ്സഹായനായ കെ സി വേണുഗോപാൽ തിരക്കാണെന്നും പിന്നീട് സംസാരിക്കാമെന്നും പറഞ്ഞ് മനഃപൂർവ്വം കൂടിക്കാഴ്ച്ചയിൽ നിന്നും പിന്മാറുകയായിരുന്നു എന്നും പി വി അൻവർ പറഞ്ഞു.











