
മോസ്കോ: റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിൻ. നാല് വർഷത്തിലേറെയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഇടപെട്ട അമേരിക്കക്ക് അദ്ദേഹം നന്ദി അറിയിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച മൂന്ന് ദിവസത്തെ വെടിനിർത്തൽ നിർദേശത്തിനും യുദ്ധത്തടവുകാരുടെ കൈമാറ്റത്തിനുമുള്ള പ്രതികരണമായാണ് പുടിന്റെ പ്രസ്താവന. മേയ് 9 മുതൽ 11 വരെ വെടിനിർത്തൽ പാലിക്കണമെന്നും 1000 യുദ്ധത്തടവുകാരെ പരസ്പരം കൈമാറണമെന്നും ട്രംപ് നിർദേശിച്ചിരുന്നു.
‘‘സമാധാന ചർച്ച മുന്നോട്ടുകൊണ്ടുപോകുന്നതിൽ യുഎസിന്റെ പങ്ക് നിർണായകമാണ്. എന്നാൽ ഇത് റഷ്യയും യുക്രെയ്നും തമ്മിലുള്ള വിഷയമാണ്. യുക്രെയ്ൻ യുദ്ധം അവസാനത്തിലേക്കാണ് നീങ്ങുന്നത്. യുദ്ധത്തടവുകാരുടെ കൈമാറ്റവുമായി ബന്ധപ്പെട്ട ട്രംപിന്റെ നിർദേശത്തിന് യുക്രെയ്ന്റെ മറുപടി കാത്തിരിക്കുകയാണ്. അനുകൂല പ്രതികരണം ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്. എന്നാൽ ഇതുവരെ ഔദ്യോഗിക മറുപടി ലഭിച്ചിട്ടില്ല’’– പുടിൻ പറഞ്ഞു.










