08:56am 19 April 2026
NEWS
ലോകത്തെ ആശങ്കയിലാക്കി റഷ്യയുടെ ആണവാന്തർവാഹിനി ഡ്രോൺ
30/10/2025  09:34 AM IST
nila
 ലോകത്തെ ആശങ്കയിലാക്കി റഷ്യയുടെ ആണവാന്തർവാഹിനി ഡ്രോൺ

മോസ്‌കോ: ആണവാന്തർവാഹിനി ഡ്രോൺ ‘പൊസെയ്ഡൺ’ വിജയകരമായി പരീക്ഷിച്ചതായി റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിൻ പ്രഖ്യാപിച്ചു. ലോകത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഈ ആണവശേഷിയുള്ള സൂപ്പർ ടോർപിഡോ, യുദ്ധത്തിന്റെ ഭാവിയെ തന്നെ മാറ്റിമറിക്കുമെന്ന് സൈനികവിദഗ്ധർ പറയുന്നത്. ലോക രാഷ്ട്രീയ ഭൂപടം തന്നെ മാറ്റിമറിക്കാൻ ശേഷിയുള്ളതാണ് ഈ ആയുധമെന്നും അന്താരാഷ്ട്ര വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

“ഇത് വികസിപ്പിച്ചെടുക്കാനായി എന്നു മാത്രമല്ല, അന്തർവാഹിനിയിൽനിന്ന് വിജയകരമായി തൊടുക്കാനും കഴിഞ്ഞു. വേഗത്തിലും കൃത്യതയിലും പൊസെയ്ഡണിനെ തോൽപ്പിക്കാനാകുന്ന ആയുധം നിലവിൽ ലോകത്ത് ഒന്നുമില്ല,” — പുടിൻ വ്യക്തമാക്കി.

ആണവോർജത്തിലാണ് ഈ അതിവേഗ ടോർപിഡോ പ്രവർത്തിക്കുന്നത്. 10,000 കിലോമീറ്റർ ദൂരം സഞ്ചരിക്കാനും മണിക്കൂറിൽ 185 കിലോമീറ്റർ വേഗത കൈവരിക്കാനും ഇതിന് കഴിയും. 20 മീറ്റർ നീളവും 1.8 മീറ്റർ വ്യാസവുമുള്ള, ഏകദേശം 100 ടൺ ഭാരമുള്ള പൊസെയ്ഡൺ, രണ്ട് മെഗാടൺ ആണവ പോർമ്മുന വഹിക്കാൻ ശേഷിയുള്ളതാണ്. അമേരിക്കയും നാറ്റോയും ഈ പ്രോജക്ടിനെ “കാന്യൻ” എന്ന കോഡ് നാമത്തിലാണ് വിളിക്കുന്നത്.

ഗ്രീക്ക് കടൽദേവനായ പൊസെയ്ഡണിന്റെ പേരിലാണ് ഡ്രോണിന് നാമകരണം ചെയ്തത്. പുട്ടിന്റെ വാക്കുകളിൽ — “ഇതുപോലെ മറ്റൊന്നുമില്ല; ഇതിനെ പ്രതിരോധിക്കാൻ ലോകത്തിന് ഇപ്പോൾ യാതൊരു മാർഗവും ഇല്ല.”

അടുത്തിടെ റഷ്യ പരീക്ഷിച്ച ‘ബ്യൂറെവെസ്റ്റ്നിക്’ ആണവ ക്രൂയിസ് മിസൈൽ പോലെതന്നെ പൊസെയ്ഡണും ആണവോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്നതാണ്. അതിനാൽ ദൂരപരിധി പ്രായോഗികമായി പരിധിയില്ല. യുക്രെയ്‌ൻ യുദ്ധത്തിൽ പാശ്ചാത്യരാജ്യങ്ങൾ കടുത്ത സമ്മർദം ചെലുത്തുന്ന സമയത്താണ് റഷ്യയുടെ ഈ ശക്തിപ്രകടനം നടന്നത്. പുട്ടിന്റെ പുതിയ പ്രഖ്യാപനം ലോകസുരക്ഷാവ്യവസ്ഥയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img