11:18pm 11 November 2026
NEWS
'പുതുയുഗ കേരളം' പ്രവാസികൾക്കും പറയാനുണ്ട്... ജനകീയ പ്രവാസി അവകാശ രേഖ തയ്യാറാക്കുന്നു
11/06/2026  09:27 AM IST
nila
പുതുയുഗ കേരളം പ്രവാസികൾക്കും പറയാനുണ്ട്... ജനകീയ പ്രവാസി അവകാശ രേഖ തയ്യാറാക്കുന്നു.

 

പ്രവാസിയുടെ  വിയർപ്പും കണ്ണീരും കൊണ്ട് കൂടി നിർമ്മിക്കപ്പെട്ടതാണ്  കേരളത്തിന്റെ സമൃദ്ധി. അതിന് പിന്നിൽ ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ ത്യാഗത്തിന്റെ ചരിത്രമുണ്ട്. സ്വന്തം മണ്ണ് വിട്ട്, കുടുംബത്തെ പിരിഞ്ഞ്, അന്യദേശങ്ങളിൽ ജീവിതം പണിതുയർത്തിയ പ്രവാസി സഹോദരങ്ങൾ ഇന്ന് കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലാണ്,
വിശിഷ്യാ ഗള്‍ഫ് പ്രവാസികള്‍. ലോകത്തിന്റെ നാനാ കോണുകളിൽ നിന്നും പ്രവാസികള്‍  അയക്കുന്ന പണം കേരളത്തിന്റെ വികസനത്തെ ഊട്ടിവളർത്തുന്നു. എന്നിട്ടും പ്രവാസികള്‍ക്ക്  നൽകേണ്ട അംഗീകാരവും അവകാശ സംരക്ഷണവും ഇന്നും അപൂർണ്ണമായി തുടരുകയാണ്‌. 

പ്രവാസിയുടെ ഏറ്റവും അടിസ്ഥാനപരമായ യാത്രാ പ്രശ്നങ്ങള്‍ തൊട്ട് അവന്റെ ജീവിതവുമായി ബന്ധപ്പെട്ട ഒരു രേഖ തയ്യാറാക്കുന്നതിന്‌ വരെ വലിയ രീതിയിലുള്ള പ്രയാസങ്ങള്‍ നേരിടുന്നു. കേരള ജന സംഖ്യയില്‍ നല്ലൊരു ശതമാനം പ്രവാസികളോ അവരുടെ കുടുംബങ്ങളൊ ആയിട്ടും അതിനൊരു പ്രത്യേക മന്ത്രാലയമോ ഓരോ രാജ്യങ്ങളിലും എത്ര മലയാളികള്‍ ഉണ്ടെന്ന കണക്കോ ഇല്ല. ഇങ്ങനെ പ്രവാസ ലോകത്ത് നിന്നും അവരുടെ ആവശ്യങ്ങള്‍ സര്‍ക്കാരിനു മുന്നിലും പൊതു സമൂഹത്തിനു മുന്നിലും എത്തിക്കാനുള്ള ശ്രമമാണ്‌ ജൂണ്‍ 10 മുതല്‍ 30 വരെ സംഘടിപ്പിക്കുന്ന ഈ കാമ്പയിനിലൂടെ ഉദ്ദേശിക്കുന്നത്

ഇത് ഒരു ജനകീയ മുന്നേറ്റമാണ്. ലോകമെങ്ങും ചിതറിക്കിടക്കുന്ന മലയാളി മനസ്സുകളെ ഒരു പൊതു ലക്ഷ്യത്തിനു ചുറ്റും അണിനിരത്തുന്ന ഒരു ചരിത്രപരമായ ശ്രമമാണിത്. പല സന്ദര്‍ഭങ്ങളിലായി ഉയര്‍ന്ന് വന്ന എന്നാല്‍ രേഖപ്പെടുത്താതെയും പരിഗണിക്കപ്പെടാതെയും പോയ പ്രവാസികള്‍ അനുഭവിക്കുന്ന ചെറുതും വലുതുമായ എല്ലാ പ്രശ്നങ്ങളും,  മനസ്സിൽ കൊണ്ടുനടക്കുന്ന പ്രതീക്ഷകളും ആഗ്രഹങ്ങളും അനുഭവങ്ങളും  സമാഹരിച്ച് ജനകീയ പ്രവാസി അവകാശ രേഖ തയ്യാറാക്കുകയാണ്‌. ഇങ്ങനെ ജനകീയമായി സമാഹരിക്കപ്പെടുന്ന പ്രശ്നങ്ങളും പ്രതീക്ഷകളും ഒരു ജനകീയ പ്രവാസി അവകാശ രേഖയായി ക്രോഡീകരിച്ച്, ജൂണ്‍ അവസാനത്തില്‍ ഖത്തറിലെ പൗരാവലിക്കു മുന്നിലും പുതിയ കേരള സർക്കാരിന്റെ മുന്നിലും അർഹമായ ശക്തിയോടും അന്തസ്സോടും കൂടി സമർപ്പിക്കുകയാണ് പ്രവാസി വെല്‍ഫെയര്‍ ലക്ഷ്യമിടുന്നത്. ഇത് ഒരു ഭരണകൂടത്തിനോടുള്ള അപേക്ഷ മാത്രമല്ല, ഇത് ഒരു ജനതയുടെ അന്തസ്സിന്റെ പ്രഖ്യാപനം കൂടിയാണ്‌.

ജനകീയ പ്രവാസി അവകാശ രേഖ തയ്യാറാക്കാനായി സാമൂഹിക പ്രവര്‍ത്തകരുടെ സംഗമം, സംരംഭകരുടെ സംഗമം, വനിതാ സംഗമം എന്നിവ സംഘടിപ്പിക്കും. സോഷ്യൽ മീഡിയയിലൂടെ പരമാവധി വിവര ശേഖരണം നടത്തും.പൊതുജനങ്ങള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ മൊബൈലില്‍ നിന്ന് എളുപ്പത്തില്‍ രേഖപ്പെടുത്താനുള്ള സൗകര്യം  ഒരുക്കും. ഇതിനായി പ്രത്യേക വെബ്‌പേജ് തുറക്കും. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് കൂടി അത് വഴി ഈ കാമ്പയിനില്‍ ഭാഗമാവാന്‍ കഴിയും. മുഴുവന്‍ പൊതുജനങ്ങളുടെയും സഹകരണം ഉണ്ടാവനമെന്നും അഭ്യര്‍ത്ഥിക്കുന്നു. 

പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട്‌ ആര്‍ ചന്ദ്രമോഹന്‍, 
വൈസ് പ്രസിഡണ്ട് അഹമ്മദ് ഷാഫി, ജനറല്‍ സെക്രട്ടറി ഷറഫുദ്ദീന്‍ സി മീഡിയ സെക്രട്ടറി റബീഅ് സമാൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img