07:17am 26 September 2026
NEWS
പുതുയുഗ യാത്രയിൽ 'പിടിവലി'; വേദിയിൽ ഉന്തും തള്ളും, മുല്ലപ്പള്ളി രാമചന്ദ്രൻ വീണു
12/02/2026  10:53 AM IST
ന്യൂസ് ബ്യൂറോ
പുതുയുഗ യാത്രയിൽ പിടിവലി; വേദിയിൽ ഉന്തും തള്ളും, മുല്ലപ്പള്ളി രാമചന്ദ്രൻ വീണു

​കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ കുറ്റ്യാടിയിലെ സ്വീകരണ വേദി സംഘർഷഭരിതമായി. ഷാഫി പറമ്പിൽ എം.പിയും ഡി.സി.സി സെക്രട്ടറി അഡ്വ. പ്രമോദ് കക്കട്ടിലും തമ്മിലുണ്ടായ പിടിവലിക്കിടെ മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ വേദിയിൽ വീണു. ഇന്നലെ രാവിലെ 11 മണിയോടെ കുറ്റ്യാടി പഴയ ബസ് സ്റ്റാൻഡിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
​ഒന്നര മണിക്കൂർ വൈകിയെത്തിയ യാത്രയിൽ പ്രസംഗിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. എം.കെ രാഘവൻ്റെ പ്രസംഗത്തിന് ശേഷം ഷാഫി പറമ്പിലിനെ പ്രസംഗിക്കാൻ ക്ഷണിച്ചെങ്കിലും സമയക്കുറവ് കാരണം അദ്ദേഹം വിസമ്മതിച്ചു. എന്നാൽ അണികളുടെ ആവശ്യപ്രകാരം പ്രമോദ് കക്കട്ടിൽ വീണ്ടും മൈക്കിന് മുന്നിലെത്തിയപ്പോൾ ഷാഫി അദ്ദേഹത്തെ തടയാൻ ശ്രമിച്ചു. ഇതോടെയുണ്ടായ ഉന്തിനും തള്ളലിനുമിടയിൽ ഇവരെ പിടിച്ചുമാറ്റാൻ ശ്രമിച്ച മുല്ലപ്പള്ളി രാമചന്ദ്രൻ ഇരുന്നിരുന്ന സീറ്റിലേക്ക് തന്നെ മറിഞ്ഞുവീഴുകയായിരുന്നു.
​സംഭവത്തിൻ്റെ ദൃശ്യങ്ങൾ സി.പി.എം പ്രവർത്തകർ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ ജനപങ്കാളിത്തം കണ്ട് പരിഭ്രാന്തരായവർ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് ദുഷ്പ്രചരണം നടത്തുകയാണെന്നാണ് ഡി.സി.സി സെക്രട്ടറി പ്രമോദ് കക്കട്ടിലിന്റെ വിശദീകരണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img