07:41am 26 May 2026
NEWS
പുതിയ ഗണിതം
03/04/2025  12:01 PM IST
പി.ആര്‍.കൃഷ്ണന്‍ കുട്ടി
പുതിയ ഗണിതം

ആ സ്‌കൂളിലെ സമർത്ഥനായ കണക്കുമാഷാണ് അരുൺകുമാർ. തികച്ചും സൗമ്യനായി കുട്ടികളോട് പെരുമാറുകയും ലളിതമായി കണക്ക് കുട്ടികളെ പഠിപ്പിക്കുന്ന അരുൺകുമാർ മാഷിനെ കുട്ടികൾക്കും വലിയ ഇഷ്ടമാണ്... 
 

ബോർഡിൽ കുട്ടികൾക്ക് ചെയ്യാൻ ഒരു കണക്കിട്ട് കൊടുത്തതിന് ശേഷം തലേ ദിവസത്തെ ഹോംവർക്ക് ബുക്കുകൾ പരിശോധിച്ചു കൊണ്ടിരുന്ന മാഷ് ഒരു ബുക്ക് തുറന്ന് നോക്കിയപ്പോൾ ഒന്ന് ഞെട്ടി ..
 

'രതീഷ്.. ഇവിടെ വരൂ' മാഷ് ഉറക്കെ വിളിച്ചു.
 

മുൻനിരയിലെ ബെഞ്ചിൽ രണ്ടാമതിരുന്ന രതീഷ് എഴുന്നേറ്റ് പേടിച്ച് മാഷിന് സമീപത്തേക്ക് സാവധാനം നടന്ന് ചെന്നു.
 

പൊതുവെ സൗമ്യനായ മാഷ്  പൊട്ടിത്തെറിച്ച് കൊണ്ട് ചോദിച്ചു..
 

'എടാ .. ശരാശരി കണക്കാക്കുന്നത്.. എങ്ങിനെയാണെന്നാ ഞാൻ പഠിപ്പിച്ചത് ?'
'സംഖ്യകൾ തമ്മിൽ കൂട്ടിയിട്ട് സംഖ്യകളുടെ എണ്ണം കൊണ്ട് ഹരിക്കണം.. സാർ'

 

'ഞാൻ ഒരു കണക്ക് ചോദിക്കാം... രണ്ടു സംഖ്യകളുടെ സംഖ്യ 220 ആയാൽ.. ശരാശരി ?
'110... സാർ' 
'അപ്പൊ ...നിനക്കറിയാം.  ശരാശരി കണക്കാക്കാൻ.. പിന്നെ എങ്ങിനെയാടാ.. ഹോം വർക്ക് തന്ന പത്ത് കണക്കും തെറ്റിച്ചത്?  അതും പത്ത് ശരിയായ ഉത്തരങ്ങൾ എഴുതിയത് വെട്ടിയതിന് ശേഷം തെറ്റായ ഉത്തരം എഴുതിയിരിക്കുന്നത് എന്താടാ... ഇത് ?'

 

'സാറേ.. ഞാൻ ഹോംവർക്ക് ചെയ്ത് ബുക്ക് അടച്ചുവയ്ക്കുന്നതിന് മുമ്പ്  അച്ഛൻ അത് വാങ്ങി നോക്കിയിട്ട്  ഞാനെഴുതിയിരിക്കുന്ന ഉത്തരം മുഴുവൻ തെറ്റാണെന്ന് പറഞ്ഞു.
എന്നിട്ട് ഞാനെഴുതിയ ഉത്തരമെല്ലാം വെട്ടാൻ പറഞ്ഞു. പിന്നെ അച്ഛൻ പറഞ്ഞു തന്ന ഉത്തരമാണ് സാർ ഞാൻ എഴുതിയത്.
നിന്റെ അച്ഛന് ഈ ശരാശരി എവിടുന്ന് കിട്ടി.. രണ്ട് സംഖ്യകളുടെ തുക 355 ശരാശരി.. 404...
ശരി.. നീ നിന്റെ അച്ഛനെ നാളെ വിളിച്ചു കൊണ്ടുവരണം.. സ്വന്തം മകനെ വഴിതെറ്റിക്കുന്ന ഒരു പിതാവോ ...? 
'സാറേ .. അച്ഛന് ഇനി ലീവ് ബാക്കിയില്ല ...'
'നീ അടവൊന്നും ഇറക്കണ്ട. എന്റെ അദ്ധ്യാപനജീവിതത്തിൽ ആദ്യമായിട്ടാ ഇങ്ങനെ ഒരു ശരാശരി കാണുന്നത്.. നിന്റെ രക്ഷകർത്താവിനെ എനിക്ക് കണ്ടേ പറ്റൂ ..
അതിരിക്കട്ടെ ... അങ്ങോർക്ക് എന്താ ഒന്നിവിടം വരെ വരാൻ പറ്റാത്തത്? എന്താ.. അങ്ങേരുടെ ജോലി ..
'അച്ഛൻ.. ഇലക്ട്രിസിറ്റി ബോർഡിൽ ബില്ലിംഗ് സെക്ഷനിൽ സൂപ്രണ്ടാ സാറേ..'
ഒരു നിമിഷം അരുൺകുമാർ മാഷ് ഷോക്കേറ്റത് പോലെ ഇരുന്നു..
 'തന്റെ ഈ മാസത്തെ കറന്റ് ബില്ലിലെ ഉപഭോഗം 360 യൂണിറ്റും.   ശരാശരി 406 യൂണിറ്റും. ഈ 406 ശരാശരി വച്ചാണല്ലോ... ചാർജ് കണക്കാക്കി മൂവായിരം രൂപയുടെ ബില്ല് തനിക്ക് ലഭിച്ചത്.'
'എനിക്കെല്ലാം.. മനസ്സിലായി. നീ.. അച്ഛനെ വിളിച്ചു കൊണ്ട് വരണ്ട ... പരീക്ഷയ്ക്ക് നീ ഞാൻ പഠിപ്പിച്ച വിധത്തിൽ ശരാശരി കണക്കാക്കിയാൽ മതി. 
'രതീഷ് വിജയഭാവത്തിൽ തന്റെ ഹോംവർക്ക് ബുക്കും വാങ്ങി സ്വന്തം ഇരിപ്പിടത്തിലേക്ക് മടങ്ങി ...... 

 

Photo Courtesy - subhash.kalloor

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.