
തിരുവനന്തപുരം: പുരപ്പുറ സോളാർ പദ്ധതികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രോത്സാഹിപ്പിക്കുമ്പോൾ, ഈ പദ്ധതികൾ തങ്ങൾക്ക് നഷ്ടമാണെന്ന് ചൂണ്ടിക്കാട്ടി വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാൻ കെ.എസ്.ഇ.ബി നീക്കം നടത്തുന്നു. യൂണിറ്റിന് 19 പൈസ വർദ്ധിപ്പിക്കണമെന്നാണ് കെ.എസ്.ഇ.ബി ആവശ്യപ്പെടുന്നത്. ഉയർന്ന വൈദ്യുതി നിരക്ക് നിലവിലുള്ള കേരളത്തിലെ ഉപഭോക്താക്കൾക്ക് ഇത് അധികഭാരമാകും.
സോളാർ വൈദ്യുതി സംബന്ധിച്ച ചട്ടങ്ങളിൽ മാറ്റം വരുത്താൻ വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ മുന്നോട്ടുവച്ച കരട് നിർദ്ദേശത്തിന്മേലുള്ള തെളിവെടുപ്പിലാണ് കെ.എസ്.ഇ.ബി ഈ ആവശ്യം ഉന്നയിച്ചത്. കമ്മിഷൻ അനുമതി നൽകിയാൽ വിശദമായ കണക്കുകൾ സഹിതം അപേക്ഷ സമർപ്പിച്ച് നിരക്ക് വർദ്ധന നടപ്പാക്കാനാണ് ബോർഡിന്റെ നീക്കം.
കെ.എസ്.ഇ.ബിയുടെ വാദം:
പകൽ സ്വീകരിക്കുന്ന സോളാർ വൈദ്യുതിക്ക് പകരം രാത്രികാലങ്ങളിൽ കൂടിയ വിലയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങി സോളാർ ഉൽപ്പാദകർക്ക് നൽകേണ്ടി വരുന്നതാണ് നഷ്ടത്തിന് കാരണമെന്ന് കെ.എസ്.ഇ.ബി ആവർത്തിക്കുന്നു. ഏകദേശം 500 കോടി രൂപയുടെ നഷ്ടമാണ് ഇതുമൂലം ഉണ്ടാകുന്നതെന്നും, ഇത് നികത്താതെ മുന്നോട്ട് പോകാനാകില്ലെന്നും ബോർഡ് കമ്മിഷനെ അറിയിച്ചു.
വ്യാപക എതിർപ്പ്, നിയമക്കുരുക്ക് സാധ്യത:
സോളാറിന്റെ പേരിലുള്ള നഷ്ടം, സോളാർ ഇല്ലാത്ത മറ്റ് ഉപഭോക്താക്കളുടെമേൽ കെട്ടിവച്ച് നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കത്തിൽ വ്യാപകമായ എതിർപ്പുണ്ട്. സംസ്ഥാനത്ത് 98 ലക്ഷം ഗാർഹിക ഉപഭോക്താക്കളിൽ ഏകദേശം 2 ലക്ഷം വീടുകളിൽ മാത്രമാണ് നിലവിൽ പുരപ്പുറ സോളാർ സംവിധാനമുള്ളത്. ഈ ആവശ്യം പരിഗണിച്ചാൽ നിയമപരമായ പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.
നഷ്ടം നികത്താൻ ബാറ്ററി സ്റ്റോറേജ് പരിഹാരങ്ങൾ:
സോളാറിലൂടെ കെ.എസ്.ഇ.ബിക്ക് നഷ്ടമുണ്ടാകുന്നുണ്ടെങ്കിൽ അത് പരിഹരിക്കാൻ കേന്ദ്രസർക്കാർ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS) നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ ചെലവിൽ ഉണ്ടാകുന്ന നഷ്ടം വയബിലിറ്റി ഗ്യാപ്പ് ഫണ്ടിലൂടെ നികത്താനും കേന്ദ്രം പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.
* പകൽ വാങ്ങുന്ന സോളാർ വൈദ്യുതി ഈ സ്റ്റോറേജ് സംവിധാനത്തിൽ സംഭരിച്ച് രാത്രി ഉപയോഗിക്കാനാകും. ഇത് രാത്രിയിൽ കൂടിയ വിലയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങി സോളാർ ഉൽപ്പാദകർക്ക് നൽകേണ്ട സാഹചര്യം ഒഴിവാക്കും.
* സോളാർ ഇടപാടിൽ കെ.എസ്.ഇ.ബിക്ക് ഉണ്ടാകുന്ന നഷ്ടം നികത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സാമ്പത്തിക സഹായം നൽകാനും കഴിയും.
* ഓരോ സംസ്ഥാനത്തെയും വൈദ്യുതി ഉപഭോഗത്തിൽ നിശ്ചിതശതമാനം ഹരിതവൈദ്യുതി ആയിരിക്കണമെന്ന് കേന്ദ്ര റിന്യൂവബിൾ എനർജി ഒബ്ലിഗേഷൻ (RPO) നിയമം അനുശാസിക്കുന്നുണ്ട്. ഈ നിയമം കാരണം അദാനി പവറിൽ നിന്നും മറ്റും സോളാർ വൈദ്യുതി വാങ്ങേണ്ട ബാധ്യത സംസ്ഥാനത്തിനുണ്ട്. പുരപ്പുറ സോളാറിനെ പ്രയോജനപ്പെടുത്തിയാൽ അത്തരം സാഹചര്യം ഒഴിവാക്കാനാകും. ഇതിനു പകരം നിരക്ക് വർദ്ധന ആവശ്യപ്പെടുന്നതിൽ ദുരൂഹതയുണ്ടെന്നും വിമർശനം ഉയരുന്നുണ്ട്.
ഈ വിഷയത്തിൽ റെഗുലേറ്ററി കമ്മിഷന്റെ തീരുമാനം നിർണായകമാകും.











