
MEC training @ NESTT
എറണാകുളം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ മൈക്രോ സംരംഭങ്ങളെ ശക്തിപ്പെടുത്തുന്നതിനും വളർച്ചാസാധ്യതയുള്ള സംരംഭങ്ങളെ കണ്ടെത്തി ഉയർന്ന നിരയിലെ (Higher Order Enterprises) ബിസിനസ് മാതൃകകളിലേക്ക് ഉയർത്തുന്നതിനുമായി ‘പുനർജ്വാല’ ക്യാമ്പയിൻ നടപ്പിലാക്കുന്നു.
ഉത്പാദന, സേവന, വ്യാപാര മേഖലകളിലായി പ്രവർത്തിക്കുന്ന സംരംഭങ്ങൾ സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിനും പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്കും ശ്രദ്ധേയമായ സംഭാവന നൽകുന്നുണ്ട്.
‘പുനർജ്വാല’ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സി.ഡി.എസുകളിലെയും മൈക്രോ സംരംഭങ്ങളുടെ നിലവിലെ പ്രവർത്തനാവസ്ഥ, വരുമാനം, സാമ്പത്തിക സുസ്ഥിരത, വിപണനരീതി, തൊഴിൽ സൃഷ്ടി, വളർച്ചാസാധ്യത, വെല്ലുവിളികൾ എന്നിവ ശാസ്ത്രീയമായി വിലയിരുത്തും. ഇതിന്റെ അടിസ്ഥാനത്തിൽ സംരംഭങ്ങളെ വിവിധ വിഭാഗങ്ങളായി തരംതിരിച്ച് ആവശ്യമായ പിന്തുണയും വികസന പദ്ധതികളും നടപ്പിലാക്കും.
പ്രവർത്തനക്ഷമത കുറഞ്ഞതോ പ്രതിസന്ധി നേരിടുന്നതോ ആയ സംരംഭങ്ങൾക്ക് ബിസിനസ് കൗൺസിലിംഗ്, ഹാൻഡ്ഹോൾഡിംഗ് പിന്തുണ, സാമ്പത്തിക സഹായം, ബ്രാൻഡിംഗ്, പാക്കേജിംഗ്, വിപണന പിന്തുണ തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കും. അതേസമയം വളർച്ചാസാധ്യതയുള്ള സംരംഭങ്ങൾക്ക് ഉത്പാദന ശേഷി വർധിപ്പിക്കൽ, സേവന വ്യാപനം, ഡിജിറ്റൽ മാർക്കറ്റിംഗ്, ബ്രാൻഡ് വികസനം, പുതിയ വിപണന സാധ്യതകൾ കണ്ടെത്തൽ തുടങ്ങിയ മേഖലകളിൽ പ്രത്യേക പിന്തുണ നൽകും.
ജില്ലയിലെ കുടുംബശ്രീയുടെ ഫ്ലാഗ്ഷിപ്പ് സംരംഭങ്ങളായ ന്യൂട്രിമിക്സ് യൂണിറ്റുകൾ, കഫേ കുടുംബശ്രീ, സാനിറ്ററി നാപ്കിൻ യൂണിറ്റുകൾ, സാന്ത്വനം യൂണിറ്റുകൾ, ജനകീയ ഹോട്ടലുകൾ, ഐ.ടി. യൂണിറ്റുകൾ, അപ്പാരൽ ക്ലസ്റ്ററുകൾ, ഇ-സേവാ കേന്ദ്രങ്ങൾ തുടങ്ങിയവയുടെ പ്രവർത്തന ഗുണമേന്മയും സുസ്ഥിരതയും വർധിപ്പിക്കുന്നതിനായി സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ പ്രൊഫഷണൽ പിന്തുണ ഉറപ്പാക്കും.
മികച്ച പ്രകടനം കാഴ്ചവെക്കുന്ന സംരംഭങ്ങളെ ക്ലസ്റ്റർ വികസനം, യൂണിറ്റ് വിപുലീകരണം, ബ്രാൻഡ് ശൃംഖല രൂപീകരണം, മൂല്യവർധിത ഉത്പാദനം എന്നിവയിലൂടെ ഹയർ ഓർഡർ സംരംഭങ്ങളാക്കി വളർത്തുന്നതിനും ക്യാമ്പയിൻ ലക്ഷ്യമിടുന്നു.
കൂടാതെ പ്രാദേശിക വിപണി സാധ്യതകളും ഉപഭോക്തൃ ആവശ്യകതകളും വിലയിരുത്തി പുതിയ വളർച്ചാധിഷ്ഠിത മൈക്രോ സംരംഭങ്ങൾ ആരംഭിക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകും. കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും സംരംഭകരുടെ വരുമാനം വർധിപ്പിക്കാനുമുള്ള പദ്ധതികൾ ഇതിനോടനുബന്ധിച്ച് നടപ്പിലാക്കും.
സി.ഡി.എസ്. മൈക്രോ എന്റർപ്രൈസ് ഉപസമിതികൾ, എം.ഇ.സി., എം.ഇ.ആർ.സി., ബി.ആർ.സി. (എസ്.വി.ഇ.പി.) സംവിധാനങ്ങൾ എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം ബാങ്ക് വായ്പ, സബ്സിഡി പദ്ധതികൾ, ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകൾ, പരിശീലന ഏജൻസികൾ, സാങ്കേതിക സ്ഥാപനങ്ങൾ എന്നിവയുമായുള്ള ഏകോപനവും ഉറപ്പാക്കും.
ഓരോ സംരംഭത്തിന്റെയും പ്രവർത്തന പുരോഗതി, വരുമാന വർധന, തൊഴിൽ സൃഷ്ടി, പിന്തുണാ ആവശ്യകത, ഇടപെടലുകളിലൂടെ കൈവരിച്ച നേട്ടങ്ങൾ എന്നിവ വിലയിരുത്തുന്നതിനായി ഡാറ്റാ അധിഷ്ഠിത മോണിറ്ററിങ് സംവിധാനവും ക്യാമ്പയിന്റെ ഭാഗമായി നടപ്പിലാക്കും.
ജില്ലയിലെ മൈക്രോ സംരംഭ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തി സ്ത്രീ സംരംഭകരുടെ വരുമാനവും തൊഴിൽ സാധ്യതകളും വർധിപ്പിക്കുന്നതിനുള്ള സുപ്രധാന ഇടപെടലായിരിക്കും ‘പുനർജ്വാല’ ക്യാമ്പയിൻ എന്ന് കുടുംബശ്രീ ജില്ലാ മിഷൻ അധികൃതർ അറിയിച്ചു.
Photo Courtesy - Google








