04:04am 15 August 2026
NEWS
പുനർജ്വാല ക്യാമ്പയിൻ എറണാകുളത്ത് 102 സി.ഡി.എസുകളിൽ സൂക്ഷ്മസംരംഭങ്ങളുടെ സമഗ്ര വിലയിരുത്തൽ ആരംഭിച്ചു
22/07/2026  05:47 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പുനർജ്വാല ക്യാമ്പയിൻ എറണാകുളത്ത് 102 സി.ഡി.എസുകളിൽ സൂക്ഷ്മസംരംഭങ്ങളുടെ സമഗ്ര വിലയിരുത്തൽ ആരംഭിച്ചു

കൊച്ചി: കുടുംബശ്രീയുടെ മൈക്രോ എന്റർപ്രൈസ് മേഖലയെ ശക്തിപ്പെടുത്തുകയും സ്ത്രീ സംരംഭകത്വത്തിന് പുതിയ വളർച്ചാ ദിശ നൽകുകയും ചെയ്യുന്നതിനായി സംസ്ഥാനതലത്തിൽ നടപ്പാക്കുന്ന "പുനർജ്വാല" ക്യാമ്പയിന്റെ ഭാഗമായി, എറണാകുളം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ 102 കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റികളിൽ (സി.ഡി.എസ്.) പ്രവർത്തിക്കുന്ന സൂക്ഷ്മസംരംഭങ്ങളുടെ സമഗ്ര വിലയിരുത്തൽ ആരംഭിച്ചു.

കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്ന ഉൽപാദന, സേവന, വ്യാപാര മേഖലകളിലെ സംരംഭങ്ങളുടെ നിലവിലെ പ്രവർത്തനാവസ്ഥ, സാമ്പത്തിക സുസ്ഥിരത, വരുമാനം, തൊഴിൽസൃഷ്ടി, വിപണന സാധ്യത, വളർച്ചാ സാധ്യത, നേരിടുന്ന വെല്ലുവിളികൾ എന്നിവ ശാസ്ത്രീയമായി വിലയിരുത്തി, ഓരോ സംരംഭത്തിനും അനുയോജ്യമായ വികസന പ്രവർത്തനപദ്ധതി തയ്യാറാക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം.

വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ പ്രവർത്തനക്ഷമത കുറഞ്ഞതോ പ്രതിസന്ധി നേരിടുന്നതോ ആയ സംരംഭങ്ങൾക്ക് ബിസിനസ് കൗൺസിലിംഗ്, ഹാൻഡ്‌ഹോൾഡിംഗ്, ധനകാര്യ മാർഗനിർദേശം, ബ്രാൻഡിംഗ്, പാക്കേജിംഗ്, വിപണന പിന്തുണ എന്നിവ ഉറപ്പാക്കും. മികച്ച വളർച്ചാ സാധ്യതയുള്ള സംരംഭങ്ങൾക്ക് ഉൽപാദന ശേഷി വർധിപ്പിക്കുന്നതിനും പുതിയ വിപണികൾ കണ്ടെത്തുന്നതിനും ഡിജിറ്റൽ മാർക്കറ്റിംഗ് ഉൾപ്പെടെയുള്ള പ്രൊഫഷണൽ പിന്തുണയും നൽകും.

കഫേ കുടുംബശ്രീ, ന്യൂട്രിമിക്സ് യൂണിറ്റുകൾ, സാനിറ്ററി നാപ്കിൻ യൂണിറ്റുകൾ, സാന്ത്വനം യൂണിറ്റുകൾ, ജനകീയ ഹോട്ടലുകൾ, ഐ.ടി. യൂണിറ്റുകൾ, അപ്പാരൽ ക്ലസ്റ്ററുകൾ, ഇ-സേവാ കേന്ദ്രങ്ങൾ തുടങ്ങി കുടുംബശ്രീയുടെ ഫ്ലാഗ്ഷിപ്പ് സംരംഭങ്ങളുടെ ഗുണനിലവാരവും പ്രവർത്തന മികവും വർധിപ്പിക്കുന്നതിനും പ്രത്യേക ഇടപെടലുകൾ ക്യാമ്പയിന്റെ ഭാഗമായി നടപ്പാക്കും.

എല്ലാ സംരംഭങ്ങളെയും പ്രവർത്തനനിലവാരത്തിന്റെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങളായി തരംതിരിച്ച് ഓരോ വിഭാഗത്തിനും അനുയോജ്യമായ വികസന പാക്കേജുകൾ നടപ്പാക്കും. പുതിയ വളർച്ചാധിഷ്ഠിത സൂക്ഷ്മസംരംഭങ്ങൾ രൂപീകരിക്കുന്നതിനും ഉയർന്ന വരുമാനവും കൂടുതൽ തൊഴിലവസരങ്ങളും സൃഷ്ടിക്കാൻ കഴിയുന്ന ബിസിനസ് മാതൃകകൾ പ്രോത്സാഹിപ്പിക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകും.

സി.ഡി.എസ്. മൈക്രോ എന്റർപ്രൈസ് ഉപസമിതികൾ, മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റുമാർ (MEC), ബ്ലോക്ക്-ജില്ലാ തല നോൺ-ഫാം ലൈവ്‌ലിഹുഡ്‌സ് ടീമുകൾ എന്നിവയുടെ നേതൃത്വത്തിലാണ് ക്യാമ്പയിൻ നടപ്പാക്കുന്നത്. സംരംഭങ്ങളുടെ പുരോഗതി, വരുമാന വർധന, തൊഴിൽസൃഷ്ടി, പിന്തുണാ ആവശ്യകത എന്നിവ ഡേറ്റാ അധിഷ്ഠിതമായി നിരീക്ഷിക്കുന്ന സംവിധാനവും ഇതിനായി ഒരുക്കിയിട്ടുണ്ട്.

സ്ത്രീകൾ നയിക്കുന്ന സൂക്ഷ്മസംരംഭങ്ങളെ ഉപജീവനാധിഷ്ഠിത പ്രവർത്തനങ്ങളിൽ നിന്ന് വളർച്ചാധിഷ്ഠിതവും സുസ്ഥിരവുമായ ബിസിനസ് സംരംഭങ്ങളാക്കി മാറ്റി കൂടുതൽ തൊഴിലും വരുമാനവും സൃഷ്ടിക്കാൻ സഹായിക്കുന്ന സമഗ്ര വികസന ഇടപെടലാണ് "പുനർജ്വാല" ക്യാമ്പയിൻ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img