
കൊല്ലം: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതോടെ രാജ്യം കടുത്ത ഇന്ധന പ്രതിസന്ധിയിലേക്ക്. പൊതുമേഖലാ എണ്ണക്കമ്പനികൾ ഇന്ധന വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിത്തുടങ്ങിയതോടെ പമ്പുകളുടെ പ്രവർത്തനസമയം വെട്ടിച്ചുരുക്കാൻ ഉടമകൾ ആലോചിക്കുന്നു. ആവശ്യത്തിന് ഇന്ധനം ലഭ്യമായില്ലെങ്കിൽ പമ്പുകളുടെ പ്രവർത്തനം രാവിലെ ഏഴ് മണി മുതൽ രാത്രി ഏഴ് മണി വരെ മാത്രമായി പരിമിതപ്പെടുത്താനാണ് തീരുമാനം.
നഷ്ടം നികത്താൻ വിതരണ നിയന്ത്രണം
ഒരു ലിറ്റർ പെട്രോളിന് 20 രൂപയും ഡീസലിന് 40 രൂപയും നഷ്ടം സഹിച്ചാണ് തങ്ങൾ വിൽക്കുന്നതെന്നാണ് പൊതുമേഖലാ കമ്പനികളുടെ വാദം. ഈ വൻ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനായി വിതരണത്തിൽ വൻതോതിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. കൊച്ചി ഇരുമ്പനത്തെ ടെർമിനലിൽ ഇന്ധനമെടുക്കാൻ എത്തിയ ടാങ്കറുകൾക്ക് ആദ്യം ലോഡ് നൽകാൻ അധികൃതർ തയ്യാറാകാതിരുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. പിന്നീട് സംഘടനാ നേതാക്കളുടെ ഇടപെടലിനെത്തുടർന്നാണ് വിതരണം പുനരാരംഭിച്ചത്. വരും ദിവസങ്ങളിൽ പണം മുൻകൂട്ടി അടയ്ക്കുന്നവർക്ക് മാത്രം ഇന്ധനം നൽകുന്ന രീതിയിലേക്ക് നിയന്ത്രണം കടുപ്പിക്കാനാണ് കമ്പനികളുടെ നീക്കം.
യാത്രാമേഖല സ്തംഭിച്ചേക്കും
ജില്ലയിലെ 235 പമ്പുകളിൽ ഭൂരിഭാഗവും പൊതുമേഖലാ ഡീലർമാരാണ്. ഇതിൽ 65 ശതമാനം പമ്പുകളും 24 മണിക്കൂർ പ്രവർത്തിക്കുന്നവയുമാണ്. രാത്രികാലങ്ങളിൽ പമ്പുകൾ അടയ്ക്കുന്നതോടെ പകൽ സമയങ്ങളിൽ വാഹനങ്ങളുടെ വൻ തിരക്ക് അനുഭവപ്പെടാനും ഗതാഗത സംവിധാനങ്ങൾ താറുമാറാകാനും സാധ്യതയുണ്ട്. സ്വകാര്യ കമ്പനികൾ നേരത്തെ തന്നെ ഇന്ധനവില വർദ്ധിപ്പിച്ചിരുന്നെങ്കിലും പൊതുമേഖലാ കമ്പനികൾ വില ഉയർത്താത്തത് സാധാരണക്കാർക്ക് ആശ്വാസമായിരുന്നു. എന്നാൽ വിതരണത്തിലെ കുറവ് ഈ ആശ്വാസത്തിന് തിരിച്ചടിയാകുകയാണ്.
"ഇന്ധനമില്ലാതെ പമ്പുകൾ തുറന്നിരുന്നാൽ വാഹന യാത്രക്കാരുമായി തർക്കങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കൂടാതെ തൊഴിലാളികളുടെ കൂലിയും വൈദ്യുതി ചാർജ്ജും വലിയ ബാധ്യതയാകും. ഈ സാഹചര്യം ഒഴിവാക്കാനാണ് പ്രവർത്തന സമയം 12 മണിക്കൂറായി കുറയ്ക്കുന്നത് പരിഗണിക്കുന്നത്."
— സഫ അഷ്റഫ് (സെക്രട്ടറി, ദി ക്വയിലോൺ ഡിസ്ട്രിക്ട് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ)
നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്തെ ചരക്ക് നീക്കത്തെയും പൊതുഗതാഗതത്തെയും ഇത് ഗുരുതരമായി ബാധിക്കുമെന്ന് ഉറപ്പാണ്.










