കൊച്ചി : നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി ഏഴര വർഷത്തിന് ശേഷം ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പൾസർ സുനിയുടെ പിന്നിലെ സാമ്പത്തിക ശ്രോതസ് ആരെന്ന അന്വേഷണവുമായി സ്പഷ്യൽ ബ്രാഞ്ച്. ജയിലിന് പുറത്തെത്തിയ പൾസർ സുനിയുടെ യാത്രകൾ വിലകൂടിയ ആഡംബര വാഹനങ്ങളിലാണെന്ന കണ്ടെത്തലാണ് പ്രതിയുടെ സാമ്പത്തിക ഉറവിടം അന്വേഷിക്കാൻ ഇടയാക്കിയിരിക്കുന്നത്. സുപ്രീം കോടതി ജാമ്യം അനുവദിച്ചതോടെ ഇക്കഴിഞ്ഞ 20 നാണ് എറണാകുളം സബ് ജയിലിൽ നിന്നും പൾസർ സുനി പുറത്തിറങ്ങിയത്. എന്നാൽ, ഇടത്തരം സാമ്പത്തിക സ്ഥിതിയുള്ള പൾസർ സുനിയുടെ പിന്നീടുള്ള യാത്രകൾ ആഡംബര വാഹനങ്ങളിലാണ്.
സെപ്റ്റംബർ 26 ന് എറണാകുളം ജില്ല മജിസ്ട്രേറ്റ് കോടതിയിൽ രണ്ടാം ഘട്ട വിചാരണയ്ക്കായി പൾസർ സുനിയെത്തിയത് കിയ കാർണവൽ എന്ന കാറിലാണ്. 30 ലക്ഷം രൂപയാണ് ഈ ആഡംബര കാറിന്റെ വില. തൊട്ടടുത്ത ദിവസം സുനി എത്തിയത് ഥാർ ജീപ്പിലാണ്. 16 മുതൽ 20 ലക്ഷം രൂപ വിലയുളള ഈ വാഹനം (KL 66D 4000) കുട്ടനാട് ആർടിഒ രജിസ്ട്രേഷനിൽ കുഞ്ഞുമോളെന്ന വ്യക്തിയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇടത്തരം സാമ്പത്തിക പശ്ചാത്തലത്തിലുള്ള സുനിക്ക് എവിടെ നിന്നാണ് ഈ ആഢംബര വാഹനങ്ങൾ ലഭിക്കുന്നതെന്നാണ് സ്പെഷ്യൽ ബ്രാഞ്ചിന്റെ അന്വേഷണം.