09:22pm 02 October 2026
NEWS
വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് പൊതുജനങ്ങൾ ജാഗ്രത പാലിക്കുക
02/10/2026  06:55 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ  സാമ്പത്തിക തട്ടിപ്പ്  പൊതുജനങ്ങൾ  ജാഗ്രത പാലിക്കുക

ഇന്റർനെറ്റിൽ തിരയുന്ന കസ്റ്റമർ കെയർ നമ്പറുകൾ വഴി പണവും വ്യക്തിഗത വിവരങ്ങളും ചോരുന്ന തട്ടിപ്പുകൾ വർധിക്കുന്നു. ബാങ്കുകൾ, ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയ വിവിധ സ്ഥാപനങ്ങളുടെ പേരിൽ തട്ടിപ്പുകാർ ഇന്റർനെറ്റിൽ വ്യാജ നമ്പറുകൾ പോസ്റ്റ് ചെയ്താണ് ഉപഭോക്താക്കളെ വലയിലാക്കുന്നത്.

സഹായത്തിനായി ഉപഭോക്താക്കൾ ഈ നമ്പറുകളിലേക്ക് വിളിക്കുമ്പോൾ നേരിട്ട് കണക്റ്റാകില്ല. തുടർന്ന് കസ്റ്റമർ സപ്പോർട്ട് ഏജന്റാണെന്ന വ്യാജേന തട്ടിപ്പുകാർ തിരികെ വിളിക്കുകയാണ് ചെയ്യുന്നത്. പരാതി പരിഹരിക്കാനെന്ന പേരിൽ ഫോണിൽ റിമോട്ട് ആക്‌സസ് അല്ലെങ്കിൽ സ്‌ക്രീൻ ഷെയറിംഗ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും. തുടർന്ന് രജിസ്ട്രേഷൻ ഫീസെന്നോ വെരിഫിക്കേഷൻ ഫീസെന്നോ പറഞ്ഞ് അഞ്ചു രൂപ പോലെയുള്ള ചെറിയ തുക അടയ്ക്കാൻ നിർദ്ദേശിക്കും. ഇതിലൂടെ ബാങ്കിംഗ് വിവരങ്ങളും വ്യക്തിഗത വിവരങ്ങളും ചോർത്തി വൻ സാമ്പത്തിക തട്ടിപ്പാണ് ഇവർ നടത്തുന്നത്.

ഗൂഗിളിൽ തിരയുമ്പോൾ ലഭിക്കുന്ന കസ്റ്റമർ കെയർ നമ്പറുകൾ പൂർണ്ണമായി വിശ്വസിക്കരുത്. ഏതൊരു സേവനത്തിനും സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റോ ആപ്പോ മാത്രം ഉപയോഗിക്കുക. അജ്ഞാതരുടെ ആവശ്യപ്രകാരം യാതൊരു കാരണവശാലും റിമോട്ട് ആക്‌സസ് ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുകയോ രജിസ്‌‌ട്രേഷൻ ഫീസുകൾ നൽകുകയോ ചെയ്യരുത്. ഒ.ടി.പി, പിൻ, പാസ്‌വേഡ്, കാർഡ് വിവരങ്ങൾ തുടങ്ങിയവ ആരുമായും പങ്കുവെക്കരുത്. ഫോൺ സംഭാഷണത്തിനിടെ എന്തെങ്കിലും സംശയം തോന്നിയാൽ ഉടൻ കോൾ അവസാനിപ്പിച്ച് ഔദ്യോഗിക വിവരങ്ങൾ വഴി ബന്ധപ്പെടുകയോ തൊട്ടടുത്ത ബ്രാഞ്ച് നേരിട്ട് സന്ദർശിക്കുകയോ ചെയ്യുക. 

ഏതെങ്കിലും തരത്തിലുള്ള സൈബർ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻതന്നെ  1930 എന്ന സൈബർ ഹെൽപ് ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടൽ വഴിയോ പരാതി നൽകേണ്ടതാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img