08:19pm 11 November 2026
NEWS
പൊതുസേവനാവകാശ നിയമം നിലവിൽ വന്നു: വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്ക് പിഴ
05/11/2025  05:54 PM IST
സുരേഷ് വണ്ടന്നൂർ
പൊതുസേവനാവകാശ നിയമം നിലവിൽ വന്നു: വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്ക് പിഴ

സംസ്ഥാനത്തെ പൗരന്മാർക്ക് നിശ്ചിത സമയപരിധിക്കുള്ളിൽ പൊതുസേവനങ്ങൾ ലഭ്യമാക്കുന്നതിനും, വീഴ്ച വരുത്തുന്ന പൊതുസേവകരെ ഉത്തരവാദിത്വപ്പെടുത്തുന്നതിനും വേണ്ടിയുള്ള 2025-ലെ കേരള പൊതുസേവനാവകാശ ആക്റ്റ് നിലവിൽ വന്നു.  
​കേരള സർക്കാർ 2025 നവംബർ 4-ലെ അസാധാരണ ഗസറ്റിലാണ് (Extraordinary Gazette) ഈ ആക്റ്റ് പ്രസിദ്ധീകരിച്ചത്. നിയമസഭ പാസ്സാക്കിയ ബില്ലിന് 2025 ഒക്ടോബർ 30-ന് ഗവർണറുടെ അനുമതി ലഭിച്ചിരുന്നു.  

​നിയമത്തിലെ പ്രധാന വ്യവസ്ഥകൾ:

​സമയബന്ധിത സേവനം:

 ഈ ആക്ട് പ്രകാരം വിജ്ഞാപനം ചെയ്യപ്പെടുന്ന എല്ലാ സേവനങ്ങളും നിശ്ചിത സമയപരിധിക്കുള്ളിൽ ലഭിക്കാൻ അർഹതയുള്ള ഓരോ പൗരനും അവകാശം ഉണ്ടായിരിക്കും.  
​ഉദ്യോഗസ്ഥരെ നിശ്ചയിക്കണം: നിയമം പ്രാബല്യത്തിൽ വന്ന് ആറ് മാസത്തിനകം, ഓരോ വകുപ്പ് മേധാവിയും തങ്ങൾ നൽകുന്ന പൊതുസേവനങ്ങൾ, നിശ്ചിത സമയപരിധി, നിയുക്ത ഉദ്യോഗസ്ഥൻ, ഒന്നാം അപ്പീൽ അധികാരി എന്നിവ വിജ്ഞാപനം ചെയ്യേണ്ടതാണ്.  
​ഇലക്ട്രോണിക് സേവനം: എല്ലാ പൊതുഅധികാര സ്ഥാപനങ്ങളും പൊതുസേവനങ്ങൾ ഇലക്ട്രോണിക് മോഡിൽ പ്രദാനം ചെയ്യണം. ഇതിനായി പട്ടിക ആറ് മാസത്തിനുള്ളിൽ പ്രസിദ്ധപ്പെടുത്തണം.  

​അപ്പീൽ സംവിധാനം:

​സേവനം നിഷേധിക്കപ്പെടുകയോ സമയപരിധിക്കുള്ളിൽ ലഭിക്കാതിരിക്കുകയോ ചെയ്താൽ 30 ദിവസത്തിനുള്ളിൽ ഒന്നാം അപ്പീൽ അധികാരിക്ക് അപ്പീൽ നൽകാം.  
​ഒന്നാം അപ്പീൽ അധികാരിയുടെ ഉത്തരവിൽ തൃപ്തരല്ലാത്തവർക്ക് 30 ദിവസത്തിനുള്ളിൽ രണ്ടാം അപ്പീൽ അധികാരിക്ക് മുന്നിൽ പോകാം.  
​രണ്ടാം അപ്പീൽ അധികാരിയുടെ ഉത്തരവിനെതിരെ 60 ദിവസത്തിനുള്ളിൽ സംസ്ഥാന സേവനാവകാശ കമ്മീഷന് റിവിഷൻ ഹർജി നൽകാവുന്നതാണ്.  
​ ഈ ആക്ടിന്റെ നടത്തിപ്പിനായി എത്രയും വേഗം കേരള സംസ്ഥാന സേവനാവകാശ കമ്മീഷൻ രൂപീകരിക്കും.  

​പിഴയും നടപടിയും:

​സേവനം നൽകുന്നതിൽ വീഴ്ച വരുത്തുകയോ അനാവശ്യമായി കാലതാമസം വരുത്തുകയോ ചെയ്യുന്ന നിയുക്ത ഉദ്യോഗസ്ഥരിൽ നിന്ന് കുറഞ്ഞത് 1,000 രൂപ മുതൽ 10,000 രൂപ വരെ പിഴ ഈടാക്കാൻ ഒന്നാം അപ്പീൽ അധികാരിക്ക് അധികാരമുണ്ട്.  
​അപ്പീൽ തീർപ്പാക്കുന്നതിൽ കാലതാമസം വരുത്തുന്ന ഒന്നാം അപ്പീൽ അധികാരിക്ക് 2,000 രൂപ മുതൽ 15,000 രൂപ വരെ പിഴ ചുമത്താൻ രണ്ടാം അപ്പീൽ അധികാരിക്ക് സാധിക്കും.  
​വീഴ്ച ആവർത്തിക്കുകയോ മനഃപൂർവം കാലതാമസം വരുത്തുകയോ ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്യാനും കമ്മീഷന് അധികാരമുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img