
കൊച്ചി: വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ജില്ലയിൽ യുഡിഎഫിന് മികച്ച വിജയം ഉണ്ടാകുമെന്നും നിലവിലെ ജനവികാരം എൽഡിഎഫിനും ബിജെപിക്കും മറ്റു പാർട്ടികൾക്കും എതിരാണെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ജില്ലാ പഞ്ചായത്ത് മുഴുവൻ ഡിവിഷനുകളിലേക്കും നാമ നിർദ്ദേശക പത്രിക നൽകി. കഴിഞ്ഞ അഞ്ചു വർഷക്കാലം ജില്ലാ പഞ്ചായത്ത് ഭരണസമിതി നടത്തിയ വികസന പ്രവർത്തനങ്ങൾ സമാനതകൾ ഇല്ലാത്തതാണ്. ഒട്ടേറെ ജനോപകാര പദ്ധതികൾ ജില്ലാ പഞ്ചായത്ത് നടപ്പാക്കി. അതുകൊണ്ടുതന്നെ കഴിഞ്ഞതവണ ലഭിച്ചതിനേക്കാൾ കൂടുതൽ സീറ്റുകളുമായി ജില്ലാ പഞ്ചായത്ത് ഭരണത്തിൽ യുഡിഎഫ് തുടരുക തന്നെ ചെയ്യും. കോർപ്പറേഷനിലും 76 സീറ്റുകളിലും യുഡിഎഫ് സ്ഥാനാർത്ഥികൾ സജീവമായി തന്നെ പ്രചാരണ രംഗത്തുണ്ട്. കഴിഞ്ഞ അഞ്ചു വർഷക്കാലം നഗരസഭയെ ഭരിച്ച് മുടിച്ച ഇടതുമുന്നണിയെ കൈകാര്യം ചെയ്യുവാനുള്ള അവസരമായിട്ടാണ് ഈ തെരഞ്ഞെടുപ്പിനെ ജനങ്ങൾ കാണുന്നത്. സ്വാഭാവികമായും ജനങ്ങൾക്ക് മുൻപ് ഉണ്ടായിരുന്ന ഭരണസമിതിയോടുള്ള എതിർപ്പ് ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. മറ്റ് നഗരസഭകളിലേക്കും ബ്ലോക്ക് പഞ്ചായത്തുകളിലേക്കും ഗ്രാമപഞ്ചായത്തുകളിലേക്കും യുഡിഎഫ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശക പത്രിക സമർപ്പിച്ചിട്ടുണ്ട്. എല്ലായിടത്തും തർക്കങ്ങളും മറ്റ് പ്രശ്നങ്ങളും ഇല്ലാതെയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായത്. യുവാക്കൾക്കും വനിതകൾക്കും പുതുമുഖങ്ങൾക്കും ഒരുപോലെ പരിഗണന നൽകിയ സ്ഥാനാർത്ഥിപ്പട്ടികയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. മാസങ്ങൾക്കു മുൻപേ തിരഞ്ഞെടുപ്പ് മുൻപിൽ കണ്ടുള്ള പ്രവർത്തനങ്ങളും കോൺഗ്രസ് നടത്തിയിരുന്നു. ഇതെല്ലാം വരുന്ന തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുമെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.
Photo Courtesy - Google







