09:04pm 26 November 2026
NEWS
ജനകീയ പ്രതിഷേധം ഫലം കണ്ടു; തുരങ്കപ്പാത ലാൽബാഗിൽ നിന്ന് മാറ്റാൻ കർണാടക സർക്കാർ.
26/11/2026  02:58 PM IST
വിഷ്ണുമംഗലം കുമാർ
ജനകീയ പ്രതിഷേധം ഫലം കണ്ടു; തുരങ്കപ്പാത  ലാൽബാഗിൽ നിന്ന് മാറ്റാൻ കർണാടക സർക്കാർ


ബെംഗളൂരു:   ശക്തമായ ജനകീയ പ്രതിഷേധത്തെത്തുടർന്ന് നഗരത്തിലെ വടക്ക്-തെക്ക് തുരങ്കപ്പാത പദ്ധതിയിൽ നിന്ന് പ്രശസ്തമായ ലാൽബാഗിനെ ഒഴിവാക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു. ടണൽ റോഡിനായി ലാൽബാഗിനുള്ളിൽ ആറേക്കറോളം സ്ഥലം ഏറ്റെടുക്കാനുള്ള നേരത്തെയുള്ള പദ്ധതി ഉപേക്ഷിച്ചതായും പകരം രണ്ട് ബദൽ അലൈൻമെന്റുകൾ പരിഗണിച്ചുവരികയാണെന്നും ഗ്രേറ്റർ ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരേ ഗൗഡ അറിയിച്ചു.
ഹെബ്ബാളിനെയും സിൽക്ക് ബോർഡ് ജംഗ്ഷനെയും ബന്ധിപ്പിക്കുന്ന 16.75 കിലോമീറ്റർ ദൈർഘ്യമുള്ള ഇരട്ട ടണൽ റോഡ് പദ്ധതിയുടെ ഭാഗമായാണ് ലാൽബാഗിലെ സ്ഥലം ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ നഗരത്തിന്റെ പച്ചപ്പും പൈതൃകവും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകരും വിവിധ സംഘടനകളും നഗരവാസികളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
പ്രതിഷേധം കണക്കിലെടുത്ത് അലൈൻമെന്റ് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ധനകാര്യ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട സമിതി ഇതിനായി രൂപീകരിച്ചു. രണ്ട് ബദൽ സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും അവയുടെ ഗുണദോഷങ്ങളും സാമ്പത്തിക ബാധ്യതകളും പരിശോധിച്ചശേഷം അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പുതിയ അലൈൻമെന്റ് സ്വീകരിക്കുന്നതോടെ ടണൽ റോഡിന്റെ ദൈർഘ്യവും നിർമാണച്ചെലവും വർധിക്കും. സർക്കാരിന്റെ വിഹിതമായി 7,000 കോടി രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. ടോൾ നിരക്കുകൾ ദേശീയപാത അതോറിറ്റിയുടെ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും. ദൂരം കൂടുന്നതിനാൽ ടോൾ പിരിവിന്റെ കാലാവധിയും വർധിക്കുമെന്ന് മന്ത്രി പറഞ്ഞു.
(പ്രതിഷേധം തുടരുമെന്ന് തേജസ്വി സൂര്യ)
ലാൽബാഗിനെ പദ്ധതിയിൽനിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തെ ബെംഗളൂരു ദക്ഷിണ എം.പി. തേജസ്വി സൂര്യ സ്വാഗതം ചെയ്തു. ഇത് നഗരവാസികളുടെ കൂട്ടായ പോരാട്ടത്തിന്റെ പ്രാഥമിക വിജയമാണെന്ന് അദ്ദേഹം പ്രതികരിച്ചു. എന്നാൽ അലൈൻമെന്റ് മാറ്റിയതുകൊണ്ട് മാത്രം പദ്ധതി ശാസ്ത്രീയമാകില്ലെന്നും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ വിദഗ്ധർ ടണൽ റോഡ് ഗതാഗതക്കുരുക്ക് വർധിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ടണൽ റോഡ് പദ്ധതിക്കായി മെട്രോയുടെ റെഡ് ലൈൻ വികസനം തടസ്സപ്പെടുകയാണെന്നും വെറ്ററിനറി കോളജ് മെട്രോ സ്റ്റേഷൻ ഒഴിവാക്കപ്പെട്ടതായും അദ്ദേഹം ആരോപിച്ചു. ഹെബ്ബാൾ തടാകത്തിന്റെ 3.3 ഏക്കർ പ്രദേശത്തിനും നിർദിഷ്ട ഹ്രസ്വ ടണൽ പദ്ധതി ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയ സൂര്യ, തടാകവും ലാൽബാഗും ഒരുപോലെ സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടു.
(17,698 കോടിയുടെ പദ്ധതി)
ഹെബ്ബാൾ–സിൽക്ക് ബോർഡ് ടണൽ റോഡിന് പുറമെ കെ.ആർ. പുരം–മൈസൂരു റോഡ് ഇടനാഴിയിലും ടണൽ റോഡ് നിർമിക്കാനാണ് സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നത്. ബിൽഡ്–ഓപ്പറേറ്റ്–ട്രാൻസ്ഫർ (BOOT) മാതൃകയിൽ ടോൾ പിരിവ് അടിസ്ഥാനമാക്കിയാണ് പദ്ധതികൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.
ഹെബ്ബാൾ–സിൽക്ക് ബോർഡ് ഇടനാഴിയുടെ നിർമാണത്തിന് സർക്കാർ കണക്കാക്കിയിരുന്നത് 17,698 കോടി രൂപയായിരുന്നു. എന്നാൽ ടെൻഡറിൽ അദാനി ഗ്രൂപ്പ് 22,267 കോടി രൂപയുടെ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തി.
ലാൽബാഗിനെ സംരക്ഷിക്കാനുള്ള ജനകീയ ഇടപെടൽ വിജയിച്ചെങ്കിലും ടണൽ റോഡിന്റെ ആവശ്യകതയും നഗരത്തിന്റെ ഗതാഗത ഭാവിയും സംബന്ധിച്ച ചർച്ചകൾ ബെംഗളൂരുവിൽ തുടരുകയാണ്. സ്വകാര്യ വാഹനങ്ങൾക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിനു പകരം മെട്രോ, സബർബൻ റെയിൽ, ബസ് സർവീസ്, കാൽനട യാത്രാസൗകര്യങ്ങൾ എന്നിവ ശക്തിപ്പെടുത്തണമെന്ന ആവശ്യവും ശക്തമാകുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img