08:56am 09 November 2026
NEWS
വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് തട്ടിപ്പ്: ഔദ്യോഗിക രേഖകൾ ചമയ്ക്കലിനും പൊതുപണം ദുരുപയോഗം ചെയ്തതിനും കേസെടുത്ത് പബ്ലിക് പ്രോസിക്യൂഷൻ
29/07/2026  09:57 AM IST
nila
വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് തട്ടിപ്പ്: ഔദ്യോഗിക രേഖകൾ ചമയ്ക്കലിനും പൊതുപണം ദുരുപയോഗം ചെയ്തതിനും കേസെടുത്ത് പബ്ലിക് പ്രോസിക്യൂഷൻ

ദോഹ: വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച് നൽകുകയും സർക്കാരിലേക്ക് സമർപ്പിച്ച് അനധികൃതമായി അവധി ആനുകൂല്യങ്ങൾ കൈപ്പറ്റുകയും ചെയ്ത സംഭവത്തിൽ ഖത്തർ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ശക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഖത്തർ പൗരത്വമുള്ള വനിത ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
​വിദേശത്തുള്ള ചിലരുമായി ചേർന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (HMC) പേരിൽ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി നൽകിയതിനാണ് പ്രധാന പ്രതിക്കെതിരെ അന്വേഷണം നടക്കുന്നത്. പ്രതി തന്റെ ബാങ്ക് അക്കൗണ്ട് വഴി പണം വാങ്ങിയാണ് വിദ്യാർത്ഥികൾക്കും വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
​ഈ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് പ്രതികൾ അനധികൃതമായി അവധി നേടിയെടുക്കാൻ ഇവ സർക്കാർ സ്ഥാപനങ്ങളിൽ സമർപ്പിച്ചത്. സംഭവത്തിൽ കൂടുതൽ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
​സ്വീകരിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റുകളുടെ സത്യാവസ്ഥ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് എല്ലാ വകുപ്പുകളോടും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജമെന്ന് സംശയമുള്ള സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയാൽ ഉടനടി നിയമനടപടി സ്വീകരിക്കാനായി റിപ്പോർട്ട് ചെയ്യണമെന്നും പബ്ലിക് പ്രോസിക്യൂഷൻ നിർദ്ദേശിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img