
ദോഹ: വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച് നൽകുകയും സർക്കാരിലേക്ക് സമർപ്പിച്ച് അനധികൃതമായി അവധി ആനുകൂല്യങ്ങൾ കൈപ്പറ്റുകയും ചെയ്ത സംഭവത്തിൽ ഖത്തർ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ശക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഖത്തർ പൗരത്വമുള്ള വനിത ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വിദേശത്തുള്ള ചിലരുമായി ചേർന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (HMC) പേരിൽ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി നൽകിയതിനാണ് പ്രധാന പ്രതിക്കെതിരെ അന്വേഷണം നടക്കുന്നത്. പ്രതി തന്റെ ബാങ്ക് അക്കൗണ്ട് വഴി പണം വാങ്ങിയാണ് വിദ്യാർത്ഥികൾക്കും വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ഈ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് പ്രതികൾ അനധികൃതമായി അവധി നേടിയെടുക്കാൻ ഇവ സർക്കാർ സ്ഥാപനങ്ങളിൽ സമർപ്പിച്ചത്. സംഭവത്തിൽ കൂടുതൽ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
സ്വീകരിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റുകളുടെ സത്യാവസ്ഥ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് എല്ലാ വകുപ്പുകളോടും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജമെന്ന് സംശയമുള്ള സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയാൽ ഉടനടി നിയമനടപടി സ്വീകരിക്കാനായി റിപ്പോർട്ട് ചെയ്യണമെന്നും പബ്ലിക് പ്രോസിക്യൂഷൻ നിർദ്ദേശിച്ചു.











