
ദോഹ: ഖത്തറിൻ്റെ മുൻ ഭരണാധികാരിയും ഫാദർ അമീറുമായ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് നാല് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. അമീരി ദിവാനാണ് ഇത് സംബന്ധിച്ച ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തുവിട്ടത്.
ജൂലൈ 12 ഞായറാഴ്ച മുതൽ നാല് ദിവസത്തേക്കാണ് ദുഃഖാചരണം. രാജ്യത്തോടുള്ള അദ്ദേഹത്തിൻ്റെ സമാനതകളില്ലാത്ത സംഭാവനകളെയും സേവനങ്ങളെയും ഓർമ്മിപ്പിക്കുന്ന വലിയൊരു നഷ്ടത്തിലാണ് ഖത്തർ ജനതയെന്ന് അമീരി ദിവാൻ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.
ദുഃഖാചരണത്തിൻ്റെ ഭാഗമായി രാജ്യത്തെ മന്ത്രാലയങ്ങൾ, മറ്റ് സർക്കാർ ഏജൻസികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ എന്നിവയ്ക്ക് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂലൈ 13 തിങ്കളാഴ്ച മുതൽതുടങ്ങുന്ന 4ദിവസത്തെ അവധികുശേഷം
ജൂലൈ 19 ഞായറാഴ്ച മുതൽഓഫീസുകൾ പുനരാരംഭിക്കും.ഔദ്യോഗിക ദുഃഖാചരണം നിലനിൽക്കുന്ന നാല് ദിവസങ്ങളിൽ രാജ്യത്തുടനീളമുള്ള സർക്കാർ ഓഫീസുകളിലും പൊതുസ്ഥാപനങ്ങളിലും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുമെന്നും അമീരി ദിവാൻ അറിയിച്ചു. പരേതനായ പിതാവ് അമീറിൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും അദ്ദേഹത്തോട് അല്ലാഹു കരുണ കാണിക്കട്ടെയെന്നും അമീരി ദിവാൻ പ്രാർത്ഥിച്ചു.










