09:34pm 09 November 2026
NEWS
ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ പി.ടി. ഉഷയ്ക്ക് തിരിച്ചടി; വനിതകളുടെ പോരാട്ടത്തിൽ അഞ്ജു ബോബി ജോർജിന് ജയം
09/11/2026  07:49 PM IST
nila
 ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ പി.ടി. ഉഷയ്ക്ക് തിരിച്ചടി; വനിതകളുടെ പോരാട്ടത്തിൽ അഞ്ജു ബോബി ജോർജിന് ജയം

ന്യൂഡൽഹി: ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) വനിതാ പ്രതിനിധികളുടെ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് പി.ടി. ഉഷയ്ക്ക് കനത്ത തിരിച്ചടി. സ്പോർട്സ്മാൻ ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് (എസ്ഒഎം) വിഭാഗത്തിലെ നാലു വനിതാ സീറ്റുകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ഉഷ പരാജയപ്പെട്ടു. മലയാളി അത്‌ലീറ്റ് അഞ്ജു ബോബി ജോർജ്, മുൻ ബാഡ്മിന്റൻ താരം സൈന നെഹ്‌വാൾ എന്നിവർ ഉൾപ്പെട്ട പാനലിലെ മുഴുവൻ സ്ഥാനാർഥികളും വിജയിച്ചു.

നാലു സീറ്റുകളിലേക്ക് പി.ടി. ഉഷ ഉൾപ്പെടെ ആറുപേരാണ് മത്സരിച്ചത്. മുൻ അമ്പെയ്ത്ത് താരം ഡോള ബാനർജി, മുൻ ഇന്ത്യൻ വനിതാ ഹോക്കി ടീം ക്യാപ്റ്റൻ റാണി രാംപാൽ എന്നിവരും വിജയിച്ചവരിൽ ഉൾപ്പെടുന്നു. 40 പുരുഷന്മാരും 40 വനിതകളുമടക്കം 80 എസ്ഒഎം അംഗങ്ങളായിരുന്നു വോട്ടർമാർ.

ഇതോടെ ഡിസംബർ അഞ്ചിന് നടക്കുന്ന ഐഒഎ എക്സിക്യൂട്ടീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ഉഷയുടെ സാധ്യതകളും മങ്ങിയിരിക്കുകയാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് എസ്ഒഎം അംഗമോ ഐഒഎ ജനറൽ അസംബ്ലി അംഗമോ ആയിരിക്കണമെന്നാണ് ഭരണഘടനയിലെ വ്യവസ്ഥ. ദേശീയ കായിക ഫെഡറേഷനുകളിലൊന്നിന്റെ (എൻഎസ്എഫ്) നാമനിർദേശം ലഭിച്ച് ജനറൽ അസംബ്ലി അംഗത്വം നേടുകയാണ് ഇനി ഉഷയ്ക്ക് മുന്നിലുള്ള വഴി. എന്നാൽ അതിനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. അത്‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (എഎഫ്ഐ) പ്രതിനിധികളിലൊരാളായി ഉഷയെ തിരഞ്ഞെടുക്കാൻ സാധ്യതയില്ലെന്നാണ് സൂചന.

2022ൽ എസ്ഒഎം വിഭാഗത്തിലൂടെ എതിരില്ലാതെയാണ് ഉഷ ഐഒഎയുടെ ആദ്യ വനിതാ പ്രസിഡന്റായി അധികാരത്തിലെത്തിയത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ അവരുടെ തുടർഭരണത്തിനും അനിശ്ചിതത്വം നേരിടുകയാണ്.

അതേസമയം, ശനിയാഴ്ച നടന്ന പുരുഷ വിഭാഗത്തിലെ നാല് എസ്ഒഎം സ്ഥാനങ്ങളിലേക്കും എതിരില്ലാതെയാണ് തിരഞ്ഞെടുപ്പ് നടന്നത്. ഒളിംപിക് മെഡൽ ജേതാക്കളായ ഗഗൻ നാരംഗ്, വിജേന്ദർ സിങ്, യോഗേശ്വർ ദത്ത്, മുൻ ടേബിൾ ടെന്നിസ് താരം കമലേഷ് മേത്ത എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. എട്ടു സ്ഥാനാർഥികൾ പത്രിക പിൻവലിച്ചതോടെയാണ് നാലുപേരും എതിരില്ലാതെ വിജയിച്ചത്.

വനിതാ, പുരുഷ വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട എട്ടുപേരും ഐഒഎ ജനറൽ അസംബ്ലിയിൽ അംഗങ്ങളാകും. ഡിസംബർ അഞ്ചിലെ എക്സിക്യൂട്ടീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനും സ്ഥാനാർഥികളാകാനും ഇവർക്ക് അവസരമുണ്ട്. ഇവരിൽനിന്ന് ഒരു പുരുഷനും ഒരു വനിതയും എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെടും.

പരാതികൾക്കു പിന്നാലെ വിവാദം

എസ്ഒഎം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പി.ടി. ഉഷ നൽകിയ പരാതിയാണ് ഐഒഎയിലെ തർക്കങ്ങൾക്ക് തുടക്കമിട്ടത്. മുൻ അമ്പെയ്ത്ത് താരം ഡോള ബാനർജി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കുമാർ ശ്രീവാസ്തവയ്ക്ക് ഉഷ പരാതി നൽകിയിരുന്നു.

ഡോള ബാനർജിയുടെ പേരിലുള്ള വാട്സാപ് അക്കൗണ്ടിൽനിന്ന് 'ന്യൂ ഭാരത് പാനൽ' എന്ന സംഘത്തിന് പിന്തുണ തേടി സന്ദേശങ്ങൾ പ്രചരിപ്പിച്ചെന്നായിരുന്നു പരാതി. നാല് സ്ഥാനാർഥികളുടെ പേരുകളും ബാലറ്റ് സീരിയൽ നമ്പറുകളും വോട്ടർ പട്ടികയിലെ നമ്പറുകളും ഉൾപ്പെടുത്തി അവർക്ക് വോട്ട് ചെയ്യണമെന്ന് സന്ദേശത്തിൽ ആവശ്യപ്പെട്ടതായും ഉഷ ആരോപിച്ചിരുന്നു.

ഇതിനിടെ കോമൺവെൽത്ത് ഗെയിംസ് സ്വർണ മെഡൽ ജേതാവും ഭാരോദ്വഹന താരവുമായ സതീഷ് ശിവലിംഗവും തിരഞ്ഞെടുപ്പ് ഓഫിസർക്ക് പരാതി നൽകി. ഐഒഎ പ്രസിഡന്റായ ഒരു സ്ഥാനാർഥിക്ക് അനുകൂലമായി വോട്ടർമാരെ സ്വാധീനിക്കാൻ ആസൂത്രിത നീക്കം നടക്കുന്നുവെന്നായിരുന്നു ആരോപണം. ഇതിനായി ഐഒഎയുടെ സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും ഉഷയുടെ പേര് നേരിട്ട് പരാമർശിക്കാതെ നൽകിയ പരാതിയിൽ സതീഷ് ശിവലിംഗം ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img