11:52am 12 November 2026
NEWS
ലൈംഗിക അതിക്രമ പരാതിയിൽ സംവിധായകൻ പി.ടി.കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
24/12/2025  10:31 AM IST
nila
ലൈംഗിക അതിക്രമ പരാതിയിൽ സംവിധായകൻ പി.ടി.കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

ലൈംഗിക അതിക്രമ പരാതിയിൽ സംവിധായകൻ പി.ടി.കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്തു. മുൻകൂർജാമ്യ ഉപാധി പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പി ടി കുഞ്ഞുമുഹമ്മദിനെ വിട്ടയച്ചു. ചലച്ചിത്ര പ്രവർത്തക നൽകിയ പരാതിയിലാണ് പി.ടി.കുഞ്ഞുമുഹമ്മദിനെതിരെ പൊലീസ് കേസെടുത്തത്. ഹോട്ടൽ മുറിയിൽ വെച്ച് കയറിപ്പിടിച്ചെന്നാണ് പരാതി. എന്നാൽ, പരാതി  വ്യാജമെന്നാണ് പി.ടി.കുഞ്ഞുമുഹമ്മദിൻറെ മൊഴി.

രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി മലയാള ചിത്രങ്ങൾ തിരഞ്ഞെടുക്കുന്ന ജോലികൾക്കിടെ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. കഴിഞ്ഞമാസം 27 ന് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി 13 ദിവസത്തിന് ശേഷമാണ് പൊലീസിന് കൈമാറിയത്. ഈ സംഭവത്തിൽ ഡബ്ല്യു.സി.സി ഉൾപ്പെടെയുള്ള സംഘടനകൾ സർക്കാരിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു.

കേസിൽ പി.ടി.കുഞ്ഞുമുഹമ്മദിന് ഡിസംബർ 20നാണ് മുൻകൂർ ജാമ്യം ലഭിച്ചത്. ജാമ്യ ഉത്തരവ് ലഭിച്ച് ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം എന്ന ഉപാധിയോടെയായിരുന്നു ജാമ്യം. പൊലീസ് അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണം. സമാന കേസുകളിൽ അകപ്പെടാൻ പാടില്ല തുടങ്ങിയ വ്യവസ്ഥകളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. 

കേസിൽ പ്രോസിക്യൂഷൻറെയും പ്രതി ഭാഗത്തിൻറെയും വിശദമായ വാദം തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിൽ പൂർത്തിയായിരുന്നു. ഗുരുതരമായ കുറ്റകൃത്യം നടന്നുവെന്നും കുഞ്ഞുമുഹമ്മദിന് ജാമ്യം നൽകരുതെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഗൂഢാലോചന സംശയിക്കുന്നതായും പി.ടി.കുഞ്ഞുമുഹമ്മദിൻറെ അഭിഭാഷകനും വ്യക്തമാക്കിയിരുന്നു. സംവിധായകൻറെ അതിക്രമം അതിജീവിതയെ വല്ലാതെ തളർത്തി. ആഘാതത്തിൽ നിന്നും കരകയറാൻ ദിവസങ്ങളെടുത്തുവെന്നും രാഷ്ട്രീയപ്രേരിതമായ കേസല്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img