
ഭർത്താവിന്റെയും കുടുംബത്തിന്റെയും പീഡനത്തെ തുടർന്ന് സൈക്കോളജിസ്റ്റായ യുവതി ജീവനൊടുക്കി. ഹൈദരാബാദിലെ ബെഞ്ചാര ഹിൽസിലാണ് സംഭവം. ഡോ. എ. രജിത എന്ന മുപ്പത്തിമൂന്നുകാരിയാണ് ആത്മഹത്യ ചെയ്തത്. ഭർത്താവ് രോഹിത്തും കുടുംബംവും യുവതിയോട് പണം ആവശ്യപ്പെടുകയും കൊടുക്കാതിരുന്നാൽ മർദിക്കുകയും ചെയ്തിരുന്നതായാണ് ആരോപണം. നാലുനിലക്കെട്ടിടത്തിലെ ബാത്ത്റൂം ജനാലയിലൂടെ ചാടിയാണ് യുവതി ജീവനൊടുക്കിയത്.
രോഹിത് ബഞ്ചാര ഹിൽസിലെ ഒരു മാനസികരോഗാശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോഴാണ് യുവതി ഇയാളെ ആദ്യമായി കാണുന്നത്. രജിതയുടെ പരിചരണത്തിൽ രോഹിതിന്റെ മാനസികാരോഗ്യത്തിൽ ഗണ്യമായ പുരോഗതിയുണ്ടായി. ഇതിനു പിന്നാലെ ഇരുവരും പ്രണയത്തിലാകുകയും പിന്നാലെ വിവാഹം കഴിക്കുകയുമായിരുന്നു.
വിവാഹം കഴിഞ്ഞതിന് പിന്നാലെ രഞ്ജിത ജോലിക്ക് പോകുന്നത് രോഹിത്ത് വിലക്കി. കിട്ടുന്ന ശമ്പളത്തിന് രഞ്ജിത ധൂർത്തടിക്കുകയാണെന്നായിരുന്നു കുറ്റപ്പെടുത്തൽ. തുടർന്ന് ഹെെദരാബാദിലെ തന്നെ പ്രശസ്തമായ ഇന്റർനാഷണൽ സ്കൂളിൽ ചെെൽഡ് സെെക്കോളജിസ്റ്റായി രഞ്ജിത ജോലിയിൽ പ്രവേശിച്ചു. ഇതും രോഹിത്തിന് ഇഷ്ടമായിരുന്നില്ല. ഇതോടെ ഇയാൾ ഭാര്യയെ ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങിയെന്ന് രഞ്ജിതയുടെ മാതാപിതാക്കൾ പറയുന്നു.
രോഹിത്തിന്റെ മാതാപിതാക്കളും സഹോദരനും ഉപദ്രവിക്കാൻ തുടങ്ങിയതോടെ രഞ്ജിത കടുത്ത മാനസിക പ്രയാസത്തിലായി. ജൂലായ് 16ന് അമിത അളവിൽ ഉറക്ക ഗുളിക കഴിച്ച രഞ്ജിത ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നെങ്കിലും കൃത്യസമയത്ത് ചികിത്സ ലഭിച്ചതിനാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. പിന്നീട്, സ്വന്തം മാതാപിതാക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങിയെത്തിയ രഞ്ജിത ജൂലായ് 28ന് നാലുനിലക്കെട്ടിടത്തിലെ ബാത്ത്റൂം ജനാലയിലൂടെ ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രഞ്ജിതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. യുവതിയുടെ മരണത്തിൽ ആത്മഹത്യാ പ്രേരണയ്ക്ക് രോഹിത്തിനും കുടുംബത്തിനുമെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.











