
ദോഹ: കാഴ്ചപ്രതിബന്ധമുള്ളവരുടെ കുടുംബങ്ങൾ നേരിടുന്ന മാനസിക വെല്ലുവിളികൾക്കും ആവശ്യമായ പിന്തുണയ്ക്കുമായി ഖത്തർ സോഷ്യൽ ആൻഡ് കല്ചറൽ സെൻറർ ഫോർ ദ ബ്ലൈണ്ട് (QSCCB) ലോക കുട്ടികളുടെ ദിനത്തിന്റെ ഭാഗമായി മനഃശാസ്ത്ര പിന്തുണാ ക്ലാസ് സംഘടിപ്പിച്ചു.QSRSN ഉപദേഷ്ടാവായ ഡോ. താരിക് അൽ ഐസാവിയാണ് ക്ലാസ് നയിച്ചത്. ദൃശ്യവൈകല്യമുള്ള കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സമൂഹത്തിൽ ബോധവൽക്കരണം ഉയർത്തുകയും, ഇവർക്ക് മാനസികവും സാമൂഹികവുമായ പിന്തുണ നൽകുന്നതിൽ കുടുംബത്തിന്റെ നിർണായക പങ്ക് ഊന്നിപ്പറയുകയും ചെയ്തു.കുട്ടികളെ പരിചരിക്കുന്നതിൽ കുടുംബം തന്നെയാണ് പ്രധാന പങ്കാളിയെന്നും, അവരുടെ മാനസികാരോഗ്യം ഉറപ്പാക്കുന്നത് കുട്ടികളുടെ വളർച്ചയ്ക്ക് അനിവാര്യമാണെന്നും ഡോ. ഐസാവി വ്യക്തമാക്കി.ക്രോണിക് രോഗങ്ങൾ, അതിവലിയ മാനസിക സമ്മർദ്ദം എന്നിവ നേരിടുന്ന കൗമാരക്കാർ, സ്ത്രീകൾ, മുതിർന്നവർ എന്നിവരാണ് മാനസിക പ്രശ്നങ്ങൾക്ക് കൂടുതൽ അടുക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കുടുംബാംഗങ്ങളിൽ വൈകല്യമുള്ളവർ ഉണ്ടെങ്കിൽ, അത് കൊണ്ട് ഉണ്ടാകുന്ന മാനസിക സമ്മർദ്ദം കൈകാര്യം ചെയ്യാൻ സഹായിക്കുന്ന വിവിധ പിന്തുണാ രീതികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
ദൈനംദിന വെല്ലുവിളികൾക്ക് മുൻപിൽ കുടുംബങ്ങളെ കൂടുതൽ ശക്തരാക്കുകയും അവരുടെ ജീവിത നിലവാരം ഉയർത്തുകയും ചെയ്യുന്നതിൽ മാനസിക പിന്തുണ നിർണായകമാണെന്നായിരുന്നു ക്ലാസിന്റെ പ്രധാന സന്ദേശം.










