
ഐഡിബിഐ ബാങ്കിന്റെ ഓഹരികൾ കനേഡിയൻ നിക്ഷേപക സ്ഥാപനമായ ഫെയർഫാക്സിന് വിൽക്കാനുള്ള നീക്കത്തിനു പിന്നാലെ പൊതുമേഖലാ ബാങ്കുകളിലും ഓഹരി പങ്കാളിത്തം കുറയ്ക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, യൂകോ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവയിലെ സർക്കാർ ഓഹരികൾ വിൽക്കാനാണ് നീക്കമെന്നാണ് വിവരം.
വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളിൽ പ്രൊമോട്ടർമാരുടെ ഓഹരി പങ്കാളിത്തം പരമാവധി 75 ശതമാനമായി പരിമിതപ്പെടുത്തുന്ന സെബി ചട്ടം പാലിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് സൂചന. 2026 ഓഗസ്റ്റ് വരെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഈ വ്യവസ്ഥയിൽ ഇളവ് നൽകിയിരുന്നെങ്കിലും പിന്നീട് ഇളവ് നീട്ടിയുള്ള ഉത്തരവ് കേന്ദ്രം പുറപ്പെടുവിച്ചിട്ടില്ല. അതേസമയം, ഓഹരി വിൽപ്പന സംബന്ധിച്ച റിപ്പോർട്ടുകളിൽ കേന്ദ്രസർക്കാർ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
ഒരു വർഷത്തിനുള്ളിൽ ഓഹരി വിഹിതം കുറയ്ക്കും
അടുത്ത ഒരു വർഷത്തിനുള്ളിൽ നാല് ബാങ്കുകളിലെയും പൊതുനിക്ഷേപകരുടെ ഓഹരി പങ്കാളിത്തം 25 ശതമാനത്തിനു മുകളിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു. ഓഫർ ഫോർ സെയിൽ (ഒഎഫ്എസ്) വഴിയായിരിക്കും ഓഹരികൾ വിൽക്കുക. വിപണിയിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാകും വിൽപ്പനയുടെ സമയവും വിലയും തീരുമാനിക്കുക.
സർക്കാർ ഓഹരി വിഹിതം കുറയ്ക്കുന്നതോടെ ഈ ബാങ്കുകളിലെ പൊതുനിക്ഷേപകരുടെ പങ്കാളിത്തം വർധിക്കാനും വിപണിയിൽ ഓഹരികളുടെ വ്യാപാരം കൂടുതൽ സജീവമാകാനും സാധ്യതയുണ്ട്.
നിലവിൽ നാല് ബാങ്കുകളിലും കേന്ദ്രസർക്കാരിനുള്ള ഓഹരി പങ്കാളിത്തം ഉയർന്ന നിലയിലാണ്. ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 92.44 ശതമാനവും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 81.19 ശതമാനവും യൂകോ ബാങ്കിൽ 90.95 ശതമാനവും പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിൽ 93.85 ശതമാനവുമാണ് സർക്കാർ ഓഹരി വിഹിതം. ഇത് 75 ശതമാനമായി കുറയ്ക്കാൻ ഗണ്യമായ അളവിൽ ഓഹരികൾ വിൽക്കേണ്ടിവരും.
പൊതുമേഖലാ ബാങ്കുകളുടെ എണ്ണം കുറയ്ക്കാനും നീക്കം
രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നടപടികളും കേന്ദ്രസർക്കാർ ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. അടുത്ത ഘട്ടത്തിൽ ലയിപ്പിക്കേണ്ട ബാങ്കുകളെ കണ്ടെത്താനുള്ള നീക്കങ്ങളും ആരംഭിച്ചതായാണ് വിവരം. ഭാവിയിൽ മൂന്നോ നാലോ വലിയ പൊതുമേഖലാ ബാങ്കുകൾ മാത്രം മതിയെന്ന നിലപാടിലാണ് കേന്ദ്രമെന്നാണ് സൂചന.
ഇതിന്റെ ഭാഗമായി ചില ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനുള്ള സാധ്യതയും ചർച്ചയിലുണ്ട്. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയെയും ഇന്ത്യൻ ഓവർസീസ് ബാങ്കിനെയും സ്വകാര്യവൽക്കരണത്തിനായി നിതി ആയോഗ് തിരഞ്ഞെടുത്തതായി നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഈ നീക്കങ്ങളിലും ഔദ്യോഗിക സ്ഥിരീകരണമില്ല.
ഐഡിബിഐ ബാങ്കിനു പുറമെ രണ്ട് പൊതുമേഖലാ ബാങ്കുകളെക്കൂടി സ്വകാര്യവൽക്കരിക്കുമെന്ന് 2021-22ലെ കേന്ദ്ര ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന്റെ തുടർനടപടികൾ സംബന്ധിച്ച ചർച്ചകളും ബാങ്കിങ് മേഖലയിലെ ശ്രദ്ധാകേന്ദ്രമാണ്.
53,000 കോടി രൂപയുടെ ഐഡിബിഐ ഇടപാട്
ഇതിനിടെ, ഐഡിബിഐ ബാങ്കിലെ ഭൂരിപക്ഷ ഓഹരികൾ ഫെയർഫാക്സിന് വിൽക്കുന്നതിനുള്ള ഇടപാടിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഏകദേശം 53,000 കോടി രൂപ മൂല്യമുള്ള ഇടപാടിൽ കേന്ദ്രസർക്കാരിന്റെ 30.48 ശതമാനവും എൽഐസിയുടെ 30.24 ശതമാനവും ഓഹരികളാണ് വിൽക്കുന്നത്.
ഇതിലൂടെ കേന്ദ്രസർക്കാരിന് ഏകദേശം 26,620 കോടി രൂപയും എൽഐസിക്ക് 26,440 കോടി രൂപയും ലഭിക്കുമെന്നാണ് കണക്ക്. ഇന്ത്യൻ ധനകാര്യ മേഖലയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപ ഇടപാടുകളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
നിലവിൽ ഐഡിബിഐ ബാങ്കിൽ കേന്ദ്രസർക്കാരിന് 45.48 ശതമാനവും പ്രൊമോട്ടറായ എൽഐസിക്ക് 49.24 ശതമാനവുമാണ് ഓഹരി പങ്കാളിത്തം. ഇടപാട് പൂർത്തിയാകുന്നതോടെ ഇത് യഥാക്രമം 15 ശതമാനമായും 19 ശതമാനമായും കുറയും. ഇതോടെ ഫെയർഫാക്സ് ബാങ്കിലെ ഏറ്റവും വലിയ ഓഹരിയുടമയായി മാറും. ഓഹരിയൊന്നിന് 81 രൂപ നിരക്കിലാണ് ഇടപാട് നിശ്ചയിച്ചിരിക്കുന്നത്.










