ഫിഫ ക്ലബ് ലോകകപ്പിൽ മുത്തമിട്ട് ചെൽസി

ഫിഫ ക്ലബ് ലോകകപ്പിൽ മുത്തമിട്ട് ചെൽസി. ഫൈനലിൽ ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെർമെയ്നെ(പി.എസ്.ജി) എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ചെൽസി പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ തന്നെയാണ് ചെൽസി മൂന്നു ഗോളുകളും നേടിയത്. ആദ്യ അരമണിക്കൂറിനുള്ളിൽ കോൾ പാൽമർ നേടിയ ഇരട്ട ഗോളുകളുടെ ആത്മവിശ്വാസത്തിലാണ് ചെൽസി കളിച്ചത്. 43-ാം മിനിറ്റിൽ പാൽമറിൻ്റെ അസിസ്റ്റിൽ ജോവാ പെഡ്രോയാണ് മൂന്നാം ഗോൾ നേടിയത്. ആദ്യ പകുതിയിൽ ചെൽസിയുടെ പടയോട്ടമായിരുന്നു എന്നു തന്നെ പറയാം.
രണ്ടാം പകുതിയിൽ പൊരുതിക്കയറാൻ പിഎസ്ജി ശ്രമിച്ചെങ്കിലും ചെൽസിയുടെ പ്രതിരോധം തകർക്കാനായില്ല. ഗംഭീര സേവുകളുമായി ചെൽസിയുടെ ഗോൾകീപ്പർ റോബർട്ട് സാഞ്ചസും തകർപ്പൻ പെർഫോമൻസ് കാഴ്ച്ചവെച്ചതോടെ കന്നികീരീടമെന്ന പിഎസ്ജിയുടെ മോഹം പൊലിയുകയായിരുന്നു.
ആറ് വൻകരകളിലെ 32 ടീമുകളാണ് ഫിഫ ക്ലബ് ലോകകപ്പിൽ ഇക്കുറി മത്സരിച്ചത്. ഇത് രണ്ടാം തവണയാണ് ചെൽസി ഫിഫ ക്ലബ് ലോകകപ്പ് ജേതാക്കളാകുന്നത്. ചെൽസി മുൻപ് 2021-ലാണ് ക്ലബ് ലോകകപ്പ് നേടിയത്. 2012 ടീം റണ്ണറപ്പായി.











