06:34am 17 August 2026
NEWS
ചുവപ്പുനാടയിലെ കസേരക്കളി; അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിൽ പി.എസ്.സിക്ക് വിനയായ 'അദൃശ്യ ഹസ്തം'
08/07/2026  09:33 AM IST
സുരേഷ് വണ്ടന്നൂർ
ചുവപ്പുനാടയിലെ കസേരക്കളി; അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിൽ പി.എസ്.സിക്ക് വിനയായ അദൃശ്യ ഹസ്തം

തിരുവനന്തപുരം/ അലപ്പുഴ:ആലപ്പുഴയിലെ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ബയോകെമിസ്ട്രി ക്ലാസെടുക്കാൻ ആരാണ് വരേണ്ടത്? കാലങ്ങളായി മെഡിക്കൽ കോളേജുകൾ പിന്തുടരുന്ന വ്യക്തമായൊരു നിയമമുണ്ട്— രോഗിയെ തൊട്ടറിഞ്ഞ, രോഗവിവരങ്ങൾ പഠിച്ച ഒരു എം.ബി.ബി.എസ് ബിരുദധാരിയായിരിക്കണം അത്, ഒപ്പം ബയോകെമിസ്ട്രിയിൽ എം.ഡിയും (MD) നേടിയിരിക്കണം. ലക്ഷങ്ങൾ ശമ്പളമുള്ള (₹68,900 - ₹2,05,500) അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് 2025 ജൂൺ മാസത്തിൽ പി.എസ്.സി വിജ്ഞാപനം ഇറക്കുമ്പോഴും യോഗ്യത മറ്റൊന്നായിരുന്നില്ല.
​അറുപതോളം ഉദ്യോഗാർത്ഥികൾ ആ കസേര ലക്ഷ്യമിട്ട് മാസങ്ങളോളം രാപ്പകലില്ലാതെ പുസ്തകങ്ങൾക്ക് മുന്നിലിരുന്നു. ഒടുവിൽ പരീക്ഷാ തീയതിയും കുറിക്കപ്പെട്ടു— 2025 ഒക്ടോബർ 14.
​എന്നാൽ കഥ മാറിയത് പരീക്ഷയ്ക്ക് തൊട്ടുതലേന്നാണ്. ഒക്ടോബർ 13-ന് വൈകിട്ട് അഞ്ച് മണി കഴിഞ്ഞപ്പോൾ ഉദ്യോഗാർത്ഥികളുടെ ഫോണുകളിലേക്ക് പി.എസ്.സിയുടെ ഒരു സന്ദേശമെത്തി: "പരീക്ഷ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചിരിക്കുന്നു." എന്താണ് സംഭവിച്ചതെന്ന് ആർക്കും മനസ്സിലായില്ല.
​പരീക്ഷാ ഹാളിലേക്ക് കയറാൻ തയ്യാറായി നിന്ന ഉദ്യോഗാർത്ഥികളെ ഞെട്ടിച്ചുകൊണ്ട് തൊട്ടുപിന്നാലെ പി.എസ്.സിയുടെ പുതിയൊരു തിരുത്തൽ വിജ്ഞാപനം പുറത്തുവന്നു. അതുവരെ ആവശ്യപ്പെട്ടിരുന്ന എം.ബി.ബി.എസും എം.ഡിയും എന്ന നിബന്ധനയ്ക്ക് താഴെ ഒരു വരി കൂടി കൂട്ടിച്ചേർക്കപ്പെട്ടിരുന്നു— മെഡിക്കൽ ബിരുദമില്ലെങ്കിലും ബയോകെമിസ്ട്രിയിൽ എം.എസ്സിയും (MSc) പി.എച്ച്ഡിയും (PhD) ഉള്ളവർക്കും അപേക്ഷിക്കാം!
​പെട്ടെന്നുണ്ടായ ഈ 'ഭാവമാറ്റത്തിന്' പിന്നിൽ ഒരു പ്രമുഖ നേതാവിന്റെ അടുത്ത ബന്ധുവാണെന്ന ആക്ഷേപം ഉദ്യോഗാർത്ഥികൾക്കിടയിൽ പടർന്നു. ഒരാൾക്ക് വേണ്ടി മാത്രം നിയമങ്ങൾ കാറ്റിൽപ്പറത്തി യോഗ്യതകളിൽ മാറ്റം വരുത്തിയെന്നാണ് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നത്.
​"മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ തകർക്കുന്ന സമീപനമാണിത്. പി.എസ്.സിയെ സമീപിച്ചെങ്കിലും നിഷേധാത്മകമായ മറുപടിയാണ് ലഭിച്ചത്. ഞങ്ങൾ നിയമ നടപടിയുമായി മുന്നോട്ടുപോകും," തങ്ങളുടെ ഭാവിയെക്കുറിച്ച് ആശങ്കാകുലനായ ഡോ. ഏബൽ ജെയ്സൺ എന്ന ഉദ്യോഗാർത്ഥി വ്യക്തമാക്കുന്നു.
​കൗതുകകരമായ കാര്യം, ഈ യോഗ്യതാ മാറ്റത്തിനെതിരെ സാക്ഷാൽ സർക്കാർ തന്നെ ഫെബ്രുവരി 19-ന് പി.എസ്.സിക്ക് കത്തയച്ചിരുന്നു എന്നതാണ്. "മെഡിക്കൽ ബിരുദമില്ലാത്തവരെ നിയമിച്ചാൽ അത് കോഴ്സിന്റെ ഗുണനിലവാരത്തെ ദോഷകരമായി ബാധിക്കും," എന്നായിരുന്നു സർക്കാരിന്റെ മുന്നറിയിപ്പ്. എന്നാൽ, സർക്കാരിന്റെ കത്ത് കിട്ടിയിട്ടും വിജ്ഞാപനം റദ്ദാക്കാൻ പി.എസ്.സി ഭാരവാഹികൾ കൂട്ടാക്കിയില്ല.
​നിലവിൽ ഒരുവിഭാഗം ഉദ്യോഗാർത്ഥികൾ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വാതിലുകൾ മുട്ടിയിരിക്കുകയാണ്. എന്നാൽ, പരീക്ഷ ഞങ്ങൾ നടത്തുമെന്നും, തർക്കങ്ങൾ തീർന്നതിന് ശേഷമേ നിയമനം നൽകൂ എന്നുമുള്ള കടുംപിടുത്തത്തിലാണ് പി.എസ്.സി. നിയമത്തിന്റെ പഴുതുകളും സ്വാധീനശക്തിയും തമ്മിലുള്ള ഈ പോരാട്ടത്തിൽ ആർക്കായിരിക്കും ഒടുവിൽ വിജയം എന്ന് കാത്തിരുന്ന് തന്നെ കാണേണ്ടിവരും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img