11:39am 29 June 2026
NEWS
മൂല്യനിർണയ വിവാദം: പി.എസ്.സി യോഗം ഇന്ന്; അന്വേഷണം പ്രഖ്യാപിച്ചേക്കും
29/06/2026  09:58 AM IST
nila
മൂല്യനിർണയ വിവാദം: പി.എസ്.സി യോഗം ഇന്ന്; അന്വേഷണം പ്രഖ്യാപിച്ചേക്കും

 


തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ ആസൂത്രണ ബോർഡിലെ ഉന്നത തസ്തികകളിലേക്കുള്ള പരീക്ഷയുടെ മൂല്യനിർണയത്തിൽ ഗുരുതര ക്രമക്കേടുകൾ നടന്നെന്ന പരാതിയിൽ അന്വേഷണം പ്രഖ്യാപിക്കാൻ സാധ്യത. വിഷയത്തിൽ ഇന്ന് ചേരുന്ന പി.എസ്.സി യോഗം നിർണായക തീരുമാനമെടുക്കും. നിയമനം ലഭിച്ച ഉദ്യോഗാർഥിക്ക് നോട്ടീസ് നൽകുന്നതടക്കമുള്ള നടപടികളും പരിഗണനയിലുണ്ടെന്നാണ് വിവരം.

സംസ്ഥാന സർക്കാരിന് നയപരമായ ഉപദേശം നൽകുന്ന ആസൂത്രണ ബോർഡിലെ ഒരു ഒഴിവിലേക്കാണ് ആദ്യം പരീക്ഷ നടത്തിയത്. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് വെറും മൂന്ന് ആഴ്ചയ്ക്കകം നിയമന ശുപാർശ നൽകിയതും വിവാദമായിട്ടുണ്ട്. പരീക്ഷയെഴുതിയ നിരവധി ഉദ്യോഗാർഥികളുടെ രണ്ടാം പേപ്പറിലെ 10 ഉത്തരങ്ങൾക്ക് മാർക്ക് നൽകിയിട്ടില്ലെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.

ഈ ഉത്തരങ്ങൾ വീണ്ടും മൂല്യനിർണയം നടത്താൻ പി.എസ്.സി ആലോചിക്കുന്നതായാണ് സൂചന. അതോടെ ആസൂത്രണ ബോർഡിലെ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാ ചീഫ്, പ്ലാൻ കോ-ഓർഡിനേഷൻ ഡിവിഷൻ ചീഫ്, പെർസ്പെക്ടീവ് പ്ലാനിങ് ചീഫ് എന്നീ മൂന്ന് തസ്തികകൾക്കായി തയ്യാറാക്കിയ റാങ്ക് പട്ടികയിൽ മാറ്റം വരേണ്ട സാഹചര്യമുണ്ടാകും. ഇതിൽ രണ്ട് തസ്തികകളിലേക്കുള്ള നിയമനം ഇതിനകം പൂർത്തിയായിട്ടുണ്ട്.

അതേസമയം, മൂല്യനിർണയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലും ഇടപെട്ടിട്ടുണ്ട്. കേസിലെ അന്തിമ വിധിക്ക് വിധേയമായിരിക്കും നിയമനങ്ങളെന്ന് ട്രിബ്യൂണൽ വ്യക്തമാക്കിയിട്ടുണ്ട്.

ക്രമക്കേട് ആരോപണം പുറത്തുവന്നതിന് പിന്നാലെ കൂടുതൽ ഉദ്യോഗാർഥികൾ കോടതിയെ സമീപിച്ചിട്ടുണ്ട്. പരീക്ഷയിൽ രണ്ട് 100 മാർക്ക് പേപ്പറുകളാണ് ഉണ്ടായിരുന്നത്. രണ്ടാം പേപ്പറിൽ 28 ചോദ്യങ്ങളുണ്ടായിരുന്നെങ്കിലും, ചില ഉദ്യോഗാർഥികളുടെ 9 മുതൽ 19 വരെ ചോദ്യങ്ങൾ പരിശോധിക്കുകയോ മാർക്ക് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നാണ് പരാതി.

ഒരു ഉദ്യോഗാർഥി ഉത്തരക്കടലാസിന്റെ പകർപ്പ് പരിശോധിച്ചപ്പോഴാണ് 58 മാർക്കിനുള്ള ഉത്തരങ്ങൾ വിലയിരുത്താതെ റാങ്ക് പട്ടിക തയ്യാറാക്കിയെന്ന ആരോപണം ഉയർന്നത്. കൂടാതെ, എഴുത്തുപരീക്ഷയിലെയും അഭിമുഖത്തിലെയും മാർക്ക് വിവരങ്ങൾ ഉദ്യോഗാർഥികളിൽ നിന്ന് മറച്ചുവെച്ചാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതെന്നും പരാതിക്കാർ ആരോപിക്കുന്നു.

പരാതികളുടെ അടിസ്ഥാനത്തിൽ പി.എസ്.സി സ്വീകരിക്കുന്ന നടപടികളും അന്വേഷണഫലവും ആസൂത്രണ ബോർഡിലെ നിയമനങ്ങളുടെ ഭാവി നിർണയിക്കുന്നതിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img