06:03pm 30 June 2026
NEWS
പി.എസ്.സി റാങ്ക് തട്ടിപ്പ് വിവാദം: ഒഴിവാക്കിയ 10 ഉത്തരങ്ങൾ വീണ്ടും മൂല്യനിർണയം നടത്തും; വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്


30/06/2026  08:49 AM IST
സുരേഷ് വണ്ടന്നൂർ
പി.എസ്.സി റാങ്ക് തട്ടിപ്പ് വിവാദം: ഒഴിവാക്കിയ 10 ഉത്തരങ്ങൾ വീണ്ടും മൂല്യനിർണയം നടത്തും; വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ പ്രധാന തസ്തികകളിലേക്കുള്ള പരീക്ഷയിൽ മൂല്യനിർണയം നടത്താതെ ഒഴിവാക്കിയ ഉത്തരക്കടലാസുകൾ പൂർണ്ണമായി വീണ്ടും പരിശോധിക്കാൻ പി.എസ്.സി (കേരള പബ്ലിക് സർവീസ് കമ്മീഷൻ) തീരുമാനിച്ചു. 58 മാർക്കിന്റെ 10 പ്രധാന ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെയാണ് പി.എസ്.സി നേരത്തെ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതും നിയമനം നടത്തിയതും. ഇത് പി.എസ്.സിയുടെ വിശ്വാസ്യതയെത്തന്നെ കടുത്ത സംശയത്തിലാക്കിയ സാഹചര്യത്തിലാണ് കമ്മീഷന്റെ അടിയന്തര തിരുത്തൽ നടപടി.
​ഇനിമുതൽ മുഴുവൻ ഉത്തരക്കടലാസുകളും വിശദമായ മൂല്യനിർണയത്തിന് വിധേയമാക്കും. നിലവിൽ നടന്നുവന്ന നിയമനങ്ങൾ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ (KAT) അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്നും പി.എസ്.സി വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിന് പിന്നിൽ സാങ്കേതിക പിഴവാണോ അതോ മറ്റെന്തെങ്കിലും അട്ടിമറിയുണ്ടോ എന്ന് കണ്ടെത്താൻ ആഭ്യന്തരവിഭാഗം വിജിലൻസ് എസ്.പിയെ അന്വേഷണ ചുമതല ഏൽപ്പിച്ചു.
തട്ടിപ്പ് പുറത്തുകൊണ്ടുവന്നത് വിവരാവകാശ നിയമം
​2023 ജൂലായ് 13-നായിരുന്നു വിവാദത്തിനാസ്പദമായ പരീക്ഷ നടന്നത്. ആകെ 228 ഉദ്യോഗാർത്ഥികളാണ് പരീക്ഷ എഴുതിയത്. തുടർന്ന് 2025 മേയ് 31-ന് പി.എസ്.സി ഇതിന്റെ പൊതുറാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. എന്നാൽ ലഭിച്ച മാർക്കിൽ കടുത്ത സംശയം തോന്നിയ മൂന്നാം റാങ്കുകാരൻ കെ. ശ്യാം കൃഷ്ണൻ വിവരാവകാശ നിയമപ്രകാരം (RTI) തന്റെ ഉത്തരക്കടലാസിന്റെ പകർപ്പിനായി പി.എസ്.സിയെ സമീപിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.
​ചോദ്യപേപ്പറിലെ 9 മുതൽ 18 വരെയുള്ള പത്ത് ചോദ്യങ്ങളുടെ ഉത്തരങ്ങൾക്ക് മാർക്കിടാതെ പൂർണ്ണമായും ഒഴിവാക്കിയതായി പരിശോധനയിൽ കണ്ടെത്തി. തുടർന്ന് ശ്യാം കൃഷ്ണൻ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു.
​നിയമനങ്ങൾ തർക്കത്തിലേക്ക്
​വിവാദമായ ഈ റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിൽ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ചീഫ് തസ്തികയിലേക്ക് ഒന്നാം റാങ്ക് ലഭിച്ച അരുൺ ജെ. പ്രതാപിനെ ഇതിനകം നിയമിച്ചിരുന്നു. കൂടാതെ പ്ലാനിംഗ് കോഓർഡിനേഷൻ ഡിവിഷൻ ചീഫ് പട്ടികയിലെ ഒന്നാം റാങ്കുകാരന് അഡ്വൈസ് മെമ്മോയും അയച്ചു കഴിഞ്ഞു. പെഴ്സ്‌പെക്ടീവ് പ്ലാനിംഗ് ഡിവിഷൻ ചീഫ് തസ്തികയ്ക്കുള്ള പട്ടിക പ്രസിദ്ധീകരിച്ചിരുന്നെങ്കിലും നിലവിൽ ഇത് കോടതി നടപടികളിൽ കുടുങ്ങി കിടക്കുകയാണ്.
​കമ്പ്യൂട്ടർ സ്ക്രീൻ വഴി മൂല്യനിർണയം നടത്തുന്ന 'ഓൺസ്‌ക്രീൻ മാർക്കിംഗ്' സംവിധാനത്തിലൂടെയാണ് ഈ പരീക്ഷയുടെ മൂല്യനിർണയം നടത്തിയത്. സോഫ്റ്റ്‌വെയറിൽ ചില ചോദ്യങ്ങൾ മൂല്യനിർണയത്തിനായി അസൈൻ ചെയ്യാൻ വിട്ടുപോയതാകാം ഈ വലിയ പിഴവിന് കാരണം എന്നാണ് പി.എസ്.സിയുടെ പ്രാഥമിക നിഗമനം. എങ്കിലും ഉദ്യോഗാർത്ഥികളുടെ ഭാവി വെച്ചുള്ള പി.എസ്.സിയുടെ ഈ കടുത്ത അനാസ്ഥ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img