
തിരുവനന്തപുരം: പിഎസ്‌സിക്കെതിരെ പരാതികളും വിവാദങ്ങളും ശക്തമാകുന്നതിനിടെ വിവിധ പരീക്ഷകളുടെ ഉത്തരക്കടലാസുകൾ നശിപ്പിക്കാൻ പബ്ലിക് സർവീസ് കമ്മിഷൻ തീരുമാനിച്ചു. 2023 ജനുവരി 1 മുതൽ ഡിസംബർ 31 വരെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച തസ്തികകളുടെയും അതോടൊപ്പം പൊതുപരീക്ഷ നടത്തിയ മറ്റ് തസ്തികകളുടെയും ഒഎംആർ, വിവരണാത്മക പരീക്ഷകളുടെ ഉത്തരക്കടലാസുകളാണ് നശിപ്പിക്കുന്നത്.
തുടർനടപടികൾ ആവശ്യമായിട്ടില്ലാത്ത 642 കാറ്റഗറികളിലെ പരീക്ഷകളുടെ ഉത്തരക്കടലാസുകളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. 1961ലെ കേരള ഡിസ്ട്രക്ഷൻ ഓഫ് റെക്കോർഡ്സ് നിയമത്തിന്റെ രണ്ടാം വകുപ്പ് പ്രകാരമാണ് നടപടിയെന്ന് പിഎസ്‌സി അറിയിച്ചു.
അടുത്തിടെ ഏറെ വിവാദമായ ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്കുള്ള പരീക്ഷ 2023 ജൂലൈ 13നാണ് നടന്നത്. അതുമായി ബന്ധപ്പെട്ടും മറ്റ് പരാതികളുമായി ബന്ധപ്പെട്ടും പിഎസ്‌സിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഉത്തരക്കടലാസുകൾ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് ശ്രദ്ധേയമായിരിക്കുന്നത്.










