
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) നടത്തുന്ന പരീക്ഷകളിലും നിയമനങ്ങളിലും വൻ ക്രമക്കേടുകൾ നടക്കുന്നതായി ഉയർന്ന പരാതികളിൽ അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം . ഐ.ജി എസ്. അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള സംഘം തുടർച്ചയായ ദിവസങ്ങളിൽ പി.എസ്.സി ആസ്ഥാനത്തെത്തി ഡിജിറ്റൽ തെളിവുകളും രേഖകളും ശേഖരിച്ചു. ഇരുപതോളം ഗുരുതര പരാതികളിലാണ് നിലവിൽ പ്രാഥമിക അന്വേഷണം നടക്കുന്നത്.
അന്വേഷണ സംഘം പി.എസ്.സിയിൽ; തെളിവുശേഖരണം തുടരുന്നു
തുടക്കത്തിൽ രേഖകൾ കൈമാറാൻ പി.എസ്.സി വിമുഖത കാട്ടിയെങ്കിലും ഐ.ജി നേരിട്ടെത്തി ചെയർമാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഡിജിറ്റൽ തെളിവുകളടക്കം കൈമാറാൻ കമ്മീഷൻ തയ്യാറായത്. സൈബർ പൊലീസും ഐ.ടി വിദഗ്ദ്ധരും അടങ്ങുന്ന സംഘമാണ് നിലവിൽ പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്.
ഭരണഘടനാ സ്ഥാപനമാണെങ്കിലും ക്രിമിനൽ കേസുകളിൽ കമ്മീഷൻ അംഗങ്ങൾക്കോ ചെയർമാനോ പ്രത്യേക പരിരക്ഷയില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി. കുറ്റകൃത്യങ്ങൾ തെളിഞ്ഞാൽ അഴിമതിനിരോധന നിയമപ്രകാരം കേസ് എടുക്കാനും അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കാനും വഴിതുറക്കും.
ആസൂത്രണ ബോർഡ് നിയമനം: മൂല്യനിർണയത്തിൽ വൻ തട്ടിപ്പ്
സംസ്ഥാന ആസൂത്രണ ബോർഡിലെ ചീഫ് തസ്തികകളിലേക്ക് നടന്ന പരീക്ഷയിലാണ് ഗുരുതര തിരിമറി കണ്ടെത്തിയിട്ടുള്ളത്.
ആകെയുള്ള 28 ചോദ്യങ്ങളിൽ 18 എണ്ണത്തിന് മാത്രമാണ് പി.എസ്.സി മാർക്കിട്ടത്.
53 മാർക്കിനുള്ള ബാക്കി 10 ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ ഒഴിവാക്കുകയായിരുന്നു.
അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ പി.എസ്.സി പിഴവ് സമ്മതിച്ചെങ്കിലും റാങ്ക് പട്ടിക പരിഷ്കരിക്കാൻ നടപടിയുണ്ടായില്ല.
ഈ പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകാൻ പി.എസ്.സി തയ്യാറായിട്ടില്ല.
കെ.എ.എസ് പരീക്ഷയിലും തിരിമറി
നാലര ലക്ഷത്തോളം പേർ എഴുതിയ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്) പ്രാഥമിക പരീക്ഷയിൽ, ഒ.എം.ആർ മെഷീൻ സ്വീകരിക്കുന്നില്ലെന്ന കാരണം പറഞ്ഞ് 12,000 ഉത്തരക്കടലാസുകൾ 21 ഉദ്യോഗസ്ഥരെക്കൊണ്ട് നേരിട്ട് മൂല്യനിർണയം നടത്തിച്ചതും അന്വേഷണ സംഘം ഗുരുതര ചട്ടലംഘനമായി വിലയിരുത്തുന്നു.
രാഷ്ട്രീയ ഇടപെടൽ ആരോപണം: പി.എസ്.സി ചോദ്യപേപ്പറുകൾ തയ്യാറാക്കുന്നത് ഇടത് സർവീസ് സംഘടനാ നേതാക്കളാണെന്നും, ചോദ്യ ചോർച്ചയിലൂടെ പാർട്ടി അനുകൂലികൾ റാങ്ക് ലിസ്റ്റിൽ കടന്നുകൂടിയെന്നുമുള്ള ആരോപണവും ശക്തമാണ്. ചോദ്യകർത്താക്കളുടെ വിവരങ്ങൾ (രഹസ്യം) ആണെന്ന നിലപാടിലാണ് പി.എസ്.സി.
നിയമനങ്ങളിൽ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പ്രാഥമിക അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്.










