06:44pm 21 July 2026
NEWS
പി.എസ്.സി ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതം; ഉന്നതരിലേക്ക് അന്വേഷണമുന
21/07/2026  08:31 AM IST
സുരേഷ് വണ്ടന്നൂർ
പി.എസ്.സി ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതം; ഉന്നതരിലേക്ക് അന്വേഷണമുന

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) നടത്തുന്ന പരീക്ഷകളിലും നിയമനങ്ങളിലും വൻ ക്രമക്കേടുകൾ നടക്കുന്നതായി ഉയർന്ന പരാതികളിൽ അന്വേഷണം ശക്‌തമാക്കി ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം . ഐ.ജി എസ്. അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള സംഘം തുടർച്ചയായ ദിവസങ്ങളിൽ പി.എസ്.സി ആസ്ഥാനത്തെത്തി ഡിജിറ്റൽ തെളിവുകളും രേഖകളും ശേഖരിച്ചു. ഇരുപതോളം ഗുരുതര പരാതികളിലാണ് നിലവിൽ പ്രാഥമിക അന്വേഷണം നടക്കുന്നത്.
അന്വേഷണ സംഘം പി.എസ്.സിയിൽ; തെളിവുശേഖരണം തുടരുന്നു
​തുടക്കത്തിൽ രേഖകൾ കൈമാറാൻ പി.എസ്.സി വിമുഖത കാട്ടിയെങ്കിലും ഐ.ജി നേരിട്ടെത്തി ചെയർമാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഡിജിറ്റൽ തെളിവുകളടക്കം കൈമാറാൻ കമ്മീഷൻ തയ്യാറായത്. സൈബർ പൊലീസും ഐ.ടി വിദഗ്ദ്ധരും അടങ്ങുന്ന സംഘമാണ് നിലവിൽ പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്.
​ഭരണഘടനാ സ്ഥാപനമാണെങ്കിലും ക്രിമിനൽ കേസുകളിൽ കമ്മീഷൻ അംഗങ്ങൾക്കോ ചെയർമാനോ പ്രത്യേക പരിരക്ഷയില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി. കുറ്റകൃത്യങ്ങൾ തെളിഞ്ഞാൽ അഴിമതിനിരോധന നിയമപ്രകാരം കേസ് എടുക്കാനും അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കാനും വഴിതുറക്കും.
​ആസൂത്രണ ബോർഡ് നിയമനം: മൂല്യനിർണയത്തിൽ വൻ തട്ടിപ്പ്
​സംസ്ഥാന ആസൂത്രണ ബോർഡിലെ ചീഫ് തസ്തികകളിലേക്ക് നടന്ന പരീക്ഷയിലാണ് ഗുരുതര തിരിമറി കണ്ടെത്തിയിട്ടുള്ളത്.
​ആകെയുള്ള 28 ചോദ്യങ്ങളിൽ 18 എണ്ണത്തിന് മാത്രമാണ് പി.എസ്.സി മാർക്കിട്ടത്.
​53 മാർക്കിനുള്ള ബാക്കി 10 ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ ഒഴിവാക്കുകയായിരുന്നു.
​അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ പി.എസ്.സി പിഴവ് സമ്മതിച്ചെങ്കിലും റാങ്ക് പട്ടിക പരിഷ്കരിക്കാൻ നടപടിയുണ്ടായില്ല.
​ഈ പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകാൻ പി.എസ്.സി തയ്യാറായിട്ടില്ല.
​കെ.എ.എസ് പരീക്ഷയിലും തിരിമറി
​നാലര ലക്ഷത്തോളം പേർ എഴുതിയ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്) പ്രാഥമിക പരീക്ഷയിൽ, ഒ.എം.ആർ മെഷീൻ സ്വീകരിക്കുന്നില്ലെന്ന കാരണം പറഞ്ഞ് 12,000 ഉത്തരക്കടലാസുകൾ 21 ഉദ്യോഗസ്ഥരെക്കൊണ്ട് നേരിട്ട് മൂല്യനിർണയം നടത്തിച്ചതും അന്വേഷണ സംഘം ഗുരുതര ചട്ടലംഘനമായി വിലയിരുത്തുന്നു.
​രാഷ്ട്രീയ ഇടപെടൽ ആരോപണം: പി.എസ്.സി ചോദ്യപേപ്പറുകൾ തയ്യാറാക്കുന്നത് ഇടത് സർവീസ് സംഘടനാ നേതാക്കളാണെന്നും, ചോദ്യ ചോർച്ചയിലൂടെ പാർട്ടി അനുകൂലികൾ റാങ്ക് ലിസ്റ്റിൽ കടന്നുകൂടിയെന്നുമുള്ള ആരോപണവും ശക്തമാണ്. ചോദ്യകർത്താക്കളുടെ വിവരങ്ങൾ  (രഹസ്യം) ആണെന്ന നിലപാടിലാണ് പി.എസ്.സി.
​നിയമനങ്ങളിൽ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പ്രാഥമിക അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി എഫ്.ഐ.ആർ  രജിസ്റ്റർ ചെയ്യാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img