
തിരുവനന്തപുരം: പ്ലാനിംഗ് ബോർഡിലേക്കുള്ള വിവിധ റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കിയതിലെ വിവാദം കത്തുമ്പോഴേക്കും പിഎസ്സിയെ വീണ്ടും പ്രതിരോധത്തിലാക്കി പുതിയ ആക്ഷേപം. ഡിസ്ട്രിക്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷൻ ആൻഡ് ട്രെയിനിംഗ് (ഡയറ്റ്) ലക്ചറർ തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റുകളിൽ ഇടത് അധ്യാപക സംഘടനയായ കെ.എസ്.ടി.എയിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കും വേണ്ടപ്പെട്ടവർക്കും വഴിവിട്ട് പരിഗണന നൽകിയെന്നാണ് പുതിയ പരാതി. ഇക്കഴിഞ്ഞ ഏപ്രിലിൽ പി.എസ്.സി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റുകൾക്കെതിരെയാണ് ഉദ്യോഗാർത്ഥികൾ രംഗത്തെത്തിയിരിക്കുന്നത്.
ഡയറ്റ് ലക്ചറർ കാറ്റഗറി 349/2022 മുതൽ 396/2022 വരെയുള്ള 47 ഗസറ്റഡ് തസ്തികയുടെ റാങ്ക് ലിസ്റ്റുകളിൽ വലിയ കൃത്രിമം നടന്നതായാണ് ആക്ഷേപം ഉയരുന്നത്. കെ.എസ്.ടി.എ സംസ്ഥാന നേതാക്കൾ അടക്കം ഏഴ് എസ്.സി.ഇ.ആർ.ടി റിസർച്ച് ഓഫീസർമാർ റാങ്ക് ലിസ്റ്റുകളിൽ ഒന്നാമതെത്തിയത് യാദൃച്ഛികമല്ലെന്ന് ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാണിക്കുന്നു. ഈ തസ്തികയിലെ ആകെയുള്ള 704 റാങ്കുകാരിൽ 249 പേർ ഒന്നിലധികം ലിസ്റ്റുകളിൽ ആവർത്തിച്ചു വന്നിട്ടുള്ളതായും പരാതിയിലുണ്ട്.
കോച്ചിംഗും ചോദ്യക്കടലാസും തമ്മിൽ ബന്ധമെന്ന് ആരോപണം
കാലിക്കറ്റ് സർവകലാശാലയിൽ പരീക്ഷാർത്ഥികൾക്കായി ഒരു ഗ്രൂപ്പ് പ്രത്യേക പരിശീലനം നടത്തിയിരുന്നു. ഈ കോച്ചിംഗ് നൽകിയവരോ, അല്ലെങ്കിൽ അവരുടെ അടുത്ത സുഹൃത്തുക്കളോ ആകാം പി.എസ്.സി ചോദ്യക്കടലാസ് തയ്യാറാക്കിയതെന്നാണ് ഉദ്യോഗാർത്ഥികളുടെ പ്രധാന ആരോപണം. ഈ കോച്ചിംഗിൽ പങ്കെടുത്തവരിൽ 80 ശതമാനത്തിലധികം പേരും റാങ്ക് ലിസ്റ്റിൽ ഇടംപിടിക്കുകയും വിവിധ ഡയറ്റുകളിൽ ഇതിനോടകം ജോലിയിൽ പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്.
വിവരണാത്മക രീതിയിലുള്ള പരീക്ഷയായതിനാൽ ഇതിന്റെ ഉത്തരസൂചിക പ്രസിദ്ധീകരിക്കാൻ പലവട്ടം ആവശ്യപ്പെട്ടിട്ടും പി.എസ്.സി തയ്യാറായിട്ടില്ല. വിവരണാത്മക പരീക്ഷയിൽ മൂല്യനിർണ്ണയം നടത്തുന്നവർക്ക് സ്വന്തം ഇഷ്ടപ്രകാരം മാർക്ക് നൽകാമെന്നും അതിനാൽ ഉത്തരസൂചിക പ്രസിദ്ധീകരിക്കേണ്ടതില്ലെന്നുമാണ് പി.എസ്.സി സ്വീകരിക്കുന്ന നിലപാട്. നേരിട്ടുള്ള നിയമനം കൂടാതെ ബൈ ട്രാൻസ്ഫർ മുഖേന എം.എഡ് യോഗ്യതയുള്ള അധ്യാപകർക്കും 50:50 അനുപാതത്തിൽ ഈ തസ്തികയിലേക്ക് അപേക്ഷിക്കാമായിരുന്നു. ഇതിൽ ബൈ ട്രാൻസ്ഫർ നിയമനത്തിലാണ് ക്രമക്കേട് ഏറെയും നടന്നിട്ടുള്ളതെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.
യോഗ്യതയില്ലാതെയും ജോലിയിൽ പ്രവേശിച്ചു
ഉദ്യോഗാർത്ഥികൾ പ്രധാനമായും രണ്ട് ഗുരുതരമായ ക്രമക്കേടുകളാണ് ചൂണ്ടിക്കാണിക്കുന്നത്:
നേതാവിന് വഴിവിട്ട സഹായം: സ്പെഷ്യൽ റൂളിൽ നിർദ്ദേശിച്ചിട്ടുള്ള കൃത്യമായ യോഗ്യതയില്ലാത്ത ഇടത് അധ്യാപക സംഘടനയുടെ ഒരു സംസ്ഥാന നേതാവിനായി പിഎസ്സി ഉദാര സമീപനം സ്വീകരിച്ചു. ഇയാൾ റാങ്ക് ലിസ്റ്റിൽ ഇടംനേടുകയും ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.
യൂണിവേഴ്സിറ്റിയുടെ പ്രത്യേക സർട്ടിഫിക്കറ്റ്: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എഡ് ബിരുദം നേടിയവരിൽ, ഡയറ്റ് വിജ്ഞാപനത്തിൽ പറഞ്ഞ യോഗ്യതയില്ലാത്ത ചില ഉദ്യോഗാർത്ഥികൾക്ക് സർവകലാശാല പ്രത്യേക യോഗ്യതാ സർട്ടിഫിക്കറ്റ് നൽകി സഹായിച്ചു.
സർക്കാർ ഈ വിഷയത്തിൽ നടത്തുന്ന ഏത് അന്വേഷണത്തിലും കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഈ നടപടിയും ഉൾപ്പെടുത്തണമെന്നാണ് നിലവിൽ ഉദ്യോഗാർത്ഥികൾ ആവശ്യപ്പെടുന്നത്.










