11:41pm 09 July 2026
NEWS
പി.എസ്.സി പരീക്ഷാ ക്രമക്കേട് അന്വേഷിക്കാൻ ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം
09/07/2026  08:07 PM IST
nila
പി.എസ്.സി പരീക്ഷാ ക്രമക്കേട് അന്വേഷിക്കാൻ ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം

സംസ്ഥാനത്തെ പി.എസ്.സി പരീക്ഷാ ക്രമക്കേട് ആരോപണങ്ങളിൽ അന്വേഷണം ശക്തമാക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് എസ്.ഐ.ടി പ്രവർത്തിക്കുക. എസ്.പി സക്കറിയ മാത്യുവും ഡി.വൈ.എസ്.പി അജയ് നാഥും സംഘത്തിലെ അംഗങ്ങളാണ്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ അന്വേഷണം പുരോഗമിക്കുമെന്നും രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്നും ഡി.ജി.പി നിർദേശിച്ചിട്ടുണ്ട്.

അതേസമയം, പി.എസ്.സി പരീക്ഷാ ക്രമക്കേട് വിഷയത്തിൽ സമാന്തരമായി രണ്ട് അന്വേഷണങ്ങളാണ് നടക്കുന്നത്. പി.എസ്.സി ആഭ്യന്തര വിജിലൻസും ക്രൈംബ്രാഞ്ചും വ്യത്യസ്ത തലങ്ങളിൽ അന്വേഷണം നടത്തുകയാണ്. ആസൂത്രണ ബോർഡിലെ നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പി.എസ്.സി ആഭ്യന്തര വിജിലൻസ് എസ്.പി അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനൊപ്പം മന്ത്രിസഭാ തീരുമാനത്തെ തുടർന്ന് ക്രൈംബ്രാഞ്ചിനും അന്വേഷണം ഏൽപ്പിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്.

സമീപകാലത്ത് പി.എസ്.സി പരീക്ഷകളുമായി ബന്ധപ്പെട്ട് ഉയർന്ന വിവിധ ആരോപണങ്ങളാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. പ്രത്യേകിച്ച് ആസൂത്രണ ബോർഡിലെ ചീഫ് തസ്തികയിലേക്കുള്ള നിയമന പരീക്ഷയുടെ മൂല്യനിർണയത്തിൽ ക്രമക്കേടുണ്ടെന്ന പരാതിക്ക് അന്വേഷണാനുമതി തേടി വിജിലൻസ് ഡയറക്ടർ നൽകിയ കത്തും അന്വേഷണത്തിന്റെ പ്രധാന ആധാരമാകും.

പ്രാഥമിക പരിശോധന പൂർത്തിയാക്കിയ ശേഷമേ ക്രൈംബ്രാഞ്ച് ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്യുകയുള്ളു. ഇതിനായി ആവശ്യമായ രേഖകളും ഫയലുകളും കൈമാറണമെന്ന് ആവശ്യപ്പെട്ട് പി.എസ്.സിക്ക് കത്ത് നൽകും. എന്നാൽ രേഖകൾ കൈമാറുന്നതിൽ നിയമോപദേശം തേടാനാണ് പി.എസ്.സിയുടെ തീരുമാനം. കമ്മീഷൻ യോഗം ചേർന്ന ശേഷമാകും അന്തിമ തീരുമാനമെടുക്കുക.

ഇതിനിടെ, ആസൂത്രണ ബോർഡ് നിയമനത്തിൽ ക്രമക്കേടുണ്ടെന്ന പരാതി നൽകിയ വ്യക്തിയുടെ മൊഴി പി.എസ്.സി വിജിലൻസ് എസ്.പി ഓഫീസിൽ രേഖപ്പെടുത്തി. മൂല്യനിർണയത്തിലും അഭിമുഖ ഘട്ടത്തിലും അട്ടിമറി നടന്നതായി സംശയിക്കുന്നതായും അന്വേഷണത്തിനാവശ്യമായ എല്ലാ രേഖകളും പി.എസ്.സി ലഭ്യമാക്കിയിട്ടില്ലെന്നും പരാതിക്കാരൻ മൊഴി നൽകി. കൂടുതൽ പരാതിക്കാരുടേയും പരീക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടേയും മൊഴികൾ വരും ദിവസങ്ങളിൽ ശേഖരിക്കാനാണ് അന്വേഷണ സംഘങ്ങളുടെ തീരുമാനം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img