
ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലെ നിയമന വിവാദവുമായി ബന്ധപ്പെട്ട് വിശ്വാസ്യതയാകെ നഷ്ടപ്പെട്ട് സമൂഹമധ്യത്തിൽ നാണം കെട്ടുനിൽക്കുന്ന കേരളാ പബ്ലിക് സർവ്വീസ് കമ്മിഷൻ ആസ്ഥാനത്തുനിന്നും അഴിമതിയുടെയും സ്വജനപക്ഷ വാദത്തിന്റെയുമൊക്കെ പുതുപുത്തൻ കഥകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അതേത്തുടർന്ന് സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയിട്ടുള്ള ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം കൂടുതൽ വിവരങ്ങളും കുറ്റവാളികൾ ആരാണെന്നതുമൊക്കെ വെളിച്ചത്തുകൊണ്ടുവരുമെന്നും ന്യായമായും കരുതാം.
എന്നിട്ടെന്തു സംഭവിക്കും? അഥവാ എന്തെങ്കിലും സംഭവിക്കുമോ?
പി.എസ്.സിക്ക് ഭരണഘടന അനുവദിച്ചുനൽകിയിട്ടുള്ള പരിരക്ഷയനുസരിച്ച് ഈ നടക്കുന്ന കോലാഹലങ്ങൾക്കപ്പുറം കാര്യമായ ഒരു നടപടിയും ആരുടെയെങ്കിലും പേരിൽ ഉണ്ടാകുമെന്ന് കരുതാനാവില്ല. ഒടുവിൽ പതിവുപോലെ ഏതെങ്കിലും ഒന്നോ രണ്ടോ ഉദ്യോഗസ്ഥർ ബലിയാടായെന്നുവരാം. അതിനപ്പുറം ഒന്നും സംഭവിക്കില്ലെന്നാണ് മനസ്സിലാക്കുവാൻ കഴിയുന്നത്. അത്രമാത്രം സംരക്ഷണ കവചമാണ് പി.എസ്.സി ചെയർമാനും അംഗങ്ങൾക്കും നമ്മുടെ ഭരണഘടന അനുവദിച്ചുനൽകിയിട്ടുള്ളത്. ലക്ഷക്കണക്കിന് യുവതീയുവാക്കളുടെ തൊഴിലെന്ന സ്വപ്നത്തെ കുറ്റമറ്റ സംവിധാനത്തിലൂടെ തെരഞ്ഞെടുപ്പിന് വിധേയമാക്കുവാൻ ചുമതലപ്പെട്ട പി.എസ്.സി എന്ന ഭരണഘടനാ സ്ഥാപനം ആ സ്വപ്നങ്ങൾക്ക് നേരെ നോക്കി കൊഞ്ഞനം കുത്തുമ്പോൾ, അധികമാരും അറിയാത്ത ആ ആനുകൂല്യങ്ങളേയും പരിരക്ഷയേയും കുറിച്ച് ജനം അറിയേണ്ടതുണ്ട്. എന്നിട്ട് മൂക്കത്ത് വിരൽവച്ചുകൊള്ളൂ.
തുടക്കം 1936 ൽ
കേരള സംസ്ഥാനം രൂപീകൃതമാകുന്നതിന് മുൻപുതൊട്ടെ നിലവിലുള്ള സ്ഥാപനമാണ് പി.എസ്.സി. 1936 ൽ, രാജഭരണം നിലനിൽക്കുന്ന കാലത്താണ് തുടക്കം. അന്ന് ഇന്നത്തെപ്പോലെ 21 അംഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. തിരുവിതാംകൂർ പബ്ലിക് സർവ്വീസ് കമ്മിഷണർ എന്ന പേരിൽ ഒരു ഏകാംഗ സംവിധാനമായിരുന്നു അത്. ഡോ.ഡി.ഡി. നോക്സ് എന്ന സായിപ്പായിരുന്നു ആദ്യകമ്മീഷണർ. അതിനുശേഷം തിരു-കൊച്ചി നിലവിൽ വന്നപ്പോൾ തിരു-കൊച്ചി പബ്ലിക് സർവ്വീസ് കമ്മീഷണറായി. 1956 നവംബർ 1 ന് കേരളസംസ്ഥാനം രൂപീകൃതമായ ശേഷമാണ് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ആയതും അംഗസംഖ്യ ചെയർമാൻ ഉൾപ്പെടെ 3 ആയതും. ആദ്യ ചെയർമാൻ വി.കെ. വേലായുധനും.
അന്നുതൊട്ടേ പി.എസ്.സി അംഗങ്ങളുടെ കാലാവധി ഇന്നത്തെപ്പോലെ തന്നെ 6 വർഷമാണ്. 6 വർഷം അഥവാ 62 വയസ്സ്. ഇതിൽ ഏതാണോ ആദ്യം പൂർത്തിയാകുന്നത് അന്ന് പുറത്തുപോകും. ഉദാഹരണത്തിന് ഒരാൾ 59-ാമത്തെ വയസ്സിലാണ് പി.എസ്.സി അംഗമാകുന്നതെങ്കിൽ അയാൾക്ക് മൂന്നുവർഷം മാത്രമേ ആ സ്ഥാനത്ത് തുടരാനാവകാശമുള്ളൂ. 62 പൂർത്തിയാകുന്നതിന്റന്ന് കസേര ഒഴിയണം.
കാലാവധി പൂർത്തിയാക്കുന്ന ഓരോ വർഷത്തിനും ഒരു നിശ്ചിത തുക വച്ചാണ് പെൻഷൻ കണക്കാക്കുന്നത്. ആറ് വർഷം പൂർത്തിയാക്കിയാൽ മാത്രമേ ഫുൾ പെൻഷന് അർഹതയുണ്ടാവുകയുള്ളു. അതായത് കിട്ടിക്കൊണ്ടിരിക്കുന്ന ശമ്പളത്തിന്റെ നേർപകുതി ഈ ആറ് വർഷം കൊണ്ട് പെൻഷൻ കിട്ടും. നിലവിൽ 2,19,090 രൂപയാണ് അംഗങ്ങളുടെ അടിസ്ഥാന ശമ്പളം. ചെയർമാന് 2,20,401 രൂപയാണ് അടിസ്ഥാന ശമ്പളം. അതിന്റെ ഡി.എ വേറെ. അടിസ്ഥാന ശമ്പളത്തിന്റെ 60% ആണ് ഡി.എ. എങ്ങനെ പോയാലും ആറുവർഷം പൂർത്തിയാക്കി പടിയിറങ്ങുന്ന ഒരു പി.എസ്.സി അംഗത്തിന് 2.5 ലക്ഷം രൂപ വരെ നിലവിൽ പെൻഷൻ കിട്ടും.
ശമ്പളം കൂടാതെ പ്രതിമാസം 10,000 രൂപ വീട്ടുവാടകയിനത്തിൽ ലഭിക്കും. 5000 രൂപ ഇന്ധനച്ചെലവുണ്ട്. ചെയർമാന് കാറുള്ളതിനാൽ കാറിൽ എവിടെ വേണമെങ്കിലും പോകാം. ഇത്ര കിലോമീറ്റർ എന്ന് സീലിംഗ് ഒന്നും ഇല്ല. പെട്രോൾ പി.എസ്.സി വക. ചെയർമാന് വീട്ടുവാടക മുഴുവനായും പി.എസ്.സിയാണ് നൽകുന്നത്. അതുകൂടാതെ വീട് പൂർണ്ണമായും ഫർണിഷ് ചെയ്യാനുള്ള പണവും ലഭിക്കും. കാലാവധി തീർന്നുപോകുന്ന ചെയർമാൻമാർ പലരും ഈ ഫർണിച്ചർ ഏറ്റവും കുറഞ്ഞ തുകയ്ക്ക് ലേലം കൊണ്ട് അതുമായിട്ടാകും പടിയിറങ്ങുക. അങ്ങനേയും ലാഭം.
മെമ്പർമാർക്കും ചെയർമാനും ശമ്പളം, ഡി.എ തുടങ്ങിയ ഇനങ്ങളിൽ വലിയ വ്യത്യാസമൊന്നുമില്ല. രണ്ടുപേർക്കും സ്വന്തം നിലയിൽ ഡ്രൈവറെ നിയമിക്കാം. ഇവരുടെ കാലാവധി തീരുമ്പോൾ ഡ്രൈവർമാരുടെയും കാലാവധി അവസാനിക്കും. സർവ്വീസിലുള്ള കാലം മുഴുവൻ സർക്കാർ ഡ്രൈവർക്ക് ലഭിക്കുന്ന എല്ലാവിധി ആനുകൂല്യങ്ങളും ഇവർക്കും ലഭിക്കും.
ചികിത്സാെച്ചലവിന് പരിധിയൊന്നും ഇല്ല. എത്ര വേണമെങ്കിലും ചെലവാക്കാം. കിഡ്നിയോ കരളോ എന്തുവേണമെങ്കിലും മാറ്റിവയ്ക്കാം. ചെലവ് പി.എസ്.സി വക. അതറിയാവുന്നതിനാൽ പി.എസ്.സി അംഗങ്ങളോ ചെയർമാനോ ചികിത്സയ്ക്ക് ചെന്നാൽ, ചില വാഹനവർക്ക്ഷാപ്പുകാരെപ്പോലെ ആവശ്യമില്ലാത്ത പാർട്ട്സും ഹോസ്പിറ്റലുകാർ മാറ്റും.
ഔദ്യോഗികാവശ്യങ്ങൾക്ക് യാത്ര ചെയ്യുമ്പോൾ ഒരു കിലോമീറ്ററിന് 15 രൂപ ക്രമത്തിൽ ക്ലെയിം ചെയ്യാനുള്ള അവകാശവും ഇവർക്കുണ്ട്. ആ ഇനത്തിലും പ്രതിമാസം മുപ്പതിനായിരവും നാൽപ്പതിനായിരവുമൊക്കെ രൂപ സമ്പാദിക്കുന്ന അംഗങ്ങളുണ്ട്. മാസത്തിൽ രണ്ടുപ്രാവശ്യമൊക്കെ കാസർഗോഡും കണ്ണൂരുമൊക്കെ ട്രെയിൻയാത്ര നടത്തിയിട്ട് കാറിന്റെ തുക എഴുതിവാങ്ങും. ചുരുക്കിപ്പറഞ്ഞാൽ പ്രതിമാസം എത്ര കുറഞ്ഞാലും ഏകദേശം 4 ലക്ഷത്തോളം രൂപയാണ് ഒരു പി.എസ്.സി അംഗങ്ങളുടെ വരുമാനം.
ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ സ്റ്റാറ്റസാണ് പി.എസ്.സി ചെയർമാനുള്ളത്. മെമ്പർമാർക്ക് ജസ്റ്റിസിന്റെ സ്റ്റാറ്റസും. ഗവൺമെന്റിന്റെ പ്രോട്ടോക്കോൾ ലിസ്റ്റിനകത്ത് അങ്ങനെയാണ് ചേർത്തിട്ടുള്ളത്. ഗവൺമെന്റ് ഓഫ് ഇൻഡ്യ തന്നെ അംഗീകരിച്ചിട്ടുള്ളതാണത്. അങ്ങനെയൊക്കെ നോക്കുമ്പോൾ സംസ്ഥാന സർക്കാരിന് കീഴിലെ ഏറ്റവും വലിയ ഉദ്യോഗസ്ഥനായ ചീഫ് സെക്രട്ടറിയേക്കാൾ കൂടുതൽ ശമ്പളം വാങ്ങുന്നത് പി.എസ്.സി മെമ്പർമാരാണെന്നുകാണാം.
എണ്ണം 21
നിലവിൽ അംഗങ്ങളും ചെയർമാനും ഉൾപ്പെടെ 21 അംഗ ബോർഡാണ് പി.എസ്.സിക്കുള്ളത്. കേരള സംസ്ഥാന രൂപീകരണത്തിന് മുൻപ് 1 ഉം, അതിനുശേഷം 3 ഉം ആയിരുന്ന സ്ഥാനത്തുനിന്നാണ് ക്രമേണ കൂടിക്കൂടി ഇപ്പോൾ 21 ൽ എത്തിനിൽക്കുന്നത്. അവ്വിധം എണ്ണം കൂട്ടുവാനുള്ള കാരണമായി പറയുന്നത് പ്രധാനമായും ജോലി ഭാരക്കൂടുതലാണ്. പ്രത്യേകിച്ചും യു.ഡി.എഫ് സർക്കാർ വന്നിട്ടുള്ളപ്പോഴൊക്കെയും വലിയ വലിയ നിയമനങ്ങൾ പലതും പി.എസ്.സിക്ക് വിട്ടിട്ടുണ്ട്. 1995 ഒക്ടോബറിൽ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് സഹകരണ ബാങ്കുകളിലെ മുഴുവൻ നിയമനങ്ങളും പി.എസ്.സിക്ക് വിട്ടത്. അതിനുമുൻപ് ഡയറക്ടർ ബോർഡ് അംഗങ്ങളുടെ ബന്ധുക്കൾക്കോ, പണം വാങ്ങി മറ്റുള്ളവർക്കോ ഒക്കെ ഒപ്പിക്കുകയായിരുന്നു. അജണ്ടയായി കാബിനറ്റിൽ വയ്ക്കാതെയാണ് ആന്റണി ഇങ്ങനൊരു തീരുമാനം എടുത്തത്. കാരണം കാബിനറ്റിൽ വച്ചാൽ അത് നടക്കില്ല എന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അതുകൊണ്ട് എല്ലാ ഐറ്റവും കഴിഞ്ഞപ്പോൾ, 'ഇനി ഒരു ഐറ്റം ഉണ്ട്. നമുക്ക് സഹകരണമേഖലയിലെ സംസ്ഥാന സഹകരണബാങ്ക്, 14 ജില്ലാ സഹകരണ ബാങ്കുകൾ, 15 അപ്പക്സ് സൊസൈറ്റികൾ(കേരള ഫെഡ്, മാർക്കറ്റിംഗ് ഫെഡ്, മത്സ്യഫെഡ് തുടങ്ങിയവ) എന്നിവിടങ്ങളിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടാം ആർക്കും എതിരില്ലല്ലോ എന്ന് അദ്ദേഹം ചോദിച്ചപ്പോൾ ആർക്കാണ് എതിർക്കാൻ പറ്റുക. അത്രയും നിയമനങ്ങൾ കൂടി പി.എസ്.സിക്ക് വിട്ടപ്പോൾ അതനുസരിച്ച് ജീവനക്കാരെ കോ-ഓർഡിനേറ്റ് ചെയ്യാൻ മെമ്പർമാരുമൊക്കെ വേണമെന്നുള്ള നിലയ്ക്കാണ് എണ്ണം കൂടിക്കൂടി 21 ആയത്.'
യു.പി.എസ്.സിയിലും ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശ് പി.എസ്.സിയിലുമൊക്കെ ഇതിന്റെ പകുതി മെമ്പർമാരല്ലേയുള്ളൂ എന്നു ചോദിക്കുന്നവരുണ്ട്. എന്നാൽ യു.പി.എസ്.സി(യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷൻ) ഗസറ്റഡ് പോസ്റ്റ് മാത്രമേ ചെയ്യുന്നുള്ളു എന്നതാണ് വാസ്തവം. ക്ലറിക്കൽ പോസ്റ്റ് ഒക്കെ ചെയ്യാൻ സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ എന്ന പേരിൽ മറ്റൊരു സംവിധാനമുണ്ട്.
അതുപോലെ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായപ്പോൾ 2012 ൽ യൂണിവേഴ്സിറ്റികളിലെ അനൗദ്യോഗിക നിയമനങ്ങൾ മുഴുവനായി പി.എസ്.സിക്ക് വിട്ടു. അങ്ങനെ കാലാകാലങ്ങളിൽ പുതിയ പുതിയ സ്ഥാപനങ്ങളിലെ നിയമനങ്ങൾ ലഭിക്കുന്ന മുറയ്ക്ക് പി.എസ്.സിയുടെ അംഗസംഖ്യയും കൂടി.
വിശ്വാസ്യത നിലനിർത്തിയതെങ്ങനെ?
അടുത്തകാലം വരെ ഇൻഡ്യയിലെ തന്നെ തൊഴിൽ നിയമന സംവിധാനങ്ങളിൽ കുറ്റമറ്റതെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നത് കേരളാ പി.എസ്.സിയെയാണ്. കാരണം അതായിരുന്നു പി.എസ്.സിയുടെ പ്രവർത്തനരീതി. ചോദ്യം സെറ്റ് ചെയ്യുന്നതാരെന്നറിയില്ല. ഉത്തരം നോക്കുന്നതാരെന്നറിയില്ല. ഇന്റർവ്യൂവിന്റെ മാർക്ക് ഒരിടത്തിരിക്കും. എഴുത്തുപരീക്ഷയുടെ മാർക്ക് വേറൊരിടത്തിരിക്കും. ഇതെല്ലാം ഓരോരോ വാട്ടർടൈറ്റ് കംപാർട്ടുമെന്റുകളിലാണ് സൂക്ഷിക്കുന്നത്. ഉത്തരക്കടലാസിൽ ഒരു പ്രത്യേക സ്ഥലമല്ലാതെ മറ്റെവിടെയെങ്കിലും നമ്പർ എഴുതിയാൽ ആ ഉത്തരക്കടലാസ് അസാധുവാക്കുന്നതാണ് രീതി. ചിലർ തങ്ങളുടെ പേപ്പർ കണ്ടുപിടിക്കാൻ വേണ്ടി ഉത്തരം എഴുതുമ്പോൾ ആദ്യം ഓം എന്നെഴുതും. ചിലർ 786 എന്നെഴുതും. വേറെ ചിലർ കുരിശുവരയ്ക്കും. ഇങ്ങനെ വല്ല അടയാളങ്ങളും കണ്ടാൽ ആ ഉത്തരക്കടലാസ് നോക്കില്ല. അത്ര സൂക്ഷ്മതയോടെ പോയിരുന്ന ഒരു പി.എസ്.സിയായിരുന്നു നമ്മുടേത്.
ഉത്തരക്കടലാസുകൾ എല്ലാം കൂടി(കാസർഗോഡുനിന്നും പാറശ്ശാല വരെയുള്ള പരീക്ഷാകേന്ദ്രങ്ങളിൽ നിന്നും വരുന്നവ) ഒന്നിച്ചാക്കി കൂട്ടിക്കുഴയ്ക്കും. അതിനുശേഷം അവിടുന്നുംഇവിടുന്നുമൊക്കെയായി കുറെയെണ്ണം എടുക്കും. പിന്നീട് ഡ്യൂപ്ലിക്കേറ്റിംഗ് മെഷിൻ ഉപയോഗിച്ച് ഓരോ സെറ്റിലും ഫെയിസിംഗ് ഷീറ്റിന്റെ താഴെയും മുകളിലുമായി ഒരേ നമ്പർ അടിക്കും. എന്നിട്ട് താഴെയുള്ള ഫെയിസിംഗ് ഷീറ്റിന്റെ താഴെ ഭാഗത്തെ കോളത്തിലാണ് ഉദ്യോഗാർത്ഥിയുടെ യഥാർത്ഥ നമ്പർ എഴുതിയുട്ടുണ്ടാവുക. മുഴുവൻ ഭാഗവും കീറി സീൽ ചെയ്തുവയ്ക്കും. മുകളിലത്തെ ഫാൾസ് നമ്പരുമായി മൂല്യനിർണ്ണയത്തിനയയ്ക്കും. അങ്ങനെ ചെയ്യുന്നതുകാരണം തന്റെ കയ്യിൽ കിട്ടിയിട്ടുള്ള ഉത്തരക്കടലാസ് ആരുടേതാണെന്ന് മൂല്യനിർണ്ണയം നടത്തുന്നയാൾക്ക് മനസ്സിലാക്കുവാൻ കഴിയില്ല. കീറിയെടുക്കുന്ന ഫാൾസ് നമ്പർ ബണ്ടിലാക്കി അലമാരയിൽ വച്ചശേഷം അലമാര സീൽചെയ്യും. മൂല്യനിർണ്ണയം നടത്തിക്കഴിഞ്ഞ് മാർക്കെടുക്കുമ്പോൾ അത് അക്കത്തിലൂം അക്ഷരത്തിലും എഴുതണം. ശേഷം തന്റെ കയ്യിൽ കിട്ടിയ ഉത്തരക്കടലാസിന്റെ രഹസ്യകോഡ് എഴുതി, അതിൽ മാർക്കിട്ടുകൊടുക്കുക എന്ന ജോലിയേ വാല്യൂ ചെയ്യുന്നയാൾക്കുള്ളൂ.
ഇത്തരത്തിൽ മൂല്യനിർണ്ണയം നടത്തുന്ന ഉത്തരക്കടലാസുകൾ ഷഫിൾ ചെയ്തശേഷം സെറ്റാക്കുന്നതായതിനാൽ ഒരിക്കലും ക്രമത്തിലായിരിക്കില്ല എന്ന പ്രത്യേകതയുമുണ്ട്. അതായത് ഒരു പേപ്പർ അഞ്ചക്ക ഫാൾസ് നമ്പരുള്ളതാണെങ്കിൽ മറ്റൊന്ന് ആറക്ക നമ്പരുള്ളതായിരിക്കും. ഒന്ന് കാസർഗോഡുകാരന്റേതാണെങ്കിൽ ഇനിയൊന്ന് തിരുവനനന്തപുരത്തുകാരന്റേതായിരിക്കും. സംവിധാനങ്ങൾ ഇങ്ങനെയൊക്കെയായിരുന്നതുകൊണ്ടാണ് മുൻകാലങ്ങളിൽ പി.എസ്.സിയെക്കുറിച്ച് ആർക്കും ആക്ഷേപം ഇല്ലാതിരുന്നത്.
ഇനി ക്വസ്റ്റ്യൻ സെറ്റ് ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം. മിടുക്കരായ അദ്ധ്യാപകർക്ക് താൽപ്പര്യമുണ്ടെങ്കിൽ അവരുടെ ഡേറ്റ കൊടുക്കണം. അങ്ങനെയുള്ളവരിൽ നിന്ന് ഇഷ്ടമുള്ളവരെ ഉൾപ്പെടുത്തി ഒരു പാനലുണ്ടാക്കുവാനുള്ള അധികാരം ചെയർമാനുണ്ട്. മുൻപൊക്കെ ഒരാൾ തന്നെയായിരുന്നു നൂറ് ചോദ്യവും ഉണ്ടാക്കിയിരുന്നത്. പിന്നീടത് മാറി. ഇപ്പോൾ നൂറ് മാർക്കിന്റെ ചോദ്യമാണെങ്കിൽ 10 മാർക്കിന്റെ വീതം 10 പേർക്കായി നൽകും. അങ്ങനെ വീതം വച്ച് നൽകി ലഭിക്കുന്ന ചോദ്യങ്ങൾ എല്ലാംകൂടി എടുത്താണ് പ്രിന്റ് ചെയ്യാൻ കൊടുക്കുന്നമത്. കേരളത്തിന് പുറത്ത് ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ സെക്യൂരിറ്റി പ്രസിലാണ് പ്രിന്റിംഗ്.
പ്രിന്റ് ചെയ്ത് 20 ക്വസ്റ്റ്യൻ വീതം ഓരോ ചെറിയ പാക്കറ്റിലാക്കി, ചെറിയ പാക്കറ്റുകൾ കുറെയാകുമ്പോൾ വലിയ പായ്ക്കറ്റിലാക്കി, അത് അവരുടെ വാഹനത്തിൽ തന്നെ പി.എസ്.സിയുടെ പട്ടത്തെ ഓഫീസിൽ കൊണ്ടുവരും. അവിടുന്ന് പി.എസ്.സി ഓഫീസിലെ ഉദ്യോഗസ്ഥർ ഇപ്പോഴത്തെ സംവിധാനത്തിൽ ഓരോ പരീക്ഷാകേന്ദ്രത്തിലും കൊണ്ടുകൊടുക്കുകയാണ് ചെയ്യുന്നത്.
മുൻപ് ചോദ്യപേപ്പർ രണ്ടുദിവസം മുൻപേ സ്ക്കൂളിൽ കൊണ്ടുപോയി കൊടുക്കുമായിരുന്നു പതിവ്. ഹെഡ്മാസ്റ്റർ അത് അലമാരയിൽ വച്ച് സീൽ ചെയ്യും. ഒരിക്കൽ ഒരു സ്ക്കൂളിലെ പ്യൂണും അയാളുടെ ഭാര്യയും എൽ.ഡി.സി എഴുതുന്നുണ്ടായിരുന്നു. ആ പ്യൂൺ രാത്രി ഓടിളക്കി ഹെഡ്മാസ്റ്ററുടെ മുറിയിലിറങ്ങി ചോദ്യപേപ്പർ മോഷ്ടിക്കുകയും അത് പിടിക്കപ്പെടുകയും അതേത്തുടർന്ന് പരീക്ഷ ക്യാൻസൽ ചെയ്യുകയും ചെയ്തു. അന്ന് പി.എസ്.സി തന്നെ ഗവൺമെന്റിനോടാവശ്യപ്പെട്ട് ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷണം നടത്തിക്കുകയായിരുന്നു. ആ സ്ഥാനത്താണ് ഇപ്പോൾ ആഭ്യന്തര വിജിലൻസിനെക്കൊണ്ടന്വേഷിക്കുവാനുള്ള ശ്രമം ഉണ്ടായത്. അങ്ങനൊരു തീരുമാനം പി.എസ്.സി കൈക്കൊണ്ടത് ആരെയൊക്കെയോ രക്ഷിക്കുവാനായിരുന്നു
എങ്ങനെയെന്നാൽ, പി.എസ്.സിയിലെ വിജിലൻസ് എന്നാൽ കേരളാപോലീസിൽ നിന്ന് ഡെപ്യൂട്ടേഷനിൽ വരുന്ന ഒരു എസ്.പി, ഒര ഡി.വൈ.എസ്.പി, ഒരു എസ്.ഐ, നാല് കോൺസ്റ്റബിൾമാർ(ഒരാൾ ഡ്രൈവർ) എന്നിങ്ങനെ ഏഴുപേരാണ്. പി.എസ്.സിയുമായി ബന്ധപ്പെട്ടുവരുന്ന പരാതികളിൽ, പി.എസ്.സി ഉദ്യോഗസ്ഥരുടേതൊഴികെയുള്ളവ മാത്രം അന്വേഷിക്കുകയാണ് അവരുടെ ചുമതല. ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുവരുന്ന കാര്യങ്ങൾ ആഭ്യന്തര വിജിലൻസാണ് അന്വേഷിക്കുക.
പിന്നെ സെക്രട്ടറിക്ക് തൊട്ടുതാഴെ അഡീഷണൽ റാങ്കിലുള്ള ഒരു പരീക്ഷാകൺട്രോളറുണ്ട്(സീനിയർമോസ്റ്റ് അഡിഷണൽ സെക്രട്ടറി ചോദ്യപേപ്പർ സെറ്റ് ചെയ്യുവാനുള്ള പാനലിൽ ചെയർമാൻ കാര്യങ്ങൾ നേരിട്ട് ഏൽപ്പിക്കുന്നത് ഈ പരീക്ഷാ കൺട്രോളറെയാണ്. അത്രയും ഉത്തരവാദപ്പെട്ട ചുമതലയുള്ളതിനാൽ വിജിലൻസിന്റെ ചുമതലയും ഇദ്ദേഹത്തിനായിരിക്കും. അതായത് പരീക്ഷാകൺട്രോളറും വിജിലൻസ് ഓഫീസറും ഒരാൾ തന്നെയാണ്.
പക്ഷേ ആ വിജിലൻസ്, പി.എസ്.സിയുടെ എന്തെങ്കിലും ഒരു വിഷയം വന്നുകഴിഞ്ഞാൽ അവർക്ക് അവരുടെ സബോർഡിനേറ്റിംഗ് ഉദ്യോഗസ്ഥരുടടുക്കൽ വിവരങ്ങൾ ചോദിച്ചുമനസ്സിലാക്കി റിപ്പോർട്ട് കൊടുക്കാമെന്നല്ലാതെ പോലീസുകാർ ചോദിക്കും പോലെ തിരിച്ചും മറിച്ചുമൊന്നും ചോദിക്കുവാൻ അവർക്കറിയില്ല.
മറ്റവർക്ക് അതറിയാമെങ്കിലും പി.എസ്.സി ഉദ്യോഗസ്ഥർക്കുമേൽ യാതൊരുവിധ കൺട്രോളുമില്ല. പി.എസ്.സിയിലെ ഒരുദ്യോഗസ്ഥനെ പി.എസ്.സിയിൽ തന്നെയിരിക്കുന്ന എസ്.പിക്ക് ചോദ്യം ചെയ്യാനൊക്കില്ല. അതിന് ചെയർമാന്റെ അനുവാദം വേണം.
മെമ്പർമാർക്കുള്ള പരിരക്ഷ
മന്ത്രിസഭ തീരുമാനമെടുത്ത് ഗവർണർക്ക് കൊടുത്ത്, ഗവർണർ ഒപ്പിട്ടുകഴിഞ്ഞാൽ മെമ്പർമാരുടെ ഔദ്യോഗിക നിയമനമായി. അവരെ പിന്നെ ഒന്നും ചെയ്യുവാൻ ഗവണർക്കോ ഗവൺമെന്റിനോ അധികാരമില്ല. അവർക്കെതിരെ എന്തെങ്കിലും അച്ചടക്കനടപടിയെടുക്കണമെങ്കിൽ സുപ്രീംകോടതിയുടെ റെഫറൻസ് വേണം. അതിന്റടിസ്ഥാനത്തിൽ ഇൻഡ്യൻ പ്രസിഡന്റിന് മാത്രമോ ഇവർക്കെതിരെ നടപടി എടുക്കാനാകു.
മറ്റൊരു പ്രധാനകാര്യം പി.എസ്.സി അംഗമാകുന്നതിന് വിദ്യാഭ്യാസ യോഗ്യത എന്നൊന്നില്ല എന്നുള്ളതാണ്. പള്ളിക്കൂടത്തിന്റെ തിണ്ണ കണ്ടിട്ടില്ലാത്തവർക്കും പി.എസ്.സി അംഗമാകാം. രണ്ടേ രണ്ടു നിബന്ധനകളേയുള്ളൂ. 62 വയസ്സ് കഴിയരുത്, തലയ്ക്ക് സ്ഥിരത വേണം.
പിന്നെ ഒരാശ്വാസമുള്ളത് ആകെയുള്ള അംഗങ്ങളുടെ പകുതിയോളം പേർ 10 വർഷം കേന്ദ്ര/സംസ്ഥാന ഗവൺമെന്റുകളിൽ സേവനം അനുഷ്ഠിച്ചവരാകണം എന്ന ഒരു നിബന്ധനയുണ്ട് എന്നുള്ളതാണ്.
ചുരുക്കിപ്പറഞ്ഞാൽ സംസ്ഥാന ഖജനാവിൽ നിന്നും ലക്ഷങ്ങൾ ശമ്പളമായും പെൻഷനായും മറ്റ് ആനുകൂല്യങ്ങളായുമൊക്കെ കൈപ്പറ്റുന്നവർ, അധികാരത്തിലിരുന്നുകൊണ്ട് കാട്ടിക്കൂട്ടുന്ന എന്തുതെറ്റും ഏത ് ഏജൻസി അന്വേഷിച്ചിട്ടും ഒരു ഫലവുമില്ലെന്ന് സാരം- അവർ പി.എസ്.സി അംഗങ്ങളാണെങ്കിൽ പിന്നന്തിനീ അന്വേഷണം?
വാൽക്കഷണം: കേരളാ ഗവർണറായിരുന്ന ഡോ. സ്വരൂപ് സിംഗ് ഒരിക്കൽ പറഞ്ഞു, എന്നോട് ഗവർണർ സ്ഥാനം വേണോ പി.എസ്.സി മെമ്പർ സ്ഥാനം വേണോ എന്നുചോദിച്ചാൽ ഞാൻ പി.എസ്.സി മതിയെന്നുപറയും. ഗവൺമെന്റ് മാറിയാലും പി.എസ്.സി അംഗത്തിന് തുടരാമല്ലൊ. മറിച്ച് ഗവർണർക്ക് സ്ഥാനം പോകും.











