07:25pm 31 October 2026
NEWS
കുരുക്ക് മുറുകുന്നു: പി.എസ്‌.സി ചെയർമാൻ അറസ്റ്റിന്റെ വക്കിൽ; കൂടുതൽ ചോദ്യങ്ങളിലേക്ക് ക്രൈംബ്രാഞ്ച്
30/10/2026  07:46 AM IST
നിയമകാര്യ ലേഖകൻ
കുരുക്ക് മുറുകുന്നു: പി.എസ്‌.സി ചെയർമാൻ അറസ്റ്റിന്റെ വക്കിൽ; കൂടുതൽ ചോദ്യങ്ങളിലേക്ക് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: ആസൂത്രണബോർഡ് പരീക്ഷാ, നിയമന ക്രമക്കേടുകളിൽ പി.എസ്.സി ചെയർമാൻ ഡോ.എം.ആർ. ബൈജുവിന്റെ അറസ്റ്റിലേക്ക് അന്വേഷണ സംഘം (എസ്.ഐ.ടി) കടക്കുന്നു. ചെയർമാന്റെ പങ്കിന് ശക്തമായ തെളിവുകൾ ലഭിച്ചതായി ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
​തുടർച്ചയായ രണ്ടാം ദിവസത്തെ ചോദ്യംചെയ്യലിൽ ചെയർമാന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചകളുണ്ടായതായി വ്യക്തമായി. തുടക്കത്തിൽ സാങ്കേതിക പിഴവുകളാണെന്ന് പറഞ്ഞ് ഒഴിയാൻ ശ്രമിച്ചെങ്കിലും, രേഖകൾ നിരത്തിയുള്ള ചോദ്യങ്ങൾക്ക് മുന്നിൽ അദ്ദേഹം പതറി. അതെല്ലാം തന്റെ അധികാരപരിധിയിലാണെന്ന് മറുപടി നൽകിയപ്പോൾ, എങ്കിൽ ആ വീഴ്ചകളുടെ ഉത്തരവാദിത്വവും ചെയർമാനാണെന്ന എസ്.ഐ.ടിയുടെ ചോദ്യത്തിന് മുന്നിൽ അദ്ദേഹം മൗനം പാലിച്ചു. വിജിലൻസ് എസ്.പിയടക്കം ചൂണ്ടിക്കാണിച്ചിട്ടും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും കൃത്യമായ മറുപടി ഉണ്ടായില്ല.


​കമ്മീഷനംഗങ്ങളും മറ്റ് ഉദ്യോഗസ്ഥരും ചെയർമാനെതിരെയാണ് മൊഴി നൽകിയിരിക്കുന്നത്. എല്ലാ തീരുമാനങ്ങളും ചെയർമാനും രണ്ടംഗങ്ങളും ചേർന്നാണ് എടുത്തതെന്നാണ് ഭൂരിഭാഗം പേരുടെയും വെളപ്പെടുത്തൽ. ചോദ്യങ്ങൾ മൂല്യനിർണയത്തിന് നൽകാതിരുന്നതും, അഭിമുഖത്തിൽ വാരിക്കോരി മാർക്ക് നൽകിയതും, വിവരാവകാശ അപേക്ഷകൾ വൈകിച്ചതും ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം.


​അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുന്നു:


​പി.എസ്.സി സെക്രട്ടറി സാജു ജോർജ്ജിന് ശനിയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി.
​12 കമ്മീഷൻ അംഗങ്ങൾക്ക് തിങ്കളാഴ്ച മുതൽ ഹാജരാകാൻ ഇന്ന് നോട്ടീസ് നൽകും.
​സമാനമായി, 2023ലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പരീക്ഷയിൽ 100 ചോദ്യങ്ങളിൽ 47 എണ്ണവും ഓൺലൈൻ ഗൈഡിൽ നിന്ന് കോപ്പിയടിച്ച സംഭവത്തിൽ പി.എസ്.സിക്കെതിരെ പുതിയൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
​

മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷിനെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. ഒളിവിൽ പോയ അഡീഷണൽ സെക്രട്ടറി ആർ. ഹരിയെ കണ്ടെത്താനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. കമ്മീഷൻ അംഗങ്ങളുടെയും സെക്രട്ടറിയുടെയും മൊഴികൾ പൂർത്തിയായ ശേഷം ചെയർമാനെ വീണ്ടും ചോദ്യം ചെയ്ത് പരമാവധി തെളിവുകളോടെ അറസ്റ്റിലേക്ക് നീങ്ങാനാണ് എസ്.ഐ.ടിയുടെ തീരുമാനം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img