04:26pm 07 November 2026
NEWS
പി.എസ്.സി ചെയർമാനും അംഗങ്ങൾക്കും വൻ ശമ്പള വർധന
19/02/2025  03:38 PM IST
nila
പി.എസ്.സി ചെയർമാനും അംഗങ്ങൾക്കും വൻ ശമ്പള വർധന

തിരുവനന്തപുരം: കേരള പബ്ലിക് സർവ്വീസ് കമ്മീഷനിൽ(പി.എസ്.സി) വൻ ശമ്പള വർധന. പി എസ് സി ചെയർമാന്റെയും അം​ഗങ്ങളുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പരിഷ്കരിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ചെയർമാന് ജില്ലാ ജഡ്‌ജിമാരുടെ സൂപ്പർ ടൈം സ്കെയിലിലെ പരമാവധി തുകയ്ക്കു തുല്യമായ ശമ്പളം നൽകും. അംഗങ്ങൾക്കുള്ള ശമ്പളം ജില്ലാ ജഡ്‌ജിമാരുടെ സെലക്ഷൻ ഗ്രേഡ് സ്കെയിലിലെ പരമാവധി തുകയ്ക്കു തുല്യമായാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. 

ഇന്നു ചേർന്ന മന്ത്രിസഭാ യോ​ഗത്തിലാണ് പി.എസ്.സി ചെയർമാനും അംഗങ്ങൾക്കും വൻ ശമ്പള വർധനവ് നടപ്പാക്കാൻ തീരുമാനിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ പി എസ് സി ചെയർമാൻറെയും അംഗങ്ങളുടെയും നിലവിലുള്ള സേവനവേതന വ്യവസ്ഥ ഉൾപ്പെടെ പരിഗണിച്ച ശേഷമാണ് തീരുമാനം. നിലവിൽ, ചെയർമാന് അടിസ്ഥാന ശമ്പളം 76,000 രൂപയാണ്. വിവിധ അലവൻസുകൾ ഉൾപ്പടെ 2.26 ലക്ഷം രൂപയാണ് പ്രതിമാസം ലഭിക്കുക.

അംഗങ്ങൾക്ക് അടിസ്ഥാന ശമ്പളം 70,000 രൂപയാണ്. അലവൻസ് ഉൾപ്പടെ ഇത് 2.23 ലക്ഷം രൂപ വരെ ലഭിക്കും. ശമ്പളവർധനവ് ആവശ്യപ്പെട്ട് നേരത്തേ പി.എസ്.സി ധനവകുപ്പിന് കത്ത് നൽകിയിരുന്നു. കൂടാതെ, വ്യാവസായിക ട്രിബ്യൂണലുകളിൽ പ്രിസൈഡിങ്ങ് ഓഫീസർമാരുടെ ശമ്പളവും അലവൻസുകളും സബോർഡിനേറ്റ് ജുഡീഷ്യറിയിലെ ജുഡീഷ്യൽ ഓഫീസർമാരുടേതിന് സമാനമായി പരിഷ്ക്കരിക്കും.

മന്ത്രിസഭായോ​ഗത്തിലെ മറ്റു പ്രധാന തീരുമാനങ്ങൾ

 

  • കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി ചെയർപേഴ്സണായി ഡോ. ആശാ തോമസ് ഐ.എ.എസിനെ നിയമിക്കും.
  • മലപ്പുറം കൊണ്ടോട്ടി താലൂക്കിൽ പുറമ്പോക്കിൽ ദീർഘകാലമായി താമസിച്ചു വരുന്ന 23 കൈവശക്കാർക്ക് ഭൂമിയിലെ ധാതുകളുടെ പൂർണമായ അവകാശം സർക്കാരിനായിരിക്കുമെന്ന വ്യവസ്ഥയ്ക്ക് വിധേയമായി പട്ടയം നൽകും.
  • കേരള സ്റ്റേറ്റ് ടെക്സ്റ്റെയിൽ കോർപ്പറേഷൻറെ യൂണിറ്റ് മില്ലുകളായ കോട്ടയം ടെക്സ്റ്റെയിൽസിനും പ്രഭുറാം മില്ലിനും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും കടമെടുത്ത 180 ലക്ഷം പ്രവർത്തന മൂലധന വായ്പയുടെ സർക്കാർ ഗ്യാരണ്ടി കാലയളവ് 01/01/2025 മുതൽ രണ്ട് വർഷത്തേക്ക് നീട്ടി നൽകും.
  • മത്സ്യബന്ധന വകുപ്പിൻറെ നിയന്ത്രണത്തിലുള്ള സ്റ്റേറ്റ് ഫിഷറീസ് റിസോഴ്സ് മാനേജ്മെൻറ് സൊസൈറ്റിക്ക് ഓഷ്യനേറിയം സ്ഥാപിക്കുന്നതിന് എറണാകുളം പുതുവൈപ്പ് വില്ലേജിൽ ഏക്കർ ഒന്നിന് 1000 രൂപ വാർഷിക പാട്ട നിരക്കിൽ ഭൂമി നൽകും.
  • എക്സൈസ് വകുപ്പിലെ എൻട്രി കേഡറിലെ ഡ്രൈവർ തസ്തിക പുനർനാമകരണം ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ച നടപടി സാധൂകരിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img