07:10pm 18 April 2026
NEWS
ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള തീരുമാനത്തിനെതിരെ ഇറാനിൽ പ്രതിഷേധം ശക്തമാകുന്നു
18/04/2026  06:43 AM IST
nila
ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള തീരുമാനത്തിനെതിരെ ഇറാനിൽ പ്രതിഷേധം ശക്തമാകുന്നു

ടെഹ്റാൻ: ഇസ്രയേൽ–ലെബനൻ മേഖലയിൽ പ്രഖ്യാപിച്ച 10 ദിവസത്തെ വെടിനിർത്തലിനെ തുടർന്നു ഹോർമുസ് കടലിടുക്ക് തുറന്നതായി ഇറാൻ അറിയിച്ചെങ്കിലും, ഇതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നു. വാണിജ്യ കപ്പലുകൾക്ക് മാത്രമാണ് താൽക്കാലികമായി 10 ദിവസത്തേക്ക് കടന്നുപോകാൻ അനുമതി നൽകിയിരിക്കുന്നതെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കിയത്. എന്നാൽ, ഈ തീരുമാനത്തിനെതിരെ ഇറാനിൽ എതിർപ്പ് ശക്തമാകുന്നു എന്നാണ് റിപ്പോർട്ട്. ചില മാധ്യമങ്ങളും വിദ്യാർത്ഥി സംഘടനകളും തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ, ഐആർജിസിയുമായി ബന്ധമുള്ള വൃത്തങ്ങൾ “ശത്രുരാജ്യങ്ങളുടെ താൽപ്പര്യങ്ങൾക്ക് വഴങ്ങരുത്” എന്ന് മുന്നറിയിപ്പ് നൽകി.

ഫെബ്രുവരി അവസാനം ഇസ്രയേൽ–യുഎസ് സഖ്യം ഇറാനെതിരെ ആക്രമണം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഹോർമുസ് തുറക്കുന്നത്. ഇസ്ലാമിക് റവലൂഷണറി ​ഗാർഡ്സിന്റെ കർശന പരിശോധനയ്ക്ക് ശേഷം അനുമതി ലഭിക്കുന്ന കപ്പലുകൾക്കേ കടന്നുപോകാൻ കഴിയുന്നുള്ളുവെന്ന റിപ്പോർട്ടുകളുണ്ട്. ചില കപ്പലുകളിൽ നിന്ന് ഇറാൻ ‘ടോൾ’ ഈടാക്കുന്നുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
ഇതോടൊപ്പം, ഇറാന്റെ നിലപാടിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ കപ്പലുകൾക്ക് മാത്രമാണ് മുൻഗണന നൽകുന്നതെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ എട്ട് കപ്പലുകൾ ഇതിനകം കടലിടുക്ക് കടന്നതായും റിപ്പോർട്ടുകൾ പറയുന്നു. ഹോർമുസിൽ സ്ഥാപിച്ചിരുന്ന മൈനുകൾ നീക്കം ചെയ്യുന്നതും ഇറാൻ ആരംഭിച്ചിട്ടുണ്ട്.

ഇതിനിടെ, അമേരിക്കൻ  പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു. ഇത് “ലോകത്തിന് മികച്ച ദിനം” എന്നാണ് അദ്ദേഹം ഹോർമുസ് തുറക്കാനുള്ള ഇറാന്റെ തീരുമാനത്തെ വിശേഷിപ്പിച്ചത്. എന്നാൽ ഹോർമുസ് വഴി സഞ്ചരിക്കുന്ന കപ്പലുകളെ തടയുന്ന അമേരിക്കൻ നടപടികൾ തുടരുമെന്നും, പ്രത്യേകിച്ച് ഇറാനിലേക്കും തിരിച്ചുമുള്ള കപ്പലുകളെയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img