
യൂറോപ്പിലെ 25 രാജ്യങ്ങളിൽ സർക്കാരുകൾക്കെതിരായ പ്രതിഷേധം ശക്തമാകുന്നു. ജീവിതച്ചെലവിലെ വർധന, സൈനിക ചെലവുകൾ, കാലാവസ്ഥാ പ്രതിസന്ധി തുടങ്ങി വിവിധ വിഷയങ്ങളിൽ ജനങ്ങൾക്കിടയിൽ ഉയരുന്ന അതൃപ്തിയാണ് തെരുവിലേക്കുള്ള പ്രതിഷേധമായി മാറുന്നത്. യുവജനങ്ങളുടെ ആശങ്കകൾ രാഷ്ട്രീയ നേതൃത്വം അവഗണിക്കുന്നുവെന്ന ആരോപണവുമായാണ് ആയിരക്കണക്കിന് പേർ വെള്ളിയാഴ്ച വിവിധ രാജ്യങ്ങളിൽ തെരുവിലിറങ്ങിയത്.
കഴിഞ്ഞ മാസങ്ങളിൽ ഫ്രാൻസിൽ ശക്തമായ പ്രതിഷേധങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ബ്രിട്ടൻ, ഓസ്ട്രിയ, ജർമനി, സ്പെയിൻ, ഇറ്റലി, സ്വീഡൻ, ക്രൊയേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ സമരങ്ങൾ നടന്നത്.
ഇറ്റലിയിൽ മാത്രം നൂറിലധികം നഗരങ്ങളിലായി പതിനായിരക്കണക്കിന് തൊഴിലാളികളും വിദ്യാർഥികളും പ്രതിഷേധത്തിൽ പങ്കെടുത്തു. ഉയർന്ന വേതനം, പൊതുസേവന മേഖലകളിൽ കൂടുതൽ നിക്ഷേപം എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങൾ. രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ സിജിഐഎൽ ആഹ്വാനം ചെയ്ത പൊതുപണിമുടക്കും പ്രതിഷേധത്തിന് കരുത്തേകി. സ്വകാര്യ, പൊതുമേഖലകളിലെ ജീവനക്കാർക്കൊപ്പം സ്കൂൾ, ആരോഗ്യ മേഖലകളിലെ തൊഴിലാളികളും പണിമുടക്കിൽ പങ്കാളികളായി.
സാധാരണ ജനങ്ങൾക്കിടയിലും യൂറോപ്പിലാകെയും മാറ്റത്തിനായുള്ള ആവശ്യം ശക്തമാകുകയാണെന്ന് റോമിൽ നടന്ന പ്രതിഷേധത്തിൽ സിജിഐഎൽ നേതാവ് മൗറിസിയോ ലാൻഡിനി പറഞ്ഞു.
റോമിൽ പ്രതിഷേധക്കാർ വിദ്യാഭ്യാസ മന്ത്രാലയത്തിനു നേരെ വസ്തുക്കൾ വലിച്ചെറിഞ്ഞു. ബൊലോണയിൽ ചില സമരക്കാർ പൊലീസുമായി ഏറ്റുമുട്ടിയതായും വാർത്താ ഏജൻസിയായ എഎൻഎസ്എ റിപ്പോർട്ട് ചെയ്തു. മിലാനിൽ പ്രതിഷേധക്കാർ കാർഡ്ബോർഡ് ഉപയോഗിച്ച് നിർമിച്ച ഇന്ധന ടാങ്കറിനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എന്നിവരുടെ രൂപങ്ങൾക്കും തീയിട്ടു.
ഒക്ടോബർ 17ന് ഇറ്റലിയിൽ നടന്ന രാജ്യവ്യാപക പ്രതിഷേധം കലാപത്തിലും കൊള്ളയിലും കലാശിച്ചിരുന്നു. ഇതിനു പിന്നാലെ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ നേതൃത്വത്തിലുള്ള വലതുപക്ഷ സർക്കാർ കർശന സുരക്ഷാ നടപടികൾക്ക് അംഗീകാരം നൽകുകയും തുടർന്നുള്ള പ്രതിഷേധങ്ങളിൽ പൊലീസിനൊപ്പം സൈന്യത്തെയും വിന്യസിക്കുകയും ചെയ്തു. ഇതിനിടയിലും സ്കൂളുകളിലും സർവകലാശാലകളിലും വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ സമരങ്ങളും സ്ഥാപനങ്ങളുടെ അധിനിവേശവും തുടരുകയാണ്. സൈനിക ചെലവ് വർധിപ്പിക്കാനുള്ള നീക്കത്തിനെതിരായ പ്രതിഷേധവും ശക്തമായി.
വെള്ളിയാഴ്ചത്തെ സമരങ്ങളിൽ പങ്കെടുത്ത പ്രതിപക്ഷ നേതാക്കൾ മെലോണി സർക്കാരിന്റെ സാമ്പത്തിക നയങ്ങളെയും ബജറ്റ് നിർദേശങ്ങളെയും വിമർശിച്ചു. ജീവിതച്ചെലവ് വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ആശ്വാസം നൽകുന്ന നടപടികൾ സർക്കാർ സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം.
2027ലെ ബജറ്റ് നിയമത്തിന് രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടില്ലെന്ന് മധ്യ-ഇടതുപക്ഷ ഡെമോക്രാറ്റിക് പാർട്ടി നേതാവ് എല്ലി ഷ്ലൈൻ പറഞ്ഞു. വ്യവസായ മേഖലയെ സഹായിക്കുന്നതിനു പകരം പൊതുജനാരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ ഫണ്ടുകൾ വെട്ടിക്കുറയ്ക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും അവർ ആരോപിച്ചു.
ജർമനിയിൽ 'ജെൻ സി റെഗെൽറ്റ്' (Gen Z regelt) എന്ന യുവജന കൂട്ടായ്മയാണ് 73 നഗരങ്ങളിലും പട്ടണങ്ങളിലും പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. ബെർലിനിലെ അലക്സാണ്ടർപ്ലാറ്റ്സിൽ നടന്ന സമരത്തിൽ ഏകദേശം 4,000 പേർ പങ്കെടുത്തു. കൊളോണിൽ 5,000 പേരുടെ പങ്കാളിത്തമാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ആയിരക്കണക്കിന് പേർ മാത്രമാണ് എത്തിയത്. വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതൽ ഫണ്ട് അനുവദിക്കുക, നിർബന്ധിത സൈനിക സേവനം വീണ്ടും നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കുക എന്നിവയായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ.
ഓസ്ട്രിയയിൽ വിയന്ന സർവകലാശാലയ്ക്ക് മുന്നിൽ നൂറുകണക്കിന് യുവാക്കൾ പ്രതിഷേധിച്ചു. ആയുധങ്ങൾക്കായി കൂടുതൽ പണം ചെലവഴിക്കുന്നതിന് പകരം വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതൽ തുക അനുവദിക്കണമെന്നായിരുന്നു ആവശ്യം. പ്രതിഷേധത്തിനിടെ സംഘർഷമുണ്ടായതിനെ തുടർന്ന് പൊലീസ് സമരം പിരിച്ചുവിട്ടു. പെപ്പർ സ്പ്രേ പ്രയോഗിച്ചതായും നിരവധി പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.
ക്രൊയേഷ്യയിൽ പന്ത്രണ്ടോളം നഗരങ്ങളിൽ വിദ്യാർഥികൾ ക്ലാസുകൾ ബഹിഷ്കരിച്ച് പ്രതിഷേധിച്ചു. സൈനിക ചെലവുകൾ വർധിപ്പിക്കുന്നതിനു പകരം വിദ്യാഭ്യാസം, പാർപ്പിടം, പൊതുസേവനങ്ങൾ എന്നിവയ്ക്കായി കൂടുതൽ നിക്ഷേപം നടത്തണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.
സെപ്റ്റംബറിൽ ഫ്രാൻസിൽ ആരംഭിച്ച വൻ പ്രതിഷേധങ്ങളാണ് യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിച്ചത്. ഫ്രാൻസിൽ നടന്ന സമരങ്ങൾ പിന്നീട് പൊലീസുമായുള്ള ഏറ്റുമുട്ടലുകളിലും കൊള്ളയിലും കലാശിച്ചിരുന്നു. ചൊവ്വാഴ്ച ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യവ്യാപകമായി 1.46 ലക്ഷം പേർ പ്രതിഷേധങ്ങളിൽ പങ്കെടുത്തു. പാരിസിൽ മാത്രം 28,000 പേരാണ് തെരുവിലിറങ്ങിയത്. എന്നാൽ, രാജ്യവ്യാപകമായി അഞ്ചുലക്ഷത്തിലധികം പേർ സമരത്തിൽ പങ്കെടുത്തെന്നാണ് തൊഴിലാളി സംഘടനയായ സിജിടിയുടെ കണക്ക്.
യൂറോപ്യൻ യൂണിയന്റെ സ്ഥിതിവിവരക്കണക്ക് ഏജൻസിയായ യൂറോസ്റ്റാറ്റിന്റെ കണക്കുകൾ പ്രകാരം 2000നുശേഷം ഫ്രാൻസ്, ഇറ്റലി, സ്പെയിൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങളിൽ ഭക്ഷണം, ഊർജം, ഗതാഗതം, മറ്റ് ബില്ലുകൾ തുടങ്ങിയ ദൈനംദിന ചെലവുകൾ 59 മുതൽ 78 ശതമാനം വരെ വർധിച്ചിട്ടുണ്ട്.
പണപ്പെരുപ്പം കണക്കിലെടുത്തുള്ള കണക്കുകൾ പ്രകാരം ഇറ്റലിയിൽ 2000നും 2025നും ഇടയിൽ ശരാശരി മുഴുവൻസമയ ജീവനക്കാരുടെ യഥാർഥ വേതനം ഏകദേശം അഞ്ച് ശതമാനം കുറഞ്ഞു. ഇതേ കാലയളവിൽ സ്പെയിനിൽ ഏഴ് ശതമാനവും ഫ്രാൻസിൽ 11 ശതമാനവും പോർച്ചുഗലിൽ 20 ശതമാനവും യഥാർഥ വേതനം വർധിച്ചതായും യൂറോസ്റ്റാറ്റിന്റെ വിലസൂചിക അടിസ്ഥാനമാക്കിയുള്ള ഒഇസിഡി വേതന കണക്കുകൾ വ്യക്തമാക്കുന്നു.










