03:57am 10 November 2026
NEWS
പ്രതിഷേധ റാലിയും സംഗമവും സംഘടിപ്പിച്ചു
05/05/2025  06:40 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പ്രതിഷേധ റാലിയും സംഗമവും സംഘടിപ്പിച്ചു

കൊച്ചി : കൊച്ചി നഗരസഭയുടെ അന്യായവും, അശാസ്ത്രീയവുമായ സ്ട്രീറ്റ് വെൻഡിംഗ് നയത്തിനെതിരേ നഗരത്തിലെ വ്യാപാരികളൂം റസിഡന്റ്‌സ് അസോസിയേഷൻ പ്രതിനിധികളും KMCC യുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും പ്രതിഷേധ സംഗമവും നടത്തി. ഇന്ന് രാവിലെ 10 മണിക്ക് ഷൺമുഖം റോഡിൽ പെന്റാ മേനകയിൽ നിന്നാരംഭിച്ച പ്രതിഷേധ റാലിയിൽ നൂറുകണക്കിനാളുകൾ അണിനിരന്നു. നഗരസഭയുടെ വികലമായ സ്ട്രീറ്റ് വെൻഡിംഗ് നയത്തിനെതിരെയുള്ള പ്രതിഷേധം നഗരവീഥികളിൽ അലയടിച്ചു. റാലിയെ തുടർന്ന് പെന്റാമേനക പരിസരത്ത് ചേർന്ന പ്രതിഷേധ യോഗത്തിൽ KMCC പ്രസിഡന്റ് പി. നിസാർ അദ്ധ്യക്ഷത വഹിച്ചു. യോഗം സംഘടനയുടെ സ്ഥാപക നേതാവ് എൽ. എ. ജോഷി ഉദ്ഘാടനം ചെയ്തു. നഗരസഭയ്ക്കും, സംസ്ഥാന കേന്ദ്ര സർക്കാരുകൾക്കും നികുതിയിനത്തിൽ വൻതുക സമാഹരിച്ചു നൽകി നിരവധി പേർക്ക് തൊഴിൽ നൽകി വ്യാപാരം നടത്തുന്ന നിയമാനുസൃത വ്യാപാരികളെ ദ്രോഹിക്കുന്ന ക്രൂര നടപടിയാണ് സർക്കാരും നഗരസഭയും സ്വീകരിക്കുന്നതെന്നും, അത് യാതൊരു കാരണവശാലും അനുവദിക്കുവാനാ വില്ലെന്നും ഉദ്ഘാടകൻ ഉറച്ച സ്വരത്തിൽ പറഞ്ഞു. ശക്തമായ സമര പരിപാടികളുമായി  മുൻപോട്ടുപോകുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകുകയും ചെയ്തു. റസിഡന്റ്‌സ് അസോസിയേഷനുകളെ പ്രതിനിധീകരിച്ച് EDRAAC പ്രസിഡന്റ് പി. രംഗദാസപ്രഭു സംസാരിച്ചു. നഗരസഭയുടെ അന്യായമായ നീക്കം വ്യാപാരികളെ മാത്രമല്ല പൊതുജനങ്ങളെയും വളരെ ദോഷകരമായി ബാധിക്കുന്ന ഒരു നടപടിയാണെന്നും അതിനെ ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.നഗരസഭ രാഷ്ട്രീയ താല്പര്യങ്ങള്‍ക്കായി കേന്ദ്ര ഗവണ്മെന്റിന്റെ സ്ട്രീറ്റ് വെണ്ടിംഗ് നയം ദുരുപയോഗം ചെയ്യുകയാണെന്നും ആരോപിച്ചു. പെന്റാ മേനക ഓണേഴ്‌സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ഐ. റ്റി. ആന്റണി, KMCC മുൻ പ്രസിഡന്റുമാരായ കെ. എം. ജോൺ, കെ. എം. മുഹമ്മദ് സഗീർ, ജനറൽ സെക്രട്ടറി വി. ഇ. അൻവർ, വൈസ് പ്രസിഡന്റ് പി. ഡി. മനോജ് കുമാർ എന്നിവരും സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img