
ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ യുവതിയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമേരിക്കയിൽ പ്രതിഷേധം കത്തുന്നു. 37 വയസുള്ള കവിയത്രിയായ റെനി നിക്കോൾ ഗുഡ് ആണ് കൊല്ലപ്പെട്ടത്. മൂന്ന് മക്കളുടെ അമ്മയായ റെനി കാറിൽ നിന്നിറങ്ങാൻ നൽകിയ നിർദ്ദേശം ലംഘിച്ചെന്നാരോപിച്ചാണ് ഉദ്യോഗസ്ഥർ വെടിയുതിർത്തത്. സംഭവത്തിൽ അമേരിക്കയിലെ മിനിയപ്പലിസിൽ ശക്തമായ പ്രതിഷേധം തുടരുകയാണ്.
യുവതിയെ വെടിവെച്ച് കൊലപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നു. മിനിയപ്പലിസിൽ നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം. വാഹനത്തിലെത്തിയ യുവതിയോട് ഉദ്യോഗസ്ഥർ പുറത്തിറങ്ങാൻ ആവശ്യപ്പെട്ടതിനെ തുടർന്ന്, അവർ വാഹനം റിവേഴ്സിലാക്കി മുന്നോട്ടുപോയതായാണ് റിപ്പോർട്ട്. പിന്നാലെ, ഉദ്യോഗസ്ഥർ യുവതിയുടെ മുഖത്ത് മൂന്ന് തവണ വെടിയുതിർക്കുകയായിരുന്നു.
2013ൽ റെനിയുടെ ആദ്യ ഭർത്താവ് തിമോത്തി മക്ലിൻ മരണപ്പെട്ടിരുന്നു. ഈ ബന്ധത്തിലുണ്ടായ മൂത്ത കുട്ടിയുടെ സംരക്ഷണം റെനിയുടെ അമ്മ ഡോണ ഗാംഗർ ഏറ്റെടുക്കുമെന്ന് കുടുംബം അറിയിച്ചു. സംഭവസമയത്ത് ഉദ്യോഗസ്ഥരുടെ നിർദ്ദേശം കേട്ടപ്പോൾ മകൾ ഭയന്നുപോയിരിക്കാമെന്ന് റെനിയുടെ അമ്മ ഡോണ ഗാംഗർ പറഞ്ഞു. റെനി കരുണയും സഹാനുഭൂതിയും നിറഞ്ഞ വ്യക്തിയായിരുന്നു എന്നും, “എന്തിനാണ് എന്റെ മകളെ കൊന്നത്?” എന്ന ചോദ്യവും അവർ ഉന്നയിച്ചു.
അതേസമയം, ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ അസിസ്റ്റന്റ് സെക്രട്ടറി ട്രീസിയ മക്ലോഗ്ലിൻ, വാഹനം ആയുധമാക്കി ആഭ്യന്തര തീവ്രവാദ ശ്രമം നടത്തിയ വ്യക്തിയാണ് കൊല്ലപ്പെട്ടതെന്ന് അവകാശപ്പെട്ടു. ഏജന്റുമാരുടെ ജീവനും പൊതുജനങ്ങളുടെ സുരക്ഷയും കണക്കിലെടുത്താണ് വെടിവെപ്പ് നടത്തിയതെന്നും ഇത് പ്രതിരോധ നടപടിയാണെന്നും അവർ വിശദീകരിച്ചു. സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിഷേധം ശക്തമായി തുടരുകയാണ്.











