09:52pm 08 October 2026
NEWS
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ജനാധിപത്യ സംരക്ഷണത്തിനായുള്ള പോരാട്ടം
08/10/2026  07:51 PM IST
nila
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ജനാധിപത്യ സംരക്ഷണത്തിനായുള്ള പോരാട്ടം

 

ഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവും ഇന്ത്യാ മുന്നണിയിലെ എം.പിമാരും നടത്തുന്ന പ്രതിഷേധം രാജ്യത്ത് ഇതുവരെ കണ്ടിട്ടുള്ള സമരങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു ജനാധിപത്യ ഇടപെടലാണ്.

 

ഇതുവരെ നടന്നിട്ടുള്ള പല പ്രതിഷേധങ്ങളും ഏതെങ്കിലും എം.എൽ.എയോ എം.പിയോ മന്ത്രിയോ രാജിവെക്കണമെന്ന ആവശ്യത്തെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. എന്നാൽ, ഇന്ത്യൻ ജനാധിപത്യത്തിന്റെ കാവൽക്കാരനായി ഭരണഘടനാപരമായി ചുമതലപ്പെടുത്തിയിരിക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണമെന്ന ആവശ്യവുമായി നടക്കുന്ന പ്രതിഷേധം ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ തന്നെ ശ്രദ്ധേയമായ ഒരു അധ്യായമാണ്.

 

തെരഞ്ഞെടുപ്പ് കമ്മീഷൻ ജനാധിപത്യ പ്രക്രിയയുടെ നിഷ്പക്ഷ മധ്യസ്ഥനും കാവൽക്കാരനുമാണ്. എന്നാൽ, തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെക്കുറിച്ച് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്കും ജനപ്രതിനിധികൾക്കും ഗുരുതരമായ ആശങ്കകൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ, ആ സ്ഥാപനത്തിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്.

 

ഒരു തർക്കത്തിൽ പരിഹാരം കണ്ടെത്തുന്നതിനായി മധ്യസ്ഥനെ നിയോഗിച്ചിരിക്കുമ്പോൾ, ബന്ധപ്പെട്ട കക്ഷികളിൽ ചെറിയൊരു വിഭാഗത്തിന് തന്നെ മധ്യസ്ഥനിൽ വിശ്വാസമില്ലെന്ന് വ്യക്തമാക്കുന്ന സാഹചര്യമുണ്ടായാൽ, ആ മധ്യസ്ഥന്റെ നിഷ്പക്ഷതയും സ്ഥാനത്ത് തുടരാനുള്ള ധാർമിക അവകാശവും സ്വാഭാവികമായും ചോദ്യം ചെയ്യപ്പെടും. ആത്മാഭിമാനമുള്ളവരാണെങ്കില്‍ അതില്‍ നിന്ന് മാറി നില്‍ക്കും. ഇത് പോലെ തന്നെയാണ് നമ്മുടെ നാട്ടില്‍ നടത്തപ്പെടുന്ന പൊതു തെരഞ്ഞെടുപ്പുകള്‍. ആരോഗ്യപരമായ രീതിയില്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാനും നടപ്പിലാക്കുനുമുള്ള ചെറിയൊരു ഫൈറ്റ് തന്നെയാണത്. ഇതിന് വലിയൊരു വിഭാഗത്തിന് വിശ്വാസമില്ലാഞ്ഞിട്ട് പോലും തന്റെ കസേരയില്‍ കടിച്ച് തുങ്ങി നില്‍ക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമിക്കുന്നത്.

 

ജനാധിപത്യത്തിന്റെ കാവൽക്കാരനെന്ന നിലയിൽ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടുവെന്ന ആരോപണം നേരിടുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആത്മാഭിമാനവും ഭരണഘടനാപരമായ ഉത്തരവാദിത്വബോധവും ഉണ്ടെങ്കിൽ തദ്സ്ഥാനത്ത് തുടരുന്നതിനു പകരം രാജിവെച്ച് മാറിനിൽക്കുകയാണ് ഉചിതം.

 

സുപ്രീം കോടതി ഉൾപ്പെടെയുള്ള വിവിധ തലങ്ങളിൽ വിമർശനങ്ങളും ആശങ്കകളും ഉയർന്നിട്ടും, ഇന്ത്യയിലെ 40 ശതമാനത്തോളം (എന്‍.ഡി.എ അലൈന്‍സ് 43 %)  വോട്ട് ഷെയറോട് കൂടി പ്രതിപക്ഷ നേതാവായ രാഹുല്‍ജിയും ഇന്ത്യാ മുന്നണിയിലെ മറ്റ് ജനപ്രതിനിധികളും ഉന്നയിക്കുന്ന ഗൗരവമേറിയ ചോദ്യങ്ങൾക്ക് തൃപ്തികരമായ മറുപടി നൽകാതെ സ്ഥാനത്ത് തുടരുന്നത് ജനാധിപത്യ സംവിധാനത്തിലുള്ള വിശ്വാസത്തെ പാടെ തകര്‍ക്കുന്നതും കൂടുതൽ ദുർബലപ്പെടുത്തുന്നതുമാണ്.

 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ സ്ഥാനത്ത് നിലനിർത്തുന്നതിനായി ഏതെങ്കിലും ശക്തികൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന ഇന്ത്യൻ ജനതയുടെ ശബ്ദത്തെ അവഗണിച്ച് ഇത്തരം ഇടപെടലുകൾക്ക് മുന്നോട്ടുപോകാനാകുന്ന കാലഘട്ടത്തിലൂടെയല്ല രാജ്യം കടന്നുപോകുന്നതെന്ന് ബന്ധപ്പെട്ടവർ തിരിച്ചറിയണം.

 

സുപ്രീം കോടതി, ലോക സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ഇന്ത്യാ മുന്നണിയിലെ എം.പിമാർ, വിവിധ രാഷ്ട്രീയ കക്ഷികൾ, അതിലുപരി ഇന്ത്യൻ ജനത എന്നിവരുയർത്തുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് അടിയന്തരമായി പരിഹാരം കാണേണ്ടത് അനിവാര്യമാണ്.

 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരും അടങ്ങുന്ന തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രണ്ട് ആളുകളുടെ വിയോജിപ്പ് പല പ്രകിയകളിലും രേഖപ്പെടുത്തിയിട്ട് പോലും അവരെ നോക്കുകുത്തിയാക്കി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആ കസേരയില്‍ തന്നെ തുടരുന്നത് എന്തിന് വേണ്ടിയാണെന്നുള്ളത് കാര്യത്തിന്റെ ഗൌരവം വര്‍ദ്ധിപ്പിക്കുന്നു.

 

തെരഞ്ഞെടുപ്പ് പ്രകിയയിലെ ഈ ക്രമക്കേടുകളുടെ ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏറ്റെടുത്ത് ശ്രീ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ ശ്രീ മല്ലികാർജുൻ ഖാർഗെയുടെയും ലോക്സഭാ പ്രതിപക്ഷ നേതാവ് ശ്രീ രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ ഇന്ത്യാ മുന്നണിയിലെ എം.പിമാർ സമാധാനപരമായി ജന്തർ മന്തറിലേക്ക് നീങ്ങിയപ്പോൾ അവരെ തടയുകയും പോലീസ് ശക്തമായ നടപടിക്ക് വിധേയരാക്കുകയും ചെയ്ത സംഭവത്തിൽ ഖത്തർ ഇൻകാസ് പ്രസിഡണ്ട് എന്ന നിലക്ക് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

 

പ്രതിപക്ഷ നേതാവിനും ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധികൾക്കുമെതിരായ ഇത്തരം നടപടികൾ ജനാധിപത്യപരമായ പ്രതിഷേധത്തിനുള്ള അവകാശത്തെക്കുറിച്ച് ഗൗരവമേറിയ ചോദ്യങ്ങൾ ഉയർത്തുന്നതാണ്.

 

ഈ സാഹചര്യത്തിൽ, 2026 ഒക്ടോബർ 8 “ഇന്ത്യൻ ജനാധിപത്യത്തിന്റെ കരിദിനമായി” ആചരിക്കാനും സംസ്ഥാന, ജില്ലാ, ബ്ലോക്ക്/മണ്ഡലം തലങ്ങളിൽ ഇന്ത്യയൊട്ടുക്കും വൻ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഈ ആഹ്വാനം ഏറ്റെടുത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നും തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയും സമഗ്രതയും പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് കോൺഗ്രസ് നടത്തുന്ന പ്രതിഷേധ സമരത്തിന് ഖത്തര്‍ ഇന്‍കാസ് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊള്ളുന്നു.

 

ജനാധിപത്യത്തിന്റെ വിശ്വാസ്യതയും തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ നിഷ്പക്ഷതയും സംരക്ഷിക്കപ്പെടണം. ജനങ്ങളുടെ വിശ്വാസമാണ് ജനാധിപത്യത്തിന്റെ അടിത്തറ. ആ വിശ്വാസം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഭരണഘടനാ സ്ഥാപനങ്ങൾക്കുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img