കൊച്ചി: പോക്സോ - സാമ്പത്തിക കേസുകളിൽ പിടിക്കപ്പെടുന്ന എറണാകുളം - അങ്കമാലി അതിരൂപതയിലെ വൈദികരെയും ഇത്തരക്കാരെ സംരക്ഷിക്കുന്ന മെത്രാപ്പോലീത്തൻ വികാരി മാർ ജോസഫ് പാംപ്ലാനി,പ്രൊക്കുറേറ്റർ ഫാ. തോമസ് വൈക്കത്ത്പറമ്പൻ എന്നിവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് (ശനി) പ്രതിഷേധ സമരം സംഘടിപ്പിക്കുന്നു.
വൺ ചർച്ച് വൺ കുർബാന മൂവ്മെന്റിന്റെ നേതൃത്വത്തിൽ വൈകീട്ട് 4 ന് അതിരൂപത ആസ്ഥാനത്തിന് മുമ്പിലാണ് പ്രതിഷേധ പരിപാടി നടത്തുന്നത്. ഏതാനും വർഷങ്ങളായി ലൈംഗീക കുറ്റങ്ങൾക്കും സാമ്പത്തിക ക്രമക്കേടുകളിലും പിടിക്കപ്പെടുന്ന വൈദികരുടെ എണ്ണം അതിരൂപതയിൽ വർദ്ധിച്ചുവരികയാണ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഇത്തരം കേസുകളിൽ 5 ൽ പരം വൈദീകർ അതിരൂപതയിൽ പിടിക്കപ്പെട്ടീട്ടുണ്ട്. ഇതിൽ ഒരാൾ രണ്ടാം പ്രാവശ്യമാണ് പോക്സോ കേസിൽ ഇപ്പോൾ ജയിലിലായിരിക്കുന്നത്. ഇത്തരക്കാരിൽ ഒരാൾക്കെതിരെ പോലും സഭാ നിയമപ്രകാരം ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സഭാ വിരുദ്ധമായി സംഘടിച്ചിരിക്കുന്ന വൈദീക - അല്മായ കൂട്ടുകെട്ടും അവരെ പിന്തുണയ്ക്കുന്ന മാർ പാംപ്ലാനിയും ഫാ. വൈക്കത്തു പറമ്പനുമാണ് നടപടികൾക്ക് തടസ്സം നൽകുന്നത്. അതിനാൽ കുറ്റക്കാരെയും അവരുടെ സംരക്ഷകരേയും എത്രയും വേഗം പദവികളിൽ നിന്നും പുറത്താക്കണമെന്ന് ചീഫ് കോഡിനേറ്റർ അഡ്വ.മത്തായി മുതിരേന്തി ആവശ്യപ്പെട്ടു.











