03:13am 04 September 2026
NEWS
മാലിന്യത്തിൽ നിന്ന് പ്രോട്ടീൻ; ഫാബ്കോ ബയോ സൈക്കിളിന്റെ ബ്രഹ്‌മപുരത്തെ ജൈവമാലിന്യ സംസ്‌കരണ കേന്ദ്രം വിജയമെന്ന് ദുബൈയിൽ നിന്നുള്ള ഉന്നത പ്രതിനിധി സംഘം


29/01/2025  06:12 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മാലിന്യത്തിൽ നിന്ന് പ്രോട്ടീൻ; ഫാബ്കോ ബയോ സൈക്കിളിന്റെ ബ്രഹ്‌മപുരത്തെ ജൈവമാലിന്യ സംസ്‌കരണ കേന്ദ്രം വിജയമെന്ന് ദുബൈയിൽ നിന്നുള്ള ഉന്നത പ്രതിനിധി സംഘം

കൊച്ചി : നഗരത്തിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി ഫാബ്കോ ബയോ സൈക്കിൾ ബ്രഹ്‌മപുരത്ത് സ്ഥാപിച്ച അത്യാധുനിക ജൈവ മാലിന്യ സംസ്‌കരണ കേന്ദ്രം വലിയ വിജയമാണെന്ന് ദുബൈയിൽ നിന്നുള്ള ഉന്നത പ്രതിനിധി സംഘം അഭിപ്രായപ്പെട്ടു. ഇവിടുത്തെ പുഴു അടിസ്ഥാനത്തിലുള്ള മാലിന്യസംസ്‌കരണ സാങ്കേതിക വിദ്യയായ ബ്ലാക്ക് സോൾജിയർ ഫ്ളൈ (ബി.എസ്.എഫ്) ഇത്തരത്തിൽ പര്യാപ്തമായ സംവിധാനമാണെന്ന് പ്രതിനിധി സംഘം പറഞ്ഞു.  കഴിഞ്ഞ ദിവസം ബ്രഹ്‌മപുരത്തെ സംസ്‌കരണ കേന്ദ്രം സന്ദർശിച്ചു സംസാരിക്കുകയായിരുന്നു സംഘം. എം.എ.എച്ച്.വൈ ഖൂറി ആൻഡ് കമ്പനിയുടെ പ്രതിനിധികളായ സലാഹുദ്ദീൻ ഷെറാഫി, ഷബ്ബീർ ഹൈദരി, ഹുസൈഫ റംഗ്വാല എന്നിവരാണ് പ്രതിനിധി സംഘത്തിന് നേതൃത്വം നൽകിയത്. 

'മാലിന്യങ്ങൾ ഉപയോഗപ്രദമായ വസ്തുക്കളാക്കി മാറ്റുന്നതിൽ ഞങ്ങളുടെ സ്ഥാപനം തൽപ്പരരാണ്. ഇവിടെ മാലിന്യത്തെ സമൂഹത്തിന് ഉപയോഗപ്രദമായ ഉൽപ്പന്നങ്ങൾ ആക്കി മാറ്റുകയാണ്. ഭൂമി അമൂല്യമായതിനാൽ തന്നെ കുറച്ച് മാത്രം ഭൂമി ഉപയോഗിച്ച് ഭക്ഷ്യമാലിന്യം സംസ്‌കരിക്കുന്നത് പ്രശംസനീയമാണ്. മാലിന്യം നിക്ഷേപിക്കപ്പെടുമ്പോൾ അമിതമായ അന്തരീക്ഷ മലിനീകരണവും ഉണ്ടാകുന്നു. മാലിന്യ നിക്ഷേപ ഇടങ്ങൾ ജനവാസ കേന്ദ്രങ്ങളോട് ചേർന്നാണ് ഉണ്ടാകാറുള്ളത് എന്നതിനാൽ മാലിന്യം പൊതുജനത്തിന്റെ സ്വസ്ഥമായ ജീവിതത്തിനും ആരോഗ്യത്തിനും വെല്ലുവിളിയാണ്. എന്നാൽ ഈ സാങ്കേതിക വിദ്യയിലൂടെ ഈ വെല്ലുവിളികളെയെല്ലാം തരണം ചെയ്യാൻ കഴിയും. ഇതിലൂടെ വളരെ കുറച്ച് സ്ഥലത്ത് ദുർഗന്ധമില്ലാതെ തന്നെ മാലിന്യസംസ്‌കരണം നടത്താനാകുന്നു. ഈ സാങ്കേതിക വിദ്യ ഞങ്ങളുടെ രാജ്യത്ത് അവതരിപ്പിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ട്.  ചെലവ് കുറഞ്ഞ സംവിധാനമാണെന്നത് ഈ സാങ്കേതിക വിദ്യയെ ആകർഷകമാക്കുന്നു. മാലിന്യം പോഷകമാക്കി മാറ്റുന്നുവെന്നതും പ്രധാനപ്പെട്ട കാര്യമാണ്'- എം.എ.എച്ച്.വൈ ഖൂറി ആൻഡ് കമ്പനി ചെയർമാൻ സലാഹുദ്ദീൻ ഷെറാഫി പറഞ്ഞു.

 പദ്ധതിയുടെ മേന്മകൾ

കുറഞ്ഞ ഭൂമി ഉപയോഗം- റാക്കിംഗ് സംവിധാനം ഉപയോഗിച്ച് കുറഞ്ഞ ഭൂമിയുടെ കാര്യക്ഷമമായ ഉപയോഗം.

അതിവേഗ സംസ്‌കരണ ചക്രം- പരമ്പരാഗത രീതികളെ അപേക്ഷിച്ച് പത്ത് ദിവസത്തിനകം ജൈവമാലിന്യങ്ങളെ കമ്പോസ്റ്റ് ആക്കാം.

മാലിന്യദ്രവം (ലീച്ചേറ്റ്) ഇല്ല  - പരിസ്ഥിതി സൗഹാർദ്ദവും ശുചിത്വവും ഉറപ്പുനൽകുന്നു.

കുറഞ്ഞ മൂലധന നിക്ഷേപം- കുറഞ്ഞ ചിലവിൽ ഫലപ്രദമായ മാലിന്യ സംസ്‌കരണ സംവിധാനം.

സുസ്ഥിരതയും വിഭവങ്ങളുടെ വീണ്ടെടുപ്പും- മാലിന്യത്തിൽ നിന്ന് പ്രൊട്ടീൻ എന്ന ആശയം പിന്തുടരുന്ന ഈ സംവിധാനം ജൈവമാലിന്യങ്ങളിൽ നിന്നും മൂല്യമുള്ള പോഷകങ്ങൾ വീണ്ടെടുക്കുന്നു. 

കൊച്ചി നഗരപരിധിയിലെ ഭക്ഷ്യമാലിന്യം സംസ്‌കരിക്കാനുള്ള പദ്ധതിയെന്ന നിലയിലാണ് ഫാബ്കോ ബയോ സൈക്കിൾ ആരംഭിച്ചതെന്ന് ഫാബ്കോ ഡയറക്ടർമാരായ പി.വി നിയാസ്, പി.എ ലത്തീഫ് പറഞ്ഞു. 'ഇതിനകം 12,000 ടൺ മാലിന്യം കൈകാര്യം ചെയ്തു. ഒരു ദിവസം അമ്പത് ടൺ മാലിന്യം സംസ്‌കരണ കേന്ദ്രത്തിൽ എത്തിച്ചു പൊടിച്ച് ബ്ലാക്ക് സോൾജിയർ ഫ്ളൈ എന്ന ലാർവ ഉപയോഗിച്ച് മാറ്റുന്നു. സംസ്‌കരണത്തിന് വളരെ കുറച്ച് സ്ഥലം മാത്രം മതിയെന്നതാണ് ഇതിന്റെ പ്രത്യേകത. ഈ മാലിന്യം സംസ്‌കരിച്ചു മൂല്യവർധിത ഉൽപ്പന്നമായ പോഷകമാക്കി മാറ്റുന്നു. അതോടൊപ്പം ഏറ്റവും നല്ല വളവും ഇതിൽ നിന്ന് ഉൽപാദിപ്പിക്കുന്നു. ഫ്രാസ് എന്നാണ് ഈ വളത്തിന് പറയുന്നത്. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ മാലിന്യം കൈകാര്യം ചെയ്യുന്ന ഒരു രീതിയാണ് ഇത്. ഇന്ത്യയിലെ തന്നെ ആദ്യ പദ്ധതിയാണ് ഇത്. ഇത്രയധികം അളവിൽ മാലിന്യം സംസ്‌കരിക്കുന്ന മറ്റൊരു പദ്ധതിയും ഇവിടെയില്ലെന്നും അവർ പറഞ്ഞു.  

നഗര മാലിന്യ സംസ്‌കരണ രംഗത്ത് അന്താരാഷ്ട്ര സഹകരണത്തിന്റെ സാധ്യത അടിവരയിടുന്നതാണ് ദുബൈ പ്രതിനിധിസംഘത്തിന്റെ സന്ദർശനം. ജനസംഖ്യ കൂടുതലുള്ള നഗരപ്രദേശങ്ങളിലെ മാലിന്യ സംസ്‌കരണത്തിൽ വിപ്ലവകരമായ മാറ്റം വരുത്താൻ ഈ സാങ്കേതിക വിദ്യയ്ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 

കൊച്ചിയിലെ വിജയത്തിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരിൽ  പ്രതിദിനം 500 ടണ്ണിന്റെ മാലിന്യ സംസ്‌കരണം നടത്തുന്നതിനുള്ള പദ്ധതിക്ക്  കമ്പനി ആരംഭിച്ചിരിക്കുകയാണ്.

PHOTO CAPTION: യു.എ.ഇയിലെ എം.എ.എച്ച്.വൈ ഖൂറി ആൻഡ് കമ്പനി പ്രതിനിധികളായ ഷബ്ബീർ ഹൈദരി, ഹുസൈഫ റംഗ്വാല, ചെയർമാൻ സലാഹുദ്ദീൻ ഷെറാഫി എന്നിവർ ബ്രഹ്‌മപുരത്തെ ഫാബ്കോ മാലിന്യസംസ്‌കരണശാല സന്ദർശിക്കുന്നു. ഫാബ്കോ ഡയറക്ടർമാരായ പി വി നിയാസ്, പി എ ലത്തീഫ് എന്നിവർ പ്രവർത്തനരീതികൾ വിശദീകരിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img