
ചെങ്ങന്നൂർ .ക്രിസ്ത്യൻ കോളജിലെ ജന്തുശാസ്ത്ര വിഭാഗത്തിന്റെയും ഭൂമിത്രസേന ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ സഹകരണത്തോടെ ആകാശദ്വീപുകളുടെ ഭാവി: ഉയരം കൂടിയ ആവാസവ്യവസ്ഥകളും അവയുടെ സംരക്ഷണത്തിന്റെ അനിവാര്യതയും
എന്ന വിഷയത്തിൽ ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു. കേരള സംസ്ഥാന റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി അംഗവും മുൻ ഡി. ജി. പി. യുമായ ഡോ. ബി. സന്ധ്യ ഐ. പി. എസ്. സെമിനാർ ഉദ്ഘാടനം ചെയ്തു. ഒറ്റപ്പെട്ട ആവാസവ്യവസ്ഥകൾ ആയതിനാൽ, ജീവിവർഗ്ഗങ്ങളുടെ പരിണാമം, വർഗ്ഗരൂപീകരണം എന്നിവയെക്കുറിച്ച് പഠിക്കാൻ ഏറ്റവും അനുയോജ്യമായ സ്വാഭാവിക പരീക്ഷണശാലകളാണ് ആകാശദ്വീപുകൾ എന്നും കാലാവസ്ഥാ പ്രതിസന്ധി വർധിച്ചു വരുന്ന സാഹചര്യത്തിൽ അവയുടെ സംരക്ഷണം ഉറപ്പുവരുത്തണം എന്നും മുഖ്യപ്രഭാഷണത്തിൽ ഡോ. ബി. സന്ധ്യ അഭിപ്രായപ്പെട്ടു.
ഈ മേഖലയിലെ പഠന ഗവേഷണ പ്രവർത്തനങ്ങളിലൂടെ നിർണ്ണായക സംഭാവനകൾ നൽകിയിട്ടുള്ള തിരുപ്പതി ഐസറിലെ ശാസ്ത്രജ്ഞനായ ഡോ. വി. വി. റോബിൻ, കാലിക്കറ് സർവകലാശാലയിലെ ഡോ. സന്ദീപ് ദാസ്, ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിയിലെ ഡോ. കലേഷ് സദാശിവൻ, മൂന്നാർ മേഖലയിലെ വിവിധ ആകാശദ്വീപുകൾ ഉൾപ്പെടുന്ന വന്യജീവിസങ്കേതങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരായ പി. എം. പ്രഭു , എസ്. വി. വിനോദ് എന്നിവർ വിവിധ സെഷനുകൾ നയിച്ചു. വിവിധ ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുള്ള ഗവേഷകരും, അദ്ധ്യാപകരും, വിദ്യാർത്ഥികളും, സർക്കാരിതര സംഘടനകളിലെ അംഗങ്ങളും സെമിനാറിൽ പങ്കെടുത്തു. പ്രിൻസിപ്പാൾ പ്രൊഫ . ഡോ. എബ്രഹാം എ. അധ്യക്ഷത വഹിച്ച ചടങ്ങിൽ സുവോളജി വകുപ്പ് മേധാവി ഡോ. ആനീസ് ജോസഫ്, ബോട്ടണി വകുപ്പ് മേധാവി ഡോ. അൽക്ക ഇ. വർഗീസ്, സെമിനാർ കോർഡിനേറ്റർ ഡോ. ആർ. അഭിലാഷ്, ജൈവവൈവിധ്യ ബോർഡ് ആലപ്പുഴ ജില്ല കോർഡിനേറ്റർ ശ്രുതി ജോസ് എന്നിവർ സംസാരിച്ചു.
ആകാശദ്വീപുകളെ അടിസ്ഥാനമാക്കിയുള്ള ഫോട്ടോ പ്രദർശനവും ഇതോടൊപ്പം ക്രമീകരിച്ചിരുന്നു.











